Kerala

ബേക്കല്‍ കോട്ട നിര്‍മ്മിച്ച ഇക്കേരി വംശത്തിന്റെ യഥാര്‍ഥ കഥയും ചരിത്രവും ഇതാ

കര്‍ണ്ണാടകയുടെ ചരിത്രയിടങ്ങള്‍ തേടിയുള്ള യാത്രയില്‍ മിക്കപ്പോഴും കടന്നു വരിക ഹംപിയും ബദാമിയും പട്ടടയ്ക്കലും മൈസൂരും ഒക്കെയാണ്. മല്‍നാടിന്റെ ഭംഗിയില്‍ പുരാതന ക്ഷേത്രങ്ങളും വിട്ടുപോകരുതാത്ത ചരിത്ര കഥകളുമായി നില്‍ക്കുന്ന ഇക്കേരി ഹംപിയോടും ബദാമിയോടും ഒപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരിടമാണ്. കോലഡിയിലെ നായ്കന്മാരുടെ കേന്ദ്രമായിരുന്ന ഇക്കേരിയ്ക്ക് നമ്മുടെ നാടുമായും ബന്ധങ്ങളുണ്ട്. ഇക്കേരിയുടെ വിശേഷങ്ങളിലേക്ക്…

ഇക്കേരി

കര്‍ണ്ണാടകയുടെ ചരിത്രത്തിലെ മാറ്റി വയ്ക്കുവാന്‍ പറ്റാത്ത ഇടമായ ഇക്കേരി എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട നാട് കൂടിയാണ്. ഷിമോഗ ജില്ലയില്‍ സാഗര്‍ എന്ന സ്ഥലത്തിനടുത്താണ് ധീര യോദ്ധക്കന്മാരുടെ ചോരവീണ കഥപറയുന്ന ഇക്കേരി സ്ഥിതി ചെയ്യുന്നത്. ഇക്കേരി എന്നാല്‍ കന്നഡ ഭാഷയില്‍ ഇക്കേരി എന്ന വാക്കിനര്‍ഥം രണ്ട് തെരുവുകള്‍ എന്നാണ്.

ഇക്കേരി നായ്ക്കന്മാര്‍

ഒരു കാലത്ത് ഇവിടുത്തെ പ്രഹലരായ ഭരണാധികാരികളായിരുന്നു ഇക്കേരി നായ്ക്കന്മാര്‍. മധ്യകാലഘട്ടത്തില്‍ കര്‍ണ്ണാടക ഭരിച്ചിരുന്ന ഇവര്‍ കേലാഡി നായക്കന്മാര്‍, ബെഡ്‌നോര്‍ നായ്ക്കന്മാര്‍, ഇക്കേരി രാജാക്കന്മാര്‍ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. 1560 മുതല്‍ 1640 വരെ ഇവിടം ഇക്കേരി നായ്കന്മാരുടെ തലസ്ഥാനമായിരുന്നു. പിന്നീട് അവര്‍ തലസ്ഥാനം ബേഡ്‌നൂര്‍ നഗരയിലേക്ക് മാറ്റിയെങ്കിലും രാജാക്കന്മാരുടെ പേരില്‍ തുടര്‍ന്നത് ഇക്കേരി തന്നെയായിരുന്നു. ഇക്കേരി പഗോഡ എന്നും ഫനാംസ് എന്നുമായിരുന്നു ഇവിടുത്തെ കമ്മട്ടത്തില്‍ നിന്നും പുറത്തിറക്കിയ നാണയങ്ങളുടെ പേരും.

നായ്ക്കന്മാരും കേരളവും

കര്‍ണ്ണാടകയുടെ ദക്ഷിണ ഭാഗം ഭരിച്ചിരുന്ന ഇവരുടെ ഭരണം കാസര്‍കോഡിന്റ വിവിധ ഭാഗങ്ങളിലേക്കും നീണ്ടിരുന്നു. കാസര്‍കോഡ് ഇന്നു കാണുന്ന മിക്ക കോട്ടകളും ഇക്കേരി നായ്ക്കന്മാരുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. ബേക്കല്‍, ഹോസ്ദുര്‍ഗ് , കുംബള, ചന്ദ്രഗിരി എന്നിവിടങ്ങളിലെ കോട്ടകള്‍ പണിതത് ഇവരാണ്.

അഘോരേശ്വര ക്ഷേത്രം

ഇക്കേരിയിലെ ഏറ്റവും വലിയ ആകര്‍ഷണം അവിടുത്തെ അഗോരേശ്വര ക്ഷേത്രമാണ്. ശിവനെ മുഖ്യ പ്രതിഷ്ഠയായി പൂജിക്കുന്ന ക്ഷേത്രമാണിത്. കരിങ്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൂറ്റന്‍ ക്ഷേത്രത്തിന് ഇക്കേരിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. കൊത്തുപണികളാല്‍ നിറഞ്ഞ ഈ ക്ഷേത്രത്തില്‍ ഹൊയ്‌സാല-ദ്രാവിഡ രീതികളും ഒപ്പം വിജയ നഗര ശൈലിയും നിര്‍മ്മാണത്തില്‍ കാണാം.

കണ്ടിരിക്കേണ്ട നിര്‍മ്മിതി

ദ്രാവിഡ, ചാലൂക്യ, ഹോയ്സാല, വിജയനഗര, ഡെക്കാന്‍ സുല്‍ത്താന്മാര്‍ എന്നിവരുടെ ശില്‍പവൈദഗ്ധ്യത്തിന്റെ ആകെത്തുകയാണ് ഇക്കേരിയിലെ അഘോരേശ്വര ക്ഷേത്രം. പഴയകാല കന്നഡ കയ്യെഴുത്തുപ്രതികളും കൊത്തുപണികളും കൊണ്ട് സമ്പന്നമാണ് ക്ഷേത്രത്തിന്റെ കല്‍ച്ചുമരുകള്‍. ക്ഷേത്രത്തിന്റെ പടിഞ്ഞാറ്, തെക്ക്, വടക്ക് വശങ്ങളിലെ നടകളില്‍ കൂറ്റന്‍ ആനകള്‍ കാവല്‍ നില്‍ക്കുന്നു. മഹിഷാസുര മര്‍ദ്ദിനി, സുബ്രഹ്മണ്യന്‍, ഭൈരവന്‍, ഗണപതി എന്നിവരുടെ പ്രതിമകളും വിഗ്രഹങ്ങളും ക്ഷേത്രത്തിനകത്തുകാണാം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്കാണ് നിലവില്‍ ക്ഷേത്രത്തിന്റെ നിയന്ത്രണവും നടത്തിപ്പ് ചുമതലയും

മറ്റൊരു ഖജുരാഹോ

രതി ശില്പങ്ങള്‍ കൊണ്ട് പ്രസിദ്ധമായ ഖജുരാഹോയെപ്പോലെ തന്നെ ഇവിടെയും ഇത്തരത്തിലുള്ള ശില്പങ്ങള്‍ കാണാം. പുരണ സന്ദര്‍ഭങ്ങളുടെയും മറ്റും കൊത്തുപണികളും പ്രാചീന കയ്യെഴുത്തുകളും ഇതൊടൊപ്പം ചേര്‍ത്തു വായിക്കേണ്ട പ്രത്യേകതകള്‍ തന്നെയാണ്.

അടുത്തുള്ള മറ്റിടങ്ങള്‍

ജോഗ് വെള്ളച്ചാട്ടം, വരദഹള്ളി ശ്രീധര മഠ്, ചന്ദ്രഗുട്ടി, കേലാടി, വരദമൂല തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ നിന്നും അടുത്ത് പോയി കാണുവാന്‍ സാധിക്കുന്നത്.

എത്തിച്ചേരാന്‍

ഏറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരത്താണ്. റെയില്‍വേ സ്റ്റേഷന്‍ ഷിമോഗയിലും സാഗറിലും ഉണ്ട്. സാഗര്‍ ടൗണില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഇക്കേരി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഇക്കേരിയിലേക്ക് ഓട്ടോയിലേക്ക് പോകാനുള്ളതേയുള്ളൂ. ബാംഗ്ലൂരില്‍ നിന്നും വരുമ്പോള്‍ ബാംഗ്ലൂര്‍-തുംകൂര്‍-തിപ്കൂര്‍-അരസികരേ-കാഡൂര്‍-ഷിമോഗ-സാഗര്‍-ഇക്കേരിയിലെത്താം. മൈസൂരില്‍ നിന്നും വരുമ്പോള്‍ ചന്നരായപ്പട്ടണ-വഴി അരസികരേ-കാഡൂര്‍-ഷിമോഗ-സാഗര്‍-ഇക്കേരിയിലെത്താം. മംഗലാപുരത്തു നിന്നും ഇവിടേക്ക് 191 കിലോമീറ്റര്‍ ദൂരമുണ്ട്.