India

ഇപ്പോള്‍ കാണണം ഈ ദേശീയോദ്യാനങ്ങള്‍

എണ്ണിയാലൊടുങ്ങാത്ത ജൈവവൈവിധ്യമാണ് നമ്മുടെ നാടിന്റെ പ്രത്യേകത.വ്യാവസായിക വത്കരണത്തിന്റെയും ആധുനീക വത്കരണത്തിന്റെയും ഈയൊരു കാലഘട്ടത്തില്‍ പോലും വളരെ ഭംഗിയായി നിലനിന്നു പോകുന്ന പാരിസ്ഥിതിക നിലവാരം മിക്കയിടത്തും കാണാം. ഇതിന് സഹായിക്കുന്നതാവട്ടെ നമ്മടെ നാട്ടിലെ ദേശീയോദ്യാനങ്ങളും. ഇന്ത്യയിലെ പ്രശസ്തമായ ദേശീയോദ്യാനങ്ങള്‍ പരിചയപ്പെടാം.

കാസിരംഗ ദേശീയോദ്യാനം

ആസാമിന്റെ അഭിമാനമെന്ന് പറയാവുന്ന കാസിരംഗ നാഷനല്‍ പാര്‍ക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളും കടുവകളും അപൂര്‍വ പക്ഷികളുമാണ്. 2006ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ച ഇവിടെയാണ് ലോകത്തില്‍ കടുവകളുടെ സാന്ദ്രത ഏറ്റവുമധികം ഉള്ളത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടിയ കാസിരംഗ പാര്‍ക്കിന്റെ മൊത്തം വിസ്തൃതി 429.93 സ്‌ക്വയര്‍ കിലോമീറ്റര്‍ ആണ്. ഗോലാഘാട്ട് , നവ്ഗാവോണ്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കാസിരംഗ പാര്‍ക്കില്‍ കണ്ടാമൃഗങ്ങളെയും കടുവകളെയും കൂടാതെ ഏഷ്യന്‍ ആനകളും കാട്ടുപോത്തുകളും ചെളിയില്‍ മാത്രം കാണപ്പെടുന്ന മാനുകളുമാണ് കാസിരംഗയില്‍ കാണപ്പെടുന്ന മറ്റ് പ്രധാന വന്യമൃഗങ്ങള്‍.

ഒറങ്ങ് ദേശീയോദ്യാനം

ചെറിയ കാസിരംഗ ദേശീയോദ്യാനം എന്നറിയപ്പെടുന്ന ഇടമാണ് ഒറങ്ങ് ദേശീയോദ്യാനം. ആസാമില ദരാങ്, സോനിത്പൂര്‍ എന്നീ ജില്ലകളിലാണിത് സ്ഥിതി ചെയ്യുന്നത്. രാജീവ് ഗാന്ധി ദേശീയോദ്യാനം എന്നും മിനി കാസിരംഗ ദേശീയോദ്യാനം എന്നും ഇതിന് പേരുകളുണ്ട്. 1900-ല്‍ ഇവിടം ഗോത്ര വര്‍ഗ്ഗക്കാരുടെ മേഖലയായിരുന്നുവത്രെ. തങ്ങള്‍ കുടിയേരി പാര്‍ത്ത സ്ഥലം എന്ന നിലയിലായിരുന്നു അവര്‍ ഈ സ്ഥലത്തെ കണ്ടിരുന്നത്. എന്നാല്‍ പെട്ടന്നൊരു ദിവസം അവര്‍ക്കിടയില്‍ ഒരു പ്രത്യേക തരത്തിലുള്ള ത്വക്ക് രോഗം വ്യാപിച്ചു. അങ്ങനെ അവര്‍ ഈ പ്രദേശം ഉപേക്ഷിക്കുകയും ബ്രിട്ടീഷുകാര്‍ ഏറ്റെടുക്കുകയും ചെയ്തു ഈ സ്ഥലത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാരാണ് 1915 ല്‍ ഓറഞ്ച് ഗെയിം റിസര്‍വ്വായി ഈ പ്രദേശത്തെ പ്രഖ്യാപിക്കുന്നത്. പിന്നീട് 1985 ല്‍ ഇവിടം വന്യമൃഗ സംരക്ഷണ കേന്ദ്രമാവുകയും ചെയ്തു.


ഗള്‍ഫ് ഓഫ് മാന്നാര്‍

ഇന്ത്യയുടെയും ശ്രീലങ്കയുടെയും അതിര്‍ത്തിയിലുളേള കടലിടുക്കാണ് മാന്നാര്‍ ഉള്‍ക്കടല്‍ അഥവാ ഗള്‍ഫ് ഓഫ് മാന്നാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അത്യപൂര്‍വ്വമായ ജൈവവൈവിധ്യ സമ്പത്താണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ആഴം കുറഞ്ഞ ഈ കടലിടുക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമായാണുള്ളത്. ജൈവ വൈവിധ്യത്തിന്റ കാര്യത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായിട്ടുള്ള സ്ഥലമാണിത്.മാന്നാര്‍ ഉള്‍ക്കടലില്‍ 21 ചെറു ദ്വീപുകളും പവിഴപ്പുറ്റുകളുമായി ചേര്‍ന്നു കിടക്കുന്ന ഒന്നാണ് മാന്നാര്‍ ഉള്‍ക്കടല്‍ മറൈന്‍ ദേശീയോദ്യാനം. ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങളില്‍ ഒന്നായ ഇത് തമിഴ്‌നാടിന്റെ ഭാഗമാണ്.

ജിം കോര്‍ബെറ്റ് ദേശീയോദ്യാനം

ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം എന്നറിയപ്പെടുന്നതാണ് ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് ദേശീയോദ്യാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവാ താവളങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് ഏറ്റവും വലിയ വന്യജീവി സങ്കേതവും കൂടിയാണ്. കടുവകളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രോജക്ട് ടൈഗര്‍ പദ്ധതിയില്‍ ആദ്യം ഉള്‍പ്പെട്ട ദേശീയോദ്യാനമാണിത്. .1913 ല്‍ ഇവിടെ 40000 കടുവകള്‍ ഉണ്ടായിരുന്നത് 1970 ആയപ്പോഴേക്കും 2000 ആയി ചുരുങ്ങി. ഇതിനെത്തുടര്‍ന്നാണ് പ്രോജക്ട് ടൈഗര്‍ പദ്ധതി തുടങ്ങുന്നത്. 1288 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഇത് കിടക്കുന്നത്.

മഹാത്മാ ഗാന്ധി മറൈന്‍ നാഷണന്‍ പാര്‍ക്ക്

കടലിന്റെ കളര്‍ഫുള്ളായ കാഴ്ചകള്‍ കാണുവാന്‍ ആന്‍ഡമാനിലെത്തുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് മഹാത്മാ ഗാന്ധി മറൈന്‍ നാഷണന്‍ പാര്‍ക്ക്. കടലിനടയിലെ അത്ഭുതങ്ങളെ കണ്‍മുന്നിലെത്തിക്കുന്ന ഇവിടം പോര്‍ട് ബ്ലെയറിനു സമീപത്തുള്ള വാന്‍ഡൂര്‍ ബീച്ചിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. സിന്‍ക്വൂ ദ്വീപുകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടം വണ്ടൂര്‍ മറൈന്‍ ദേശീയോദ്യാനം എന്നും അറിയപ്പെടുന്നുണ്ട്. വംശനാശ ബാഷണി നേരിട്ടുകൊണ്ടിരിക്കുന്നതടക്കമുള്ള ഒട്ടോറെ ജലജീവികളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്. ലേബറിന്ത്യ ഐലന്‍ഡ് എന്നു ട്വിന്‍ ഐലന്‍ഡ് എന്നും പേരായ രണ്ടു ദ്വീപുകളും ഇതിന്റെ ഭാഗമാണ്.

നമേരി നാഷണല്‍ പാര്‍ക്ക്

ആസാമിലെ ചാരിദാര്‍ ഗ്രാമത്തിന് സമീപത്തായി ഹിമാലയന്‍ മലനിരകളുടെ താഴ്വാരത്തിലാണ് നമേരി നാഷണല്‍ പാര്‍ക്ക്സ്ഥിതിചെയ്യുന്നത്. അപ്പോള്‍ തന്നെ ഊഹിക്കാലോ എന്തുമാത്രം സുന്ദരമായിരിക്കും ഈ സ്ഥലം എന്നത്. 1978 ലാണ് ഈ നാഷണല്‍ പാര്‍ക്ക് സ്ഥാപിച്ചത്. 200 ചതുരശ്ര കിലോമീറ്ററോളം പരന്നു കിടക്കുന്ന ഈ നമേരി നാഷണല്‍ പാര്‍ക്ക് ഇലപൊഴിയും വനങ്ങള്‍ നിറഞ്ഞ പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളാല്‍ അനുഗ്രഹീതമായ ഒന്നാണ്. മനോഹരമായ ഈ ദേശീയോദ്യാനം ആസ്സാമിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. പ്രകൃതി സൗന്ദര്യം അതിന്റെ തനത് ഭംഗിയില്‍ ഇവിടെ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. അഞ്ഞൂറില്‍ അധികം സസ്യങ്ങളും മൃഗങ്ങളും ഇവിടെയുണ്ട് എന്നത് തീര്‍ച്ചയായും എടുത്തുപറയേണ്ട ഒരു പ്രത്യേകത തന്നെയാണ്. അതിനാല്‍ പ്രകൃതി സ്‌നേഹികള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരുപോലെ പറ്റിയ സ്ഥലമാണിത് എന്നുറപ്പിച്ചു പറയാം. വെള്ള തേക്ക്, ഹോളോക്, നഹോര്‍ തുടങ്ങിയ സസ്യവര്‍ഗ്ഗങ്ങളെയും കാട്ടുപന്നി, കരടി, പുള്ളിപ്പുലി, തുടങ്ങിയ ജീവികളെയും ഇവിടെ കാണാന്‍ കഴിയും. ഇതിന് പുറമെ മുന്നൂറില്‍ അധികം ഇനം പക്ഷികളും ഇവിടെയുണ്ട്. ഐബിസ്ബില്‍, പ്‌ളേവറുകള്‍ എന്നിവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.

മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ ഏറ്റവും അധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന ദേശീയോദ്യാനങ്ങളിലൊന്നാണ് മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം. 46 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഇത് പോര്‍ട് ബ്ലെയറിലെ ജയിലിന്റെ സൂപ്രണ്ടായിരുന്ന റോബര്‍ട് ക്രിസ്റ്റഫര്‍ ടെയ്‌ലറുടെ ഭാര്യയുടെ പേരിലാണ് അറിയപ്പെടുന്നത്. യഥാര്‍ഥത്തില്‍ ഒരു സംരക്ഷിത വനമായിരുന്ന ഇതിനെ ഒരു ദേശീയോദ്യാനമാക്കി മാറ്റുകയായിരുന്നു അത്യപൂര്‍വ്വങ്ങളായ ഒട്ടേറെ ജീവജാലങ്ങളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടേക്ക് പ്രവേശനം.


ഗാലത്തിയ ദേശീയോദ്യാനം

ആന്‍ഡമാനിലെ പ്രധാനപ്പെട്ട ദേശീയോദ്യാനങ്ങളിലൊന്നാണ് ഗാലത്തിയ ദേശീയോദ്യാനം. ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തില്‍ ഇവിടെ മാത്രം കാണപ്പെടുന്ന കുറേ സസ്യങ്ങളുണ്ട്. ക്യാംപെല്‍ ബേ ദേശീയോദ്യാനത്തില്‍ നിന്നും വേര്‍തിരിക്കപ്പെട്ട ഇത് 19932 ലാണ് നിലവില്‍ വരുന്നത്. സ്‌നോര്‍ക്കലിങ്, സ്‌കൂബാ ഡൈവിങ്ങ്, സീ വാക്ക്, ബോട്ടിങ്ങ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.