India

രണ്ടാമത്തെ എന്‍ജിന്‍രഹിത ട്രെയിന്‍ 18 തയ്യാറായി

രണ്ടാമത്തെ എന്‍ജിന്‍രഹിത ട്രെയിന്‌ന്റെ നിര്‍മാണം ചെന്നൈയിലെ ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യില്‍ പൂര്‍ത്തിയായി. ഐ.സി.എഫില്‍ നിന്ന് തീവണ്ടി പരിശോധനയ്ക്ക് ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ആദ്യംനിര്‍മിച്ച ട്രെയിന്‍ 18 ഡല്‍ഹിയില്‍ നിന്ന് വാരണസിയിലേക്കാണ് സര്‍വീസ് നടത്തുന്നത്. അതേ പാതയില്‍ത്തന്നെയാണ് രണ്ടാമത്തെ തീവണ്ടിയും ഉപയോഗിക്കുക.

ഡല്‍ഹിയിലെ ഷക്കൂര്‍ ബാസ്തി യാര്‍ഡില്‍ തീവണ്ടിയുടെ യന്ത്രസാമഗ്രികള്‍ പരിശോധന നടത്തിയശേഷം സര്‍വീസിന് യോഗ്യമാണെന്ന് കണ്ടെത്തിയാല്‍ രണ്ടാഴ്ചയോളം പരീക്ഷണയോട്ടം നടത്തും. ആദ്യമിറക്കിയ തീവണ്ടിയിലെ അപാകങ്ങള്‍ പരിഹരിച്ചാണ് രണ്ടാമത്തെ തീവണ്ടി നിര്‍മിച്ചിരിക്കുന്നത്. ഭക്ഷണസാധനങ്ങളുണ്ടാക്കുന്ന പാന്‍ട്രി കാറില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആദ്യ തീവണ്ടിയില്‍ ഹോണ്‍ അടിക്കുമ്പോഴുണ്ടാകുന്ന അധികശബ്ദം യാത്രക്കാരെ അലോസരപ്പെടുത്താറുണ്ട്. ഈ പ്രശ്‌നവും പരിഹരിച്ചിട്ടുണ്ട്. സാങ്കേതികപ്രശ്‌നങ്ങളും പരിഹരിച്ചാണ് പുതിയ തീവണ്ടി നിര്‍മിച്ചിരിക്കുന്നത്.

അടുത്തവര്‍ഷം ഒരു ട്രെയിന്‍18 കൂടി പുറത്തിറക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയുന്നതാണ് നിലവിലുള്ള ട്രെയിന്‍-18. പുതുതായി ഇറക്കുന്ന വണ്ടി മണിക്കൂറില്‍ 200 കിലോമീറ്റര്‍വരെ വേഗത്തില്‍ ഓടിക്കാന്‍ കഴിയും. 16 കോച്ചുകളുള്ള ട്രെയിന്‍ 18-ന്റെ ബോഗികളുടെ അടിഭാഗത്ത് ഇലക്ട്രോണിക് ട്രാക്ഷന്‍ മോട്ടോറുകള്‍ ഘടിപ്പിച്ചിരിക്കും. എട്ടെണ്ണെത്തിലാണ് മോട്ടോറുകള്‍ ഘടിപ്പിക്കുക. എല്ലാ മോട്ടോറുകളും ഒരുപോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ തീവണ്ടിക്ക് അതിവേഗത്തില്‍ സഞ്ചരിക്കാനാകും. ട്രെയിന്‍ 18 നിര്‍മിക്കുന്നതിനായി ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ യാര്‍ഡ് വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്.