Destinations

ഇരവികുളം മുതല്‍ പെരിയാര്‍ വരെ…കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ

ജൈവ സമ്പത്തിന്റെയും പ്രകൃതി ഭംഗിയുടെയും കാര്യത്തില്‍ ദൈവം നേരിട്ട് തിരഞ്ഞെടുത്ത് മാറ്റിനിര്‍ത്തിയ നാടെന്ന് കേരളത്തെ വിശേഷിപ്പിക്കാം. പശ്ചിമഘട്ടവും വനങ്ങളും കുന്നും മലകളും 44 നദികളും ഒക്കെയായി ഹരിത പൂങ്കാവനമാണ് നമ്മുടെ കേരളം. ആവോളം ആസ്വദിക്കുവാനും അടിച്ചു പൊളിച്ചു നടക്കുവാനും വേണ്ടതെല്ലാം 14 ജില്ലകളിലായി ഇവിടെയുണ്ട്. ചരിത്രമോ സംസ്‌കാരമോ പ്രകൃതി ഭംഗിയോ എന്തു തന്നെയായാലും അതിനെല്ലാം വേണ്ടത് ഇവിടെയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഈ കൂടെ ഒരിക്കലും വിട്ടു പോകുവാന്‍ പാടില്ലാത്ത ഒന്നുകൂടി ഇവിടെയുണ്ട്. നമ്മുടെ ദേശീയോദ്യാനങ്ങള്‍. ആകെ വിസ്തൃതിയുടെ 28 ശതമാനവും വനപ്രദേശമുള്ള ഇവിടുത്തെ ദേശീയോദ്യാനങ്ങള്‍ തീര്‍ച്ചായയും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. കേരളത്തിലെ ദേശീയോദ്യാനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം…


ദേശീയോദ്യാനമെന്നാല്‍

സംരക്ഷിത പൊതു വിഹാര മേഖലകളാണ് ദേശീയോദ്യാനം എന്നറിയപ്പെടുന്നത്. ഒരു പ്രത്യേക പ്രദേശത്തെ ആവാസ വ്യവസ്ഥ, വന്യജീവികള്‍, സസ്യജാലങ്ങള്‍ തുടങ്ങിയവയെ ഭരണകൂടത്തിന്റെ ചുമതലയില്‍ സംരക്ഷിക്കുന്ന ഇടമാണ് ദേശീയോദ്യാനം.

കേരളത്തിലെ ദേശീയോദ്യാനങ്ങള്‍

ആകെ വിസ്തൃതിയുടെ 28 ശതമാനവും വനപ്രദേശമുള്ള കേരളത്തില്‍ 7 ദേശീയോദ്യാനങ്ങളാണുള്ളത്. ആനമുടി ചോല ദേശിയോദ്യാനം,ഇരവികുളം ദേശീയോദ്യാനം, കരിമ്പുഴ ദേശീയോദ്യാനം,പാമ്പാടുംചോല ദേശിയോദ്യാനം, പെരിയാര്‍ ദേശീയോദ്യാനം, മതികെട്ടാന്‍ ചോല ദേശീയോദ്യാനം, സൈലന്റ്വാലി ദേശീയോദ്യാനം എന്നിവയാണ് കേരളത്തിലെ ദേശീയോദ്യാനങ്ങള്‍.

ആനമുടി ചോല ദേശിയോദ്യാനം

ഇടുക്കിയുടെ പടിഞ്ഞാറന്‍ ചുരങ്ങളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ആനമുടിചോല ദേശീയോദ്യാനം വ്യത്യസ്തമായ ആവാസ വ്യവസ്ഥകളാല്‍ സമ്പന്നമാണ്. പശ്ചിമ ഘട്ടത്തോടൊപ്പം സംരക്ഷിക്കപ്പെടുന്ന ഇതിന് 7.5 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണ്ണം. 2004-ലാണ് ആനമുടിച്ചോല ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടത്. കേരള വനംവകുപ്പിന്റെ മൂന്നാര്‍ ഡിവിഷനു കീഴിലാണ് ഇത് സംരക്ഷിക്കപ്പെടുന്നത്.

ഇരവികുളം ദേശീയോദ്യാനം

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തില്‍ സ്ഥാപിക്കപ്പെട്ടെ ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. 97 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഇവിടം പശ്ചിമഘട്ടത്തിന്റെ ചെരുവില്‍ 2000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം എന്ന ബഹുമതിയും ഇതിനുണ്ട്. വരയാട്, സിംഹവാലന്‍ കുരങ്ങ് ഉള്‍പ്പെടെ വിവിധ ഇനം കുരങ്ങുകള്‍, മാന്‍, കാട്ടുപോത്ത് തുടങ്ങിയ ജീവികള്‍ ഇവിടെയുണ്ട്. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

കരിമ്പുഴ ദേശീയോദ്യാനം

കേരളത്തിലും തമിഴ്‌നാട്ടിലുമായി സ്ഥിതി ചെയ്യുന്ന മറ്റൊരു ദേശീയോദ്യാനമാണ്കരിമ്പുഴ ദേശീയോദ്യാനം. നീലഗിരി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഇതിന്റെ വിസ്തൃതി 230 ചതുരശ്രകിലോമീറ്ററാണ്.

മതികെട്ടാന്‍ ചോല

ദേശീയോദ്യാനം അത്യപൂര്‍വ്വമായ ചോലപ്പുല്‍മേട് ആവാസ വ്യവസ്ഥ കാണപ്പെടുന്ന മതികെട്ടാന്‍ ചോല ദേശീയോദ്യാനം കേരളത്തിലെ പ്രശസ്തമായ ഒരിടമാണ്. കയ്യേറ്റങ്ങള്‍കൊണ്ടും ഒഴിപ്പിക്കലുകള്‍ കൊണ്ടും ഒരു കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിറഞ്ഞു നിന്നിരുന്ന പ്രദേശമാണിത്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലെ പൂപ്പാറ വില്ലേജില്‍പ്പെട്ട 12.817 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഈ ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്നത്. 2003 നവംബര്‍ 21 നാണ് ഈ പ്രദേശം ദേശിയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

പാമ്പാടുംചോല ദേശീയോദ്യാനം

മൂന്നാറില്‍ നിന്നും വട്ടവടയിലേക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്ന പാമ്പാടുംചോല ദേശീയോദ്യാനം സാഹസികരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ്. 2003 ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട പാമ്പാടുംചോല കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനങ്ങളിലൊന്നാണ്. വെറും 1.318 ചതുരശ്ര കിലോമീറ്റര്‍ ആണ് അതിന്‍രെ വിസ്തൃതി. മൂന്നാറിലെ മറയൂര്‍ വില്ലേജിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം. മൂന്നാറില്‍ നിന്നും വട്ടവടയിലേക്കുള്ള വഴിയില്‍ 35 കിലോമീറ്റര്‍ അകലെയാണ് പാമ്പാടുംചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. കൊച്ചിയില്‍ നിന്നും 135 കിലോമീറ്ററും കോട്ടയത്തു നിന്നും 148 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കൊച്ചി-കൊടൈക്കനാല്‍ പാത കടന്നു പോകുന്നതും ഇതു വഴിയാണ്.

പെരിയാര്‍ നാഷണല്‍ പാര്‍ക്ക്

കേരളത്തിലെ ആദ്യ വന്യജീവി സംരക്ഷണ കേന്ദ്രമാണ് പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം. ആന സംരക്ഷണ കേന്ദ്രവും കടുവാ സംരക്ഷണ കേന്ദ്രവും കൂടിയാണ് ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പെരിയാര്‍. കോര്‍ സോണ്‍, ടൂറിസം സോണ്‍, ബഫര്‍ സോണ്‍ എന്ന മൂന്നു ഭാഗങ്ങളാണ് ഇതിനുള്ളത്.

സൈലന്റ് വാലി ദേശീയോദ്യാനം

സൈലന്റ്വാലിയേക്കുറിച്ച് കേട്ടറിഞ്ഞിട്ടുള്ള ഏതൊരാളും അവിടെ പോകാന്‍ ആഗ്രഹിക്കാതിരിക്കില്ലാ. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല. സൈരന്ധ്രി വനം എന്നറിയപ്പെടുന്ന ഇവിടം പശ്ചിമ ഘട്ടത്തിലെ ഏറ്റവും പരിസ്ഥിതി പ്രാധാന്യമുള്ള ഇടം കൂടിയാണ്. 89 ചതുരശ്ര കിലോമീറ്റര്‍ മാത്രമേ വിസ്തീര്‍ണ്ണമുള്ളുവെങ്കിലും നീലഗിരി ജൈവമേഖലയുടെ കാതല്‍ പ്രദേശമാണിത്. 70 ലക്ഷം വര്‍ഷങ്ങളുടെ പഴക്കം ഈ പ്രദേശത്തിനുണ്ട് എന്നാണ് വിശ്വാസം.