India

ലൈവ് റോക്കറ്റ് ലോഞ്ചിംഗ് കാണാം..സൗജന്യമായി

ഭൂമിയില്‍ നിന്നും ആകാശത്തേയ്ക്ക് പറന്നുയരുന്ന റോക്കറ്റുകളെ കണ്ട് അതിശയിക്കാത്തവരായി ആരും കാണില്ല. ചൂട്ടു കത്തിച്ചു വിടുന്ന റോക്കറ്റുകളെന്നും കണ്ണുകിട്ടാതിരിക്കുവാന്‍ നാരങ്ങയും പച്ചമുളകും കെട്ടിയിടുന്നു എന്നുമൊക്കെ കഥകള്‍ ഉണ്ടാക്കി ചിരിക്കുമെങ്കിലും ഇതൊന്ന് നേരിട്ട് കാണണമെന്നും എന്താണ് എങ്ങനെയാണ് ഇതൊക്കെ നടക്കുന്നതെന്ന് അറിയണമെന്നും മിക്കവരും ആഗ്രഹിച്ചിട്ടുണ്ടാവും. എന്നാല്‍ ആശയുണ്ടെങ്കിലും ഒരു വഴിയുണ്ടായിരുന്നില്ല എന്താണ് യാഥാര്‍ഥ്യം. ഇവിടുന്ന് റോക്കറ്റുകളും ഉപഗ്രഹങ്ങളും ഒക്കെ മുകളിലേക്ക് കുതിച്ചുയരുന്ന കാഴ്ചകള്‍ ടിവിയില്‍ കണ്ട് കൊതിതീര്‍ത്തിരുന്ന കാഴ്ചകള്‍ ഇതാ നേരില്‍ കാണാനൊരു അവസരം. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ചെയ്യുന്ന സതീശ് ധവന്‍ ബഹിരാകാശ കേന്ദ്രം പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് റോക്കറ്റ് ലോഞ്ചിംഗിന്റെ നേര്‍ കാഴ്ചകളാണ്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ നാള്‍വഴികളില്‍ മുന്നില്‍ നില്‍ക്കുന്ന സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റയും ഇവിടുത്തെ കാഴ്ചകളുടെയും വിശേഷങ്ങള്‍…

സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്റര്‍

ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് സതീശ് ധവന്‍ ബഹിരാകാശ കേന്ദ്രം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ അഥവാ ഐ.എസ്.ആര്‍.ഓ. കീഴിലാണ് ഈ വിക്ഷേപണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഐഎസ്ആര്‍ഒയുടെ മുന്‍ ചെയര്‍മാനായിരുന്ന സതീശ് ധവാന്റെ സ്മരണയ്ക്കായാണ് ഇതിന് ഈ പേരു നല്കിയിരിക്കുന്നത്.


എവിടെയാണിത്?

ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ ഒരു ദ്വീപാണ് ശ്രീഹരിക്കോട്ട. ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ തീരത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ശ്രീഹരിക്കോട്ട ചെന്നൈയില്‍ നിന്നും 83 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ശ്രീഹരിക്കോട്ടയെ കരയുമായി ബന്ധിപ്പിക്കുന്നത് തടാകത്തിലൂടെയുള്ള റോഡാണ്.

രോഹിണി മുതല്‍

ഭാരമേറിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമാണ് സതീശ് ധവാന്‍ സ്‌പേസ് സെന്റര്‍. 1979 ഓഗസ്റ്റ് 10 നാണ് ഇവിടെ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിക്കുന്നത്. രോഹിണി എന്ന ഉപഗ്രഹവുമായി പൊങ്ങിയ പി.എസ്.എല്‍.വി.-3 ആയിരുന്നു അത്. PSLV-C45 ആണ് ഇവിടെ നിന്നും ഏറ്റവും പുതുതായി വിക്ഷേപണം നടത്തിയത്. 2019 മേയ് 22 നായിരുന്നു അത്.

പൊതുജനങ്ങള്‍ക്കും കാണാം

ഒരിക്കലെങ്കിലും റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണണം എന്നാഗ്രഹിക്കുന്നവര്‍ക്കുള്ള സന്തോഷവാര്‍ത്തയാണിത്. ഏതൊരു ഇന്ത്യന്‍ പൗരനും ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണം ഇവിടുത്തെ ഗ്യാലറിയിലിരുന്ന് നേരിട്ട് കാണുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വെളുപ്പിനെ 3 മുതല്‍ 5 വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശിക്കുവാന്‍ കഴിയുക. റോക്കറ്റ് വിക്ഷേപിക്കുന്ന സമയത്തിനനുസരിച്ച് ഇതില്‍ മാറ്റം വന്നേക്കാം

പാസ് എടുക്കാം

റോക്കറ്റ് വിക്ഷേപണ കാഴ്ചകള്‍ നേരിട്ട് കാണമെങ്കില്‍ ഔദ്യോഗിക സൈറ്റില്‍ കയറി മുന്‍കൂട്ടി ബുക്ക് ചെയ്യണം. അടുത്ത റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ 5 ദിവസം മുന്നേ shar.gov.in എന്ന സൈറ്റില്‍ കയറി സൗജന്യമായി ബുക്ക് ചെയ്യാം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് ഈ സൗകര്യമുള്ളത്.

എത്തിച്ചേരുവാന്‍

ശ്രീഹരിക്കോട്ട ഒരു ദ്വീപാണെന്ന് പറഞ്ഞല്ലോ… മാത്രമല്ല തന്ത്ര പ്രധാന ഇടങ്ങളിലൊന്നായതിനാല്‍ ഇവിടേക്ക് എത്തിച്ചേരുക എന്നത് അത്ര എളുപ്പമല്ല. ശ്രീഹരിക്കോട്ടയ്ക്ക് സമീപത്തുള്ള പ്രധാന പട്ടണം സുല്ലുരുപേട്ടയാണ്. ഇവിടെനിന്നും 18 കിലോമീറ്റര്‍ ഉണ്ട് ശ്രീഹരിക്കോട്ടയിലേക്ക്. നെല്ലൂരിലേക്കുള്ള ഹൈവിയിലാണ് സുല്ലുരുപേട്ട സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ നിന്നും നെല്ലൂരിലേക്കുള്ള ബസ് കയറി സുല്ലുരുപേട്ടയില്‍ ഇറങ്ങുക. ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം ഓട്ടോയില്‍ സഞ്ചരിച്ചാല്‍ ശ്രീഹരിക്കോട്ടയിലേക്ക് ബസ്, ഷെയര്‍ ഓട്ടോ, ജീപ്പ് ഒക്കെ കിട്ടുന്ന സ്ഥലത്തെത്താം. ഇവിടെ എത്തിയാല്‍ ശ്രീഹരിക്കോട്ടയിലേക്ക് പോകാം. റോക്കറ്റ് വിക്ഷേപണത്തിന് വരുന്ന കാഴ്ചക്കാര്‍ക്ക് വേണ്ടി രാവിലെ രണ്ടര മുതല്‍ 4 വരെ ആന്ധ്ര ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസ് സുല്ലുരുപേട്ട മുതല്‍ ശ്രീഹരിക്കോട്ടയിലേക്കും 6 മണിമുതല്‍ തിരിച്ചും സര്‍വ്വീസ് നടത്തും. ബസ് സമയവും മറ്റും മുന്‍കൂട്ടി അന്വേഷിച്ച് യാത്ര ചെയ്യാന്‍ ശ്രദ്ധിക്കുക. നെല്ലൂരില്‍ നിന്നും 96 കിമീ, തിരുപ്പതിയില്‍ നിന്നും 79 കിമീ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ സുല്ലുരുപേട്ടയിലാണ്.

ഇവിടെ എത്തിയാല്‍

തലേദിവസം തന്നെ എത്തിച്ചേരുന്നതായിരിക്കും നല്ലത്. സ്വന്തമായി വാഹനം ഉണ്ടെങ്കില്‍ പുലര്‍ച്ചെ വരാം. എപ്പോള്‍ വന്നാലും പുലര്‍ച്ചെ മൂന്നു മണി മുതല്‍ മാത്രമേ റോക്കറ്റ് വിക്ഷേപണം കാണാനുള്ള ഗ്യാലറിയിലേക്കു പോകുവാന്‍ അനുമതിയുള്ളൂ. എന്നാല്‍ ശ്രീഹരിക്കോട്ടയില്‍ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവിടെ താമസ സൗകര്യം കിട്ടും. അങ്ങനെ വരുന്നവര്‍ക്ക് അവര്‍ അതിനുള്ള പാസ് റെഡിയാക്കി കൊടുക്കും .. അ പാസ് ഉണ്ടെങ്കില്‍ മാത്രമേ ശ്രീഹരിക്കോട്ടയുടെ അകത്തേക്ക് പ്രവേശിക്കാന്‍ പറ്റുകയുള്ളു. ബാഗ്, പാസ് അടക്കം എല്ലാം ചെക്ക് ചെയ്തതിനുശേഷം മാത്രമേ അകത്തേക്ക് വിടു. ഇവിടെനിന്നും 2 കിമീ ഉണ്ട് ഗ്യാലറിയിലേക്ക്.. അവരുടെ തന്നെ ബസ് സര്‍വീസില്‍ സൗജന്യമായി ഗാലറിക്കുള്ളെത്താം.

ശ്രദ്ധിക്കുവാന്‍

ഇവിടേക്ക് യാത്ര പോകുമ്പോള്‍ അത്യാവശ്യം വേണ്ടുന്ന ഭക്ഷണം, വെള്ളം തുടങ്ങിയ സാധനങ്ങള്‍ കരുതുക. സുല്ലുരുപേട്ടയില്‍ നിന്നും ഇവ വാങ്ങാം. കൃത്യമായ തിരിച്ചറിയല്‍ രേഖകളും മറ്റും കയ്യില്‍ സൂക്ഷിക്കുക.

പുളിക്കാട്ട്

ശ്രീഹരിക്കോട്ടയിലേക്ക് പോകുന്ന വഴിയില്‍ വേറെയും ദ്വീപുകള്‍ കാണാം. അതിലൊന്നാണ് പുളിക്കാട്ട്. പക്ഷിസങ്കേതവും മനോഹരമായ കാഴ്ചകളുമാണ് ഇവിടുത്തെ ആകര്‍ഷണം.