Destinations

ജാവദി ഹില്‍സിന്റെ വിശേഷങ്ങള്‍

കൊടുമുടികളും ഹില്‍സ്റ്റേഷനും നദികളും കാടുകളും നിറഞ്ഞ തമിഴ്‌നാട് സുന്ദരിയാണ്. എത്ര അണിഞ്ഞൊരുങ്ങിയാലും മറ്റൊരു നാടിനും കിട്ടാത്ത സൗന്ദര്യം തമിഴ്‌നാടിനുണ്ട്. എന്നാല്‍ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറഞ്ഞതുപോലെ തമിഴ്‌നാട് തേടിപ്പോകുന്ന സഞ്ചാരികള്‍ വളരെ കുറവാണ്. നീലഗിരിയും ഊട്ടിയും കൂനൂരും യേര്‍ക്കാടുമൊക്കെ കണ്ടിറങ്ങുകയാണ് സാധാരണ സഞ്ചാരികള്‍ ചെയ്യുന്നത്. എന്നാല്‍ ഒത്തിരിയൊന്നും ആളുകള്‍ കയറിച്ചെന്നിട്ടില്ലാത്ത ധാരാളം ഇടങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തിലൊന്നാണ് ജാവദി ഹില്‍സ്. പൂര്‍വ്വഘട്ടത്തിന്റെ ഭാഗമായി കിടക്കുന്ന ഈ ഭൂമി യാത്രകര്‍ക്ക് തീര്‍ത്തും അപരിചിതമായ ഒരിടമാണെന്നു പറഞ്ഞാലും തെറ്റില്ല. വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങ് റൂട്ടുകളും കൊണ്ട് സമ്പന്നമായ ജാവദി ഹില്‍സിന്റെ വിശേഷങ്ങള്‍…


ഊട്ടിയും കോട്ടഗിരിയുമല്ല

ഇത് ജാവദി തമിഴ്‌നാട് യാത്രയെന്നു പറഞ്ഞ് ഊട്ടിയും കൊടൈക്കനാലും കൊല്ലിമലയും നീലഗിരിയും ഒക്കെ മാത്രം കണ്ടിറങ്ങുന്നവര്‍ അടുത്ത യാത്രയിലെങ്കിലും പോയിരിക്കേണ്ട ഇടമാണ് ജാവദി ഹില്‍സ്. പ്രകൃതിയൊരുക്കിയിരിക്കുന്ന വ്യത്യസ്തമായ കാഴ്ചകള്‍ കണ്‍മുന്നില്‍ കാണാന്‍ സാധിക്കുന്ന നാടാണിത്.

എവിടെയാണ്

തമിഴ്‌നാട്ടില്‍ പൂര്‍വ്വ ഘട്ടത്തിന്റെ തുടര്‍ച്ചയായാണ് ജാവദി ഹില്‍സുള്ളത്. ജാവടി ഹില്‍സ് എന്നും ഇതറിയപ്പെടുന്നു. വെല്ലൂര്‍, തിരുവണ്ണാമലെ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഇത് തിരുവണ്ണാമലൈയില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയാണ്.

വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങും

ഇവിടെ എന്താണ് കാണുവാനുള്ളത് എന്നു ചോദിച്ചാല്‍ എന്താണ് ഇല്ലാത്തത് എന്നാണ് അതിനുള്ള ഉത്തരം. യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് ഇഷ്ടംപോലെ കാണുവാനുള്ള കാര്യങ്ങള്‍ ഇവിടെയുണ്ട്. അതില്‍ പ്രധാനമാണ് ഇവിടുത്തെ എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങ് റൂട്ടുകളും. അതുകൊണ്ടു തന്നെ ആഴ്ചാവസാനങ്ങളും അവധി ദിവസങ്ങളും ചിലവഴിക്കുവാനെത്തുന്നവര്‍ക്ക് പറ്റിയ പ്രദേശമാണിത്. ആവശ്യത്തിലധികം കാഴ്ചകളും നടത്തവും സാഹസികതയും ഒക്കെ ഇവിടെ ലഭിക്കും. ഭീമന്‍മടവ് വെള്ളച്ചാട്ടമാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങളില്‍ പ്രധാനി.


ചന്ദനം മുതല്‍ ചക്ക വരെ

അപൂര്‍വ്വമായ ജൈവവ്യവസ്ഥ നിലകൊള്ളുന്ന പ്രദേശം കൂടിയാണിത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല ജീവികള്‍ക്കും സസ്യങ്ങള്‍ക്കും ജാവദി കുന്നുകള്‍ അഭയ സ്ഥാനമാണ്. പ്ലാവ്, നെല്ലി, തെങ്ങ്, പുളി, ചന്ദനം തുടങ്ങിയ വൃക്ഷങ്ങളെയും അതിന്റെ കൃഷിയും ഇവിടെ വ്യാപകമാണ്. എന്നാല്‍ അനധികൃതമായി മുറിച്ചു കടത്തുന്നതുകൊണ്ട് ചന്ദന മരങ്ങള്‍ അധികം കാണാന്‍ കഴിയില്ല.

കറയില്ലാത്ത കാലാവസ്ഥ

വായുവും പ്രകൃതിയും ഇതുവരെയായും മലിനമാകാത്ത നാടാണ് ഇതെന്നു മനസ്സിലായല്ലോ. അതുകൊണ്ടു തന്നെ ഇവിടം സൂപ്പര്‍ ഫ്രെഷാണ്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വലിയ തിരക്കൊന്നും അനുഭവപ്പെടാത്തതിനാല്‍ ആര്‍ക്കും ഇഷ്ടമാവുകയും ചെയ്യും. ഓഫ്ബീറ്റ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു സ്ഥലം കൂടിയാണിത്.

വെയ്‌നു ബാപ്പു ഒബ്‌സര്‍വേറ്ററി

ഏഷ്യയിലെ ഏറ്റവും വലിയ ടെലസ്‌കോപ്പിന്റെ സ്ഥാപകനും ആധുനിക ഭാരതീയ വാനശാസ്ത്രത്തിന്റെ പിതാവുമൊക്കെയായ വെയ്‌നു ബാപ്പുവിന്റെ പേരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിന്റെ കീഴില് പ്രവര്‍ത്തിക്കുന്ന വെയ്‌നു ബാപ്പു ഒബ്‌സര്‍വേറ്ററി വെല്ലൂരിലെ ജാവടി കുന്നിനു മുകളിലെ കവലൂരിലാണ് സ്ഥിതി ചെയ്യുന്നത്. 1786ല്‍ വില്യം പെട്രി എന്ന സായിപ്പ് എഗ്മോറില്‍ നിര്‍മ്മിച്ച സ്വകാര്യ ഒബ്‌സര്‍വേറ്ററിയുടെ പുതുക്കിയ രൂപമാണ് ഇന്ന് കവലൂരിലുള്ളത്. എഗ്മോറില്‍ നിന്നും കൊടൈക്കനാലിലേക്കും അവിടെ നിന്നും കവലൂരിലേക്കുമാണ് ഇത് മാറ്റി സ്ഥാപിച്ചത്. രാത്രി കാലങ്ങളില്‍ ആകാശത്തെ നിരീക്ഷിക്കാനായി സ്ഥാപിച്ച ഒപ്റ്റിക്കല്‍ ടെല്‌സ്‌കോപ്പാണ് ഇവിടുത്ത ആകര്‍ഷണം. ഏഷ്യയിലെ ഏറ്റവും വലിയ ടെലസ്‌കോപ്പ് വെയ്‌നു ബാപ്പു ടെലസ്‌കോപ്പ് എന്നാണ് അറിയപ്പെടുന്നത്

വ്യൂപോയിന്റുകള്‍

ഒരു ക്യാമറയുമായി കയറുകയാണെങ്കില്‍ എണ്ണമറ്റ കിടില്‍ ഫ്രെയിമുകളുമായി തിരിച്ചിറങ്ങാന്‍ സാധിക്കുന്ന ഇടമാണ് ജാവദി. സൂര്യോദയവും സൂര്യാസ്തമയവും കണ്ട് ആസ്വദിക്കുവാന്‍ പറ്റിയ ധാരാളം ഇടങ്ങള്‍ ഇവിടെയുണ്ട്. അപൂര്‍വ്വമായ ആവാസ വ്യവസ്ഥകളെയും ജീവികളെയും ഇവിടെ നിന്നും പകര്‍ത്താം.

ജമുനാമറത്തൂര്‍ ജാവദി

കുന്നിനു മുകളിലെ ഉയര്‍ന്ന ഇടമാണ് ജമുനാമറത്തൂര്‍. സമുദ്രനിരപ്പില്‍ നിന്നും 1957 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടമാണ് തിരുവണ്ണാമലൈയിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെയിടം.

സന്ദര്‍ശിക്കുവാന്‍ യോജിച്ച സമയം

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാമെങ്കിലും മേയ്, ജൂണ്‍ മാസങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കുന്നതായിരിക്കും നല്ലത്.

എത്തിച്ചേരുവാന്‍

ചെന്നൈയില്‍ നിന്നും 208 കിലോമീറ്റര്‍ അകലെയാണ് ജാവദി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. തിരുവണ്ണാമലൈയില്‍ നിന്നും 89 കിലോമീറ്ററും വെല്ലൂരില്‍ നിന്നും 73 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. തിരുവനന്തപുരത്തു നിന്നും ഇവിടേക്ക് 721 കിലോമീറ്റര്‍ ദൂരമുണ്ട്.