Destinations

അമിനി; ലക്ഷദ്വീപിലെ അറിയപ്പെടാത്ത വിസ്മയം

പവിഴപ്പുറ്റുകള്‍ കൊണ്ട് അതിമനോഹരമായ കാഴ്ചകളൊരുക്കിയിരിക്കുന്ന ലക്ഷദ്വീപ് ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികളില്ല. പവിഴപ്പുറ്റുകളും മനോഹരമായ കാഴ്ചകളും ദ്വീപുകളും ഇവിടെ എത്തുവാന്‍ സഞ്ചാരികളെ കൊതിപ്പിക്കുന്നു. അങ്ങനെ ആരും കൊതിക്കുന്ന ലക്ഷദ്വീപിലെ കാഴ്ചകളില്‍ മിക്കപ്പോഴും വിട്ടുപോകുന്ന ഒരിടമുണ്ട്. അമിനി. ലക്ഷദ്വീപിന്റെ പ്രാദേശിക സംസ്‌കാരവും ജീവിത രീതികളും രുചികളും ഒക്കെ അറിയണമെങ്കില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട നാടാണ് അമിനി. വെറും മൂന്നു കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയുമുള്ള ഈ കൊച്ചു ദ്വീപിന്റെ വിശേഷങ്ങള്‍ അറിയേണ്ടെ


അമിനി
കവരത്തി ദ്വീപിനും കട്മത്ത് ദ്വീപിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അമിനി കൊച്ചിയില്‍ നിന്നും 407 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മുട്ടയുടെ ആകൃതിയിലുള്ള ഈ ദ്വീപ് ലക്ഷദ്വീപ സമൂഹങ്ങളുടെ ഒരു ചെറുകാഴ്ചയാണ് ഇവിടെ എത്തുന്നവര്‍ക്ക് നല്കുന്നത്.

വിശ്വാസത്തില്‍ നിന്നും

ലക്ഷദ്വീപിലെ മറ്റേതു ദ്വീപിനെയും പോലെ അമിനിയ്ക്കും ഒരു കഥ പറയുവാനുണ്ട്. അമിന്‍ എന്ന അറബിക് വാക്കില്‍ നിന്നുമാണ് അമിനി ഉണ്ടാകുന്നത്. അമിനി എന്നാല്‍ വിശ്വാസം എന്നാണ് അര്‍ഥം. അമിനി ദ്വീപിലും പരിസരപ്രദേശങ്ങളിലും ഇസ്ലാം മതം പ്രചരിപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഉബൈദുള്ള എന്ന സന്യാസിയുടെ പേരിലാണ് അമിനി ദിപിന്റെ ചരിത്ര പ്രശസ്തി.


മുട്ടയുടെ ആകൃതിയില്‍
3 കിലോമീറ്റര്‍ നീളവും, 1.5 കിലോമീറ്റര്‍ വീതിയുമാണ് ഈ ദ്വീപിനുള്ളത്. ലഗൂണിന്റെ വലിപ്പവും കണക്കിലെടുത്താല്‍ മുട്ടയുടെ ആകൃതിയാണ് ഈ ദ്വീപിനുള്ളത്.1.5 ചതുരശ്ര കിലോമീറ്റര്‍ ലഗൂണ്‍ ദ്വീപിലുണ്ട്.

അവധിക്കാലം ആഘോഷിക്കുവാന്‍
അവധി ദിവസങ്ങള്‍ ആഘോഷിക്കുവാന്‍ ലക്ഷദ്വീപ് തിരഞ്ഞെടുക്കുന്നവര്‍ അമിനിയെ ഒഴിവാക്കരുത്. കടലിനോട് ചേര്‍ന്നു കിടക്കുന്ന റിസോര്‍ട്ടുകളും അവിടുത്തെ ഭംഗിയുള്ള സൂര്യോദയ-അസ്തമയ കാഴ്ചകളും കടലിലിലെ വിനോദങ്ങളും ഒക്കെ ഇവിടെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. ലക്ഷദ്വീപിന്റെ ഭംഗിയും പ്രകൃതി സൗന്ദര്യവും ആസ്വദിക്കുവാന്‍ ഏറ്റവും മികച്ച ഇടം കൂടിയാണിത്.

കരകൗശല വസ്തുക്കള്‍

അമിനിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യമാണ് ഇവിടുത്തെ കരകൗശല വസ്തുക്കള്‍. ആമയുടേയും, തേങ്ങയുടേയും പുറംതോടുകൊണ്ട് ഊന്നുവടി നിര്‍മ്മിക്കുന്ന കരകൗശലവിദഗ്ദര്‍ ഈ ദ്വീപിലുണ്ട്. കാഴ്ചയിലെ വളരെ ആകര്‍ഷണീയ രൂപമാണ് ഈ ഊന്നുവടിയുടേത്.

മൊത്തം സാഹസികത

കടലിലെ സാഹസികതകള്‍ തന്നെയാണ് ഇവിടുത്തെയും ആകര്‍ഷണം. സ്‌കൂബാ ഡൈവിങ്ങ്, സ്‌നോര്‍കലിങ്ങ്, സ്വിമ്മിങ്ങ്,. ഡീപ് സീ ഡൈവിങ്ങ് തുടങ്ങിയവയ്‌ക്കൊക്കെ ഇവിടെ സൗകര്യങ്ങളുണ്ട്.


സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം. എന്നാല്‍ ചൂടുകാലത്ത് കഴിവതും ഇവിടേക്കുള്ള യാത്ര മാറ്റി വയ്ക്കുക. ഒക്ടോബര്‍ മുതല്‍ മേയ് മാസത്തിന്റെ തുടക്കം വരെയുള്ള സമയമാണ് ഏറ്റവും യോജിച്ചത്. കനത്ത മഴയില്‍ ഇവിടേക്ക് യാത്ര ചെയ്യാതിരിക്കുന്നതായിരിക്കും നല്ലത്.

എത്തിച്ചേരുവാന്‍

കൊച്ചിയില്‍ നിന്നും 407 കിലോമീറ്റര്‍ അകലെയാണ് അമിനി സ്ഥിതി ചെയ്യുന്നത്. അഗത്തി ദ്വീപില്‍ നിന്നും ബോട്ട് വാടകയ്ക്ക് എടുത്ത് മാത്രമേ ഇവിടെ എത്താനാവൂ. ലക്ഷദ്വീപിലെ ഒരേയൊരു ആഭ്യന്തര വിമാനത്താവളം സ്ഥിതിചെയ്യുന്നത് അഗത്തിയിലാണ്. കൊച്ചിയില്‍ നിന്നും ചെന്നൈയില്‍ നിന്നും ബെംഗളുരുവില്‍ നിന്നും എല്ലാ ദിവസവും അഗത്തിയിലേക്ക് വിമാന സര്‍വ്വീസ് ലഭ്യമാണ്. അഗത്തിയിലെത്തിയാല്‍ ഇവിടെ നിന്നും ഫെറിയിലും സ്പീഡ് ബോട്ടിലും ഒക്കെയായി അമിനിയിലെത്താം.


കടമത്ത് ദ്വീപ്

ലക്ഷദ്വീപ് സമൂഹത്തിലെ മനോഹരമായ മറ്റൊരു ദ്വീപാണ് കടമത്ത് ദ്വീപ്. ലക്ഷദ്വീപിലെത്തുന്ന സഞ്ചാരികളുടെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന കടമത്ത് ഇവിടെ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലം കൂടിയാണ്. കണ്ണുനീര്‍ തുള്ളിയുടെ രൂപത്തില്‍ ഒരു ചെറിയ തുള്ളിയായി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഒരിക്കല്‍ എത്തുന്നവരെ വീണ്ടും വീണ്ടും ഇവിടേക്ക് ആകര്‍ഷിക്കും… അഗത്തി ദ്വീപില്‍ നിന്നും 77 കിലോമീറ്റര്‍ അകലെയാണ് കടമത്ത് ദ്വീപ് സ്ഥിതി ചെയ്യുന്നത്. കണ്ണുനീര്‍ തുള്ളിയുടെ ആകൃതിയില്‍ 3.5 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഈ ദ്വീപുള്ളത്. കവരത്തി ദ്വീപില്‍ നിന്നും 67 കിലോമീറ്ററും കില്‍ത്താന്‍ ദ്വീപില്‍ നിന്നും 32 കിലോമീറ്ററും കൊച്ചിയില്‍ നിന്നും 407 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്.