Kerala

കാണാനേറെയുള്ള പാലക്കാടന്‍ വിസ്മയങ്ങള്‍

ഭാഷ കൊണ്ടും രുചികൊണ്ടും സംസ്‌കാര ശൈലികൊണ്ടുമൊക്കെ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും ഒരല്പം വിട്ടുനില്‍ക്കുന്ന നാടാണ് പാലക്കാട്. കേരളം കന്യാകുമാരി കൊടുത്ത് വാങ്ങിയതാണ് പാലക്കാട് എന്നൊരു പേരുണ്ടെങ്കിലും ഈ നെല്ലറ നമ്മുടെ സ്വന്തമാണ്. ഒടിയനും യക്ഷിയും ഒക്കെ നിറഞ്ഞു നിന്ന കഥകളിലെ പാലക്കാട് യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണങ്ങള്‍ അധികമൊന്നും നിരത്തേണ്ട. പാലക്കാടന്‍ കാഴ്ചകള്‍ എന്നതു തന്നൊണ് ഓരോ പാലക്കാട് യാത്രയുടെയും ഹൈലൈറ്റ്. ഇതാ പാലക്കാട് യാത്രയ്ക്ക് പ്രേരിപ്പിക്കുന്ന 10 കാരണങ്ങള്‍…


പാലക്കാട് കോട്ട

പാലക്കാടിന്റെ ചരിത്രത്തില്‍ മാറ്റി വയ്ക്കുവാന്‍ പറ്റാത്ത ഒരിടമാണ് പാലക്കാട് കോട്ട. അചഞ്ചലമായ സൈനിക ബുദ്ധിയുടെ അടയാളമായി നിലകൊള്ളുന്ന കോട്ട യപദ്ധകഥകള്‍ക്കും തന്ത്രങ്ങള്‍ക്കും ഒക്കെ പ്രസിദ്ധമാണ്. 756 ലാണ് പാലക്കാട് രാജാവിന്റെ ക്ഷണം സ്വീകരിച്ച് മൈസൂര്‍ രാജാവിന്റെ സൈന്യാധിപനായ ഹൈദരലി ഇവിടെ എത്തുന്നത്. തന്റെ ശത്രുവായ കോഴിക്കോട സാനൂതിരിയുടെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപെടുക എന്ന ഉദ്ദേശമായിരുന്നു ഹൈദരലിയെ ക്ഷണിക്കുമ്പോള്‍ പാലക്കാട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചന്‍ വിചാരിച്ചിരുന്നത്. അന്നത്തെ കാലത്ത് നാട്ടില്‍ പ്രചാരത്തിലിരുന്ന മണ്‍കോട്ടകളില്‍ നിന്നും മാറി ചിന്തിച്ച് ഒരു കരിങ്കല്‍ കോട്ടയ്ക്ക് രൂപം നല്കനായിരുന്നു ഹൈദരലി തീരുമാനിച്ചിരുനന്ത്. അങ്ങനെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മുഖ്‌റം അലി വടക്കോട്ട് ദര്‍ശനമായി കരിങ്കല്‍ കോട്ടയ്ക്ക് തറക്കല്ലിടുകയും ഒന്‍പത് വര്‍ഷമെടുത്ത് 1766 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. ഒരു കാലത്ത് കമ്മട്ടമായി മാറിയ ഈ കോട്ടയില്‍ വെച്ചുതന്നെയാണ് ടിപ്പു സുല്‍ത്താന്റെ ജാതകം എഴുതിയതും. കിടങ്ങും വ്യത്യസ്ത നിര്‍മ്മാണ ശൈലികളുമുള്ള ഈ കോട്ട പാലക്കാട് നഗരത്തിന്റെ ഹൃദയ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.


മലമ്പുഴ അണക്കെട്ടും പാര്‍ക്കും

കേരളത്തിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന മലമ്പുഴ ഒരുകാലഘട്ടത്തിന്റെ സ്വപ്നങ്ങളുമായി നിലനിന്ന ഒരു നാടാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് മലമ്പുഴ അണക്കെട്ട്. പശ്ചമഘട്ടത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ സൗന്ദര്യമാണ് ആളുകളെ ഇത്രയധികം ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കേരളത്തിന്റെ വൃന്ദാവനമെന്ന് അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ വൃന്ദാവന്‍ കഴിഞ്ഞാല്‍ ആസൂത്രിതമായി നിര്‍മ്മിച്ച മനോഹരമായ ഉദ്യോനമാണ്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 6വരെയും ഞനി, ഞായര്‍ ദിവസങ്ങളില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 8 വരെയുമാണ് പൂന്തോട്ടത്തിലെ സന്ദര്‍ശന സമയം. സ്‌നേക്ക് പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ജാപ്പനീസ് പാര്‍ക്ക്, അക്വേറിയം, റോക്ക് ഗാര്ഡന്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍…

റോക്ക് ഗാര്‍ഡന്‍

മലമ്പുഴ കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ ആണ് മലമ്പുഴയിലേത്, ഇന്ത്യയിലെ രണ്ടാമത്തേതും. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ ശില്‍പങ്ങളാണ് ഇവിടെയുള്ളത്. നെക് ചന്ദ് എന്ന പത്മശ്രീ ജേതാവും ചണ്ഡീഗഡ് സ്വദേശിയുമായ നെക് ചന്ദാണ് ഇതിന്റെ നിര്‍മ്മാണത്തിനു പിന്നിലുള്ളത്. ഉപയോഗശൂന്യമായ വളപ്പൊട്ടുകളും, തറയോടുകളും, മറ്റ് പാഴ്വസ്തുക്കളുമാണ് ഇതിന്റെ പ്രധാന നിര്‍മ്മാണവസ്തുക്കള്‍

 

കല്പ്പാത്തി പൈതൃക ഗ്രാമവും ക്ഷേത്രസമുച്ചയവും

കേരളത്തിലെ ഏക പൈതൃക ഗ്രാമമാണ് കല്പ്പാത്തി. രഥോത്സവവും സംഗീത സഭകളും വ്യത്യസ്ത വാസ്തുവിദ്യയും ഒക്കെയായി നിലകൊള്ളുന്ന കല്പാത്തി മറ്റൊരു സംസ്‌കാരമാണ് ഇവിടെ എത്തുന്നവര്‍ക്കു മുന്നില്‍ തുറന്നിടുന്നത്. തെക്കന്‍ കാശി എന്നറിയപ്പെടുന്ന കല്‍പ്പാത്തി കേരളത്തിലെ ആദ്യകാല ബ്രാഹ്മണ കുടിയേറ്റം നടന്ന സ്ഥലങ്ങളിലൊന്നു കൂടിയാണ്. തമിഴ്ബ്രാഹ്മണര്‍ കൂടുതലായി താമസിക്കുന്ന ഇവിടം പാലക്കാട് നിന്നും മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇടമാണ്. കല്‍പ്പാത്തിയിലെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് ലോകപ്രശസ്തമായ കല്‍പ്പാത്തി രഥോത്സവം നടക്കുന്നത്. 700 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രം കേരളത്തിലെ പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിലൊന്നാണ്.

തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം

ശിവനും വിഷ്ണുവിനും ഓരേ പോലെ പ്രാധാന്യമുള്ള ശിവക്ഷേത്രമാണ് തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം. വിഷ്ണു സാന്നിധ്യമുള്ളതിനാല്‍ വിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളില്‍ ഒന്നായും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ഉയ്യവന്തപെരുമാള്‍ ആണ് ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ. പാണ്ഡവന്മാരില്‍ ഒരാളായ അര്‍ജുനനാണ് ഇവിടുത്തെ മൂലപ്രതിഷ്ഠ നടത്തിയെതെന്നാണ് വിശ്വാസം. അര്‍ജുനനേക്കൂടാതെ യുധിഷ്ഠരനും ഭീമനും നകുലനും സഹദേവനും ഇവിടെ പ്രതിഷ്ഠ നടത്തിയെന്നാണ് പറയപ്പെടുന്നത്. നകുലനും സഹദേവനും കൂടി ഒറ്റ പ്രതിഷ്ഠയാണ് നടത്തിയത്. പരശുരാമന്‍ പ്രതിഷ്ഠിച്ച ശിവനും പാണ്ഡവര്‍ പ്രതിഷ്ഠിച്ച നാല് വിഷ്ണു പ്രതിഷ്ഠകളും ചേര്‍ത്ത് അഞ്ച് പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത്. അതിനാലാണ് ഈ ക്ഷേത്രം അഞ്ചുമൂര്‍ത്തി ക്ഷേത്രം എന്ന് അറിയപ്പെടുന്നത്. പട്ടാമ്പിയില്‍ നിന്ന് 5 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലക്കാട് – ഷോര്‍ണൂര്‍ – കോഴിക്കോട് റെയില്‍പാത പട്ടാമ്പി വഴിയാണ് കടന്നു പോകുന്നത്.

നെല്ലിയാമ്പതി ചോലവനങ്ങളും

പുല്‍മേടുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന നെല്ലിയാമ്പതി മഴയുടെ ബഹളങ്ങള്‍ കഴിഞ്ഞാല്‍ കാണാന്‍ പറ്റിയ ഇടമാണ്. തണുപ്പു നിറഞ്ഞ കാലാവസ്ഥയും കാപ്പി തോട്ടങ്ങളും ഒക്കെ ചേരുമ്പോള്‍ തിരിച്ചുവരേണ്ട എന്നു തോന്നിപ്പിക്കുന്ന ഇടമാണിത്. മഴ കഴിഞ്ഞാലും ഇവിടെ കടുത്ത തണുപ്പു തന്നെയാണ് അനുഭവപ്പെടുക. നിത്യഹരിത മേഖല കൂടിയാണിത്. സാഹസികപ്രിയരുടെ ഇഷ്ട സ്ഥലമായ നെല്ലിയാമ്പതി ഓറഞ്ച് തോട്ടങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്. നെല്ലിയാമ്പതിയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോട്ടേജുകള്‍ ലഭ്യമാണ്.

സൈലന്റ് വാലി പശ്ചിമ ഘട്ടത്തില്‍

പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സൈലന്റ് വാലി കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയോദ്യാനങ്ങളിലൊന്നാണ്. സൈരന്ധ്രി എന്നും ഇവിടം അറിയപ്പെടുന്നു. പാണ്ഡവരുടെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട നാട് കൂടിയാണിത്. 89 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഇവിടെ ചീവീടുകള്‍ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇല്ല എന്നൊരു പ്രത്യേകതയുണ്ട്. ട്രക്കിങ്ങാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വ്

ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ജൈവവൈവിധ്യ സങ്കേതങ്ങളില്‍ ഒന്നാണ് പറമ്പിക്കുളം ടൈഗറ് റിസര്‍വ്വ്. 643 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പറമ്പിക്കുളം അണക്കെട്ടിനു ചുറ്റുമായാണ് വ്യാപിച്ചു കിടക്കുന്ന ഇവിടെ ഗോത്ര വിഭാഗക്കാരും വസിക്കുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ജൈവവൈവിധ്യം ഇവിടെയും കാണാം. കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രമാണിത്.

ധോണി

ട്രക്കില്‍ വലിയ പ്രാഗത്ഭ്യമൊന്നുമില്ലാത്തവര്‍ക്കും എളുപ്പത്തില്‍ പോയി ആസ്വദിച്ച് തിരിച്ചു വരുവാന്‍ പറ്റിയ ഇടമാണ് ധോണി. പാലക്കാട് നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ധോണി വെള്ളച്ചാട്ടത്തിലേക്കാണ് ട്രക്കിങ്ങ് നടത്തുന്നത്. ഒരു കുന്നിന്റെ ചുവട്ടില്‍ നിന്നും തുടങ്ങുന്ന ട്രക്കിങ്ങ് നാലു കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിച്ചേരുന്നതാണ് ധോണി വെള്ളച്ചാട്ടം. ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസറില്‍ നിന്നും മുന്‍കൂട്ടി അനുമതി മേടിച്ച മാത്രമേ ഇവിടേക്ക് ട്രക്കിങ്ങ് നടത്തുവാന്‍ പറ്റു.

പോത്തുണ്ടി ഡാം

കേരളത്തിലെ പ്രശസ്തമായ ഹില്‍ സ്റ്റേഷനും വിനോദ സഞ്ചാര കേന്ദ്രവുമായ നെല്ലിയാമ്പതിയുടെ കവാടമാണ് പോത്തുണ്ടി ഡാം. മൂന്നുവശവും കാവല്‍ നില്‍ക്കുന്ന മലനിരകള്‍, പെയ്യാനൊരുങ്ങി നില്‍ക്കുന്ന മൂടല്‍മഞ്ഞും തണുത്ത കാറ്റുമൊക്കെയാണ് ഇവിടുത്തെ പ്രത്യേകതകള്‍. പോത്തുണ്ടി അണക്കെട്ടിന്റെ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടങ്ങളിലും സിമന്റ് ഉപയോഗിച്ചിട്ടില്ലത്രെ. കുമ്മായവും ശര്‍ക്കരയും കൂട്ടിക്കലര്‍ത്തിയുള്ള മിശ്രിതമാമ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പാലക്കാടു നിന്നും 42 കിലോമീറ്ററും ഷൊര്‍ണ്ണൂരില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരവും ഇവിടേക്കുണ്ട്.