Destinations

ഗോവയുടെ മറ്റൊരു മുഖം; ബിഗ് ഫൂട്ട് മ്യൂസിയം

ഗോവയിലെ ബീച്ചുകളും ആഘോഷം നിറഞ്ഞ രാവുകളുമൊക്കെ ആസ്വദിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? അതുകൊണ്ടുതന്നെയാണ് യാത്രാപ്രിയരെല്ലാം ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന സ്വപ്നഭൂമിയായി ഗോവ മാറുന്നത്. ബീച്ചുകളുടെ സൗന്ദര്യത്തിനപ്പുറത്തു കാടും മലകളുമൊക്കെ നിറഞ്ഞ, പഴമയുടെ പ്രൗഢി വാനോളമുയര്‍ത്തി നില്‍ക്കുന്ന ദേവാലയ കാഴ്ചകള്‍ കൊണ്ട് ആരെയും വശീകരിക്കുന്ന വേറൊരു ഗോവന്‍ മുഖവുമുണ്ട്. ഗോവയുടെ കാഴ്ചകളെല്ലാം ആസ്വദിക്കാനിറങ്ങി തിരിക്കുമ്പോള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമുണ്ട്. ആ നാടിന്റെ പഴമയും ഗ്രാമീണ ജീവിതവുമൊക്കെ പുനരാവിഷ്‌കരിച്ചിരിക്കുന്ന ബിഗ് ഫൂട്ട് മ്യൂസിയം. ഗോവയെ കുറിച്ച് കൂടുതലറിയാന്‍, പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഗോവയുടെ മിടിപ്പറിയാന്‍ ഈ തുറന്ന മ്യൂസിയ സന്ദര്‍ശനം ഓരോ സഞ്ചാരിയെയും സഹായിക്കും.

ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ബിഗ് ഫൂട്ട് മ്യൂസിയത്തില്‍ എത്തിച്ചേരാം. ആദ്യത്തെ കാഴ്ച തന്നെ ഓരോ അതിഥിയുടെയും ഹൃദയം കവരത്തക്കതാണ്. അണിഞ്ഞൊരുങ്ങി വിളക്കും പുഷ്പങ്ങളും താലവുമായി സ്വീകരിയ്ക്കാന്‍ സുന്ദരികളായ ഗോവന്‍ യുവതികള്‍ പ്രവേശന കവാടത്തില്‍ തന്നെ കാത്തുനില്‍ക്കുന്നുണ്ട്. ആരതിയുഴിഞ്ഞു, നെറ്റിയില്‍ അവര്‍ അണിയിക്കുന്ന കുങ്കുമവുമായാണ് ഓരോ അതിഥികളും അകത്തേയ്ക്കു പ്രവേശിയ്ക്കുക. നീണ്ടു കിടക്കുന്ന നടപ്പാതയിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ ഗോവയുടെ പഴമക്കാഴ്ചകള്‍ വൃത്തിയായും ഭംഗിയായും ഏകീകരിച്ചിരിക്കുന്ന സുന്ദരകാഴ്ച കാണാം.

ഗോവയിലെ ജനങ്ങളുടെ ജീവിതവും തൊഴിലും എന്തെന്നു വ്യക്തമാക്കി തരുന്ന ജീവന്‍ തുടിക്കുന്ന ശില്പങ്ങള്‍ ആ കാലഘട്ടത്തിലേയ്ക്ക് ഓരോ യാത്രികനെയും നടത്തിയ്ക്കും. അക്കാലത്തെ അവിടുത്തെ ജനതയുടെ പ്രധാന തൊഴിലുകളായിരുന്ന മണ്‍പാത്ര നിര്‍മാണം, മല്‍സ്യബന്ധനം, കൃഷി, കച്ചവടം, നെയ്ത്ത് തുടങ്ങിയവയെല്ലാം ഇവിടെ ശില്പങ്ങളിലൂടെ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ മ്യൂസിയത്തിലെത്തുന്നവരുടെ കണ്ണുടക്കുന്ന ഒരു പ്രധാന കാഴ്ചയാണ് പതിനാലു മീറ്റര്‍ നീളമുള്ള മീരാഭായിയുടെ ചെങ്കല്‍ ശില്‍പം. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച, ഇന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയ മീരാഭായിയുടെ ശില്പമാണിത്. മീരാഭായുടെ ശില്പത്തിനൊപ്പം സെല്‍ഫിയെടുക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മരുന്ന് ചെടികള്‍ നിറഞ്ഞ ഉദ്യാനം, വിവിധ വര്‍ണ ചിറകുകളുള്ള പക്ഷികളുടെ പാര്‍ക്ക്, പഴയ ഗോവന്‍ കുടിലുകളുടെ ചെറുമാതൃകകള്‍, ഗോവന്‍ ഫെനിയുടെ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവയുടെ വിവരണങ്ങള്‍ എന്നിവയെല്ലാം കാണാന്‍ കഴിയുന്നതാണ്. കൂടാതെ ഗോവയില്‍ മാത്രമുള്ള വിശേഷപ്പെട്ട ഉല്‍പന്നങ്ങള്‍ ഇവിടെ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്കു ഇവ വിലകൊടുത്തു വാങ്ങാം. മ്യൂസിയത്തിന്റെ കാഴ്ചകള്‍ അവസാനിക്കുന്നത് ഒരു സുവനീര്‍ ഷോപ്പിലാണ്. യാത്ര പോകുന്ന നാട്ടിലെ ഓര്‍മകള്‍ സൂക്ഷിക്കാനായി എന്തെങ്കിലുമൊക്കെ സാധനങ്ങള്‍ വാങ്ങി കയ്യില്‍ കരുതുന്നവരെ തൃപ്തിപ്പെടുത്തും ഈ ഷോപ്പും ഇവിടെ വില്പനയ്ക്കു വെച്ചിരിക്കുന്ന വസ്തുക്കളും.

pic courtesy: Anuradha Goyal

സന്ദര്‍ശകര്‍ക്കു ഗോവയെക്കുറിച്ചും ആ നാടിന്റെ സംസ്‌കാരത്തെക്കുറിച്ചും വലിയ അളവില്‍ ധാരണ പകരാന്‍ സഹായിക്കും ബിഗ് ഫൂട്ട് മ്യൂസിയസന്ദര്‍ശനം. കാലത്തു ഒമ്പതു മുതല്‍ വൈകിട്ട് ആറുമണിവരെയാണ് സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന സമയം. വര്‍ഷത്തിലെ മുഴുവന്‍ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന ഇവിടം സന്ദര്‍ശിക്കുന്നതിനു മുതിര്‍ന്നവര്‍ക്കു അമ്പതു രൂപയും പത്തുവയസില്‍ താഴെയുള്ളവര്‍ക്കു ഇരുപത്തിയഞ്ചു രൂപയുമാണ് ഈടാക്കുന്നത്.