വേങ്ങത്താനം വിശേഷങ്ങള്‍

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പോകാൻ കഴിയുന്ന, കാഴ്ചയില്‍ അല്‍പ്പം വെള്ളവും അപകടസാധ്യതയേറെയുമുള്ള അരുവിയാണ് വേങ്ങത്താനം. മൂന്ന് ലെയർ ആയിട്ടുള്ള വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രത്യേകത. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും 10 km സഞ്ചരിച്ചു ചേന്നാട് മാളികയില്‍ നിന്ന് ഒന്നര കിലോമീറ്ററോളം ജീപ്പ് റോഡിലൂടെ വേണം ഇവിടെയെത്താന്‍.

ഒരു ദിവസം അച്ഛന്റെ ശിഷ്യനായ “പ്രസാദ്” ചേട്ടൻ ഫ്രീ ആയപ്പോളാണ് നാട്ടിൽ തന്നെയുള്ള ഈ വെള്ളച്ചാട്ടം കാണാൻ പോകാൻ പ്ലാൻ ചെയ്യുന്നത്. കാരണം ചേട്ടന്റെ വീടിനടുത്താണ് ഈ വെള്ളച്ചാട്ടം. വളരെ അപകടകാരിയായി പേരെടുത്തത് കൊണ്ട് പ്രദേശവാസിയായ ഒരാൾ കൂടെയില്ലാതെ പോകുന്നത് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു. ശാന്തമായ ചെറിയ നീരൊഴുക്ക് മാത്രമാണെങ്കിലും ചെരിഞ്ഞ പാറകള്‍ അപകടം വരുത്തുന്നതാണ്. വഴുക്കലുള്ള പാറയില്‍ കയറി തെന്നിയാല്‍ 250 അടിയോളം താഴ്ചയിലേക്കാണ് വീഴുന്നത്. ആവശ്യമായ സുരക്ഷയില്ലാത്തതിനാല്‍ വിനോദസഞ്ചാരികളെ നാട്ടുകാര്‍ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്. അച്ഛനും ഞാനും പ്രസാദ് ചേട്ടനും ഹസും സിസ്റ്ററും അങ്ങനെ ഞങ്ങൾ 5 പേർ യാത്രക്കിറങ്ങി.

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാണ് യാത്ര തുടങ്ങിയത്. മാളികയെത്തി കാർ ഒതുക്കി. ഇനി കാൽനട യാത്രയാണ്.. അതും കുത്തനെ ഇറക്കമുള്ള റബ്ബർ തോട്ടത്തിലൂടെ. പൂഞ്ഞാർകാരിയായ കാട്ടിലൂടെയും കല്ലിലൂടെയും നടന്നു ശീലമുള്ള ഞാനും ആ നടത്തം ഇത്ര ഭീകരമാകുമെന്നു കരുതിയില്ല. അത് മാത്രമാണ് ഈ യാത്രയിൽ എന്നെ വലച്ചത്.

ആദ്യം തന്നെ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴ്ഭാഗത്തേക്കാണ് പോയത്.. മുകളിൽ നിന്ന് കുത്തനെ വീഴുന്ന വെള്ളം താഴെ പാറയിലൂടെ വീണ്ടും സഞ്ചരിച്ചു ഒരു കുഴിയിലേക്ക് എന്നത് പോലെ വീഴുന്നു. ഒറ്റ നോട്ടത്തിൽ വെള്ളച്ചാട്ടത്തിന്റെ തൊട്ട് താഴെ വരെ ഓടിക്കയറാൻ പറ്റുമെന്ന് കരുതി. അടുത്ത് ചെന്നപ്പോളല്ലേ വെള്ളം വീണ് മിനുസമായ ചെരിഞ്ഞ പാറക്കെട്ടാണ്.. അള്ളിപ്പിടിച്ചു കയറുമ്പോൾ കാൽ സ്ലിപ് ആയാലോ ശരീരത്തിന്റെ ബാലൻസ് പോയാലോ ചെന്ന് വീഴുന്നത് ഏറ്റവും താഴെ ആ കുഴിയിലേക്കാവും. എന്നാലും ഞങ്ങൾ കയറി. കയറിയതിനേക്കാൾ റിസ്ക് ആയിരുന്നു തിരിച്ചിറങ്ങാൻ.

മഴക്കാലത്ത് ഈ പാറ മുഴുവൻ വെള്ളമായിരിക്കുമെന്നും അപ്പോൾ വെള്ളച്ചാട്ടത്തിന്റെ എഫക്ട് കാരണം മുകളിലെ റോഡിൽ പോലും സൗണ്ട് കേൾക്കാമെന്നും പ്രസാദ് ചേട്ടൻ പറഞ്ഞു. അവിടെനിന്നു വീണ്ടും മുകളിലെത്തി. ഇനിയാണ് ശരിക്കും അരുവിയുടെ ഭാഗത്ത്‌ എത്തുന്നത്. മൂന്ന് ലെയർ വെള്ളച്ചാട്ടത്തിലെ അവസാന ഭാഗമാണ് ഞങ്ങൾ ആദ്യം കണ്ടത്.

മുകളിലെത്തിയ ഞങ്ങൾ ശരിക്കും അമ്പരന്നു പോയി. താഴെ കണ്ടതിന്റെ പത്തിലൊന്നു പോലും വെള്ളമില്ല അരുവിയിൽ. അങ്ങനൊരു വെള്ളച്ചാട്ടം ഉണ്ടെന്ന് പോലും തോന്നാത്ത വിധം കണ്ടാൽ ഒരു കൈത്തോട് പോലെ തോന്നും. മുകളിലെ ആദ്യ ലെയറിൽ വേണമെങ്കിൽ ഇറങ്ങി കുളിക്കാൻ കഴിയും. പക്ഷെ രണ്ടാമത്തെ ലെയർ അവിടെ നിന്ന് കാണാനേ കഴിയൂ.. വെരി ഡേഞ്ചറസ്… നിങ്ങൾക്ക് ഫോട്ടോകൾ കാണുമ്പോൾ മനസിലാകും.

അവിടെ നിന്ന് സൈഡിലെ റബർ തോട്ടത്തിലൂടെ പോയാൽ ഒരു മലയിലേക്കെത്താം.. കോതചാടിപ്പാറ എന്നാണ് പേര്.. അതിന്റെ പിന്നിൽ രസകരമായ ഒരു കഥയുണ്ട്. പണ്ട് മലയരയന്മാർ വസിച്ചിരുന്ന സ്ഥലമായിരുന്നത്രെ. ഒരു ഭർത്താവും ഭാര്യയും കുടുംബകലഹത്തെ തുടർന്ന് ഭാര്യയായ കോത മുറം മറയാക്കിപ്പിടിച്ചു ഈ മലയിൽ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് ചാടി ആത്മഹത്യ ചെയ്തുവത്രേ. അങ്ങനെയാണ് കോത ചാടിപ്പാറ എന്ന പേര് വന്നത്..

എന്തായാലും ആ മലമുകളിലെ കാറ്റും പ്രകൃതിയുടെ കാഴ്ചയും പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ ആണ് തന്നത്.. മലയിലേക്ക് പോകുമ്പോൾ വലിയൊരു ഒറ്റക്കൽ ഗുഹയും കാണാം.. പണ്ട് ഏതോ വനരാജന്റെ കൊട്ടാരമായിരുന്നിരിക്കണം.. ഇപ്പോൾ അവിടെ മുപ്ലി വണ്ട് കയ്യേറി താമസമാണ്. അവിടെ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന്റെ മുകളിലെത്തിയപ്പോൾ നല്ല ഒന്നാതരം ഒരു സീൻ.. നമ്മുടെ സൂര്യന്റെ വക.. ഇന്നത്തെ എന്റെ ഡ്യൂട്ടി കഴിഞ്ഞു.. നാളെ കാണാമെന്നു പറഞ്ഞു ടാറ്റാ തരുന്നു.. ഒന്നും നോക്കിയില്ല അപ്പോൾ തന്നെ അത് ക്യാമറയിലാക്കി… ഒരു യാത്ര പറച്ചിലല്ലേ…

വീണ്ടും റബർ തോട്ടത്തിലൂടെ നടക്കുമ്പോൾ പഴയ കാലത്തെ കുറെയധികം ലയങ്ങൾ അല്പം ഭീകരത സൃഷ്ടിച്ചു… കൂടെ ചീവിടിന്റെ നാദസ്വരവും ഇരുട്ടും ആയപ്പോൾ ആ സീൻ ഒരു ഹൊറർ ചിത്രത്തിലേത് പോലെ തോന്നിച്ചു.

തിരികെയുള്ള യാത്രയിൽ ഞാൻ ഓർത്തത്… ഇന്നും നമ്മുടെ പ്രകൃതി എത്രയോ വിഭവങ്ങൾ നമുക്കായി സൂക്ഷിച്ചിരിക്കുന്നു.. അവയൊന്നും വേണ്ടവിധം ഉപയോഗപ്പെടുത്താതെ രാഷ്ട്രീയം കളിച്ചു തമ്മിലടിച്ചു തീർക്കുന്ന വിഡ്ഢികളാണല്ലോ നാം .

NB : ഇവിടം സന്ദർശിക്കാൻ മഴക്കാലം തീരെ അനുയോജ്യമല്ല