Destinations

കുമരകത്തിനൊപ്പം കാണാം വൈക്കം കാഴ്ചകളും

സഞ്ചാരപ്രിയര്‍ കുമരകത്തെ കാഴ്ചകള്‍ സ്വന്തമാക്കിയെങ്കില്‍ നേരെ വൈക്കത്തേക്ക് വിട്ടോളൂ. ബീച്ചും ക്ഷേത്രവുമൊക്കെ കണ്ട് മടങ്ങാം. കുമരകത്ത് നിന്നും 18 കിലോമീറ്റര്‍ പിന്നിട്ടാല്‍ വൈക്കത്ത് എത്തിച്ചേരാം

കായല്‍ക്കാറ്റേറ്റ് വിശ്രമിക്കാന്‍ വൈക്കം ബീച്ച്

കായല്‍ക്കാറ്റേറ്റ് വിശ്രമിക്കണമെങ്കില്‍ വൈക്കത്തേക്കു ധൈര്യമായി പോകാം. മനോഹരമായ അസ്തമയക്കാഴ്ചയൊരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് വൈക്കം ബീച്ച്. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. 30 ചാരുബഞ്ചുകളാണ് തയാറാക്കിയിരിക്കുന്നത്. സംഗീതം ആസ്വദിച്ച് കായല്‍ സൗന്ദര്യം നുകരാനായി എഫ്എം റേഡിയോയും പ്രവര്‍ത്തിക്കുന്നുണ്ട്. ബീച്ചിന്റെ സവിശേഷതകളിലൊന്ന് വഴിയോര ശില്‍പങ്ങളാണ്. ലളിതകല അക്കാദമിയാണ് ഈ സത്യഗ്രഹസ്മൃതി ഉദ്യാനം ഒരുക്കിയിരിക്കുന്നത്. വൈക്കം സത്യഗ്രഹത്തെ അധികരിച്ച് വിവിധ ശില്‍പികള്‍ തയറാക്കിയിരിക്കുന്ന പത്തു ശില്‍പങ്ങളാണ് ബീച്ചിലേക്കുളള നടപ്പാതയിലുള്ളത്.


വൈക്കം ബോട്ട്‌ജെട്ടിക്ക് സമീപമാണ് ബീച്ച്. അതുകൊണ്ട് ബോട്ട് യാത്ര നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് വൈക്കം-തവണക്കടവ് റൂട്ടില്‍ ഒരു ബോട്ട്   യാത്രയുമാകാം. രാജ്യത്തെ ആദ്യത്തെ സോളാര്‍ ബോട്ടായ ആദിത്യയില്‍ കയറി ഗമയിലൊരു യാത്രയും നടത്താം. 20 മിനിറ്റോളമെടുക്കും തവണക്കടവിലെത്താന്‍. ബോട്ടില്‍ മറുകരയിലെത്തിയാല്‍ നിങ്ങളെ സ്വീകരിക്കുന്നത് ആലപ്പുഴ ജില്ലയാണ്.

വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് ചരിത്രത്തില്‍ ഇടം നേടിയതാണ് വൈക്കം ബോട്ടുജെട്ടിയും. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു തുടങ്ങിയ മഹാരഥന്‍മാരെല്ലാം വൈക്കത്തെത്തിയത് ഈ ബോട്ടുജെട്ടിയിലൂടെയാണ്.തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുദ്ര ആലേഖനം ചെയ്ത കവാടമുള്ള പഴയ ബോട്ടുജെട്ടിയില്‍ നിന്നുള്ള അസ്തമയക്കാഴ്ചയും പ്രത്യേക ഫീല്‍ തന്നെ. ഇപ്പോള്‍ ബോട്ട് സര്‍വീസ് നടത്തുന്നത് പുതിയ ബോട്ടുജെട്ടിയില്‍ നിന്നാണ്. അതിനടുത്തായി ജങ്കാര്‍ സര്‍വീസും ഉണ്ട്. ബീച്ചിനടുത്തായി കായലിനോട് ചേര്‍ന്ന് മുനിസിപ്പല്‍ പാര്‍ക്കമുണ്ട്. കുട്ടികള്‍ക്ക് കളിക്കാനായി റൈഡുകളും മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ക്രോണിക്കിള്‍ ഓഫ് ദി ഷോര്‍സ് ഫോര്‍ടോള്‍ഡ് (Chronicle of the Shores Foretold) എന്ന വലിയ മണിയും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. പാര്‍ക്കിനോട് ചേര്‍ന്ന് വേമ്പനാട്ട് കായലിലാണ് കഴിഞ്ഞ ബെനാലെയില്‍ പ്രദര്‍ശിപ്പിച്ച ഈ കൂറ്റന്‍ മണി സ്ഥാപിച്ചിരിക്കുന്നത്.

മനോഹരമായ അസ്തമയക്കാഴ്ച, ബോട്ട് യാത്ര, ആദ്യത്തെ സോളര്‍ ബോട്ട്… വെള്ളവും വള്ളവും നിറഞ്ഞ, ചരിത്രത്തില്‍ ഇടം പിടിച്ച വൈക്കത്തെക്കാഴ്ചകള്‍ അവസാനിക്കുന്നില്ല.

വൈക്കം മഹാദേവ ക്ഷേത്രം

കോട്ടയം ജില്ലയിലെ വൈക്കത്താണ് വിഖ്യാതമായ മഹാദേവക്ഷേത്രം നിലകൊള്ളുന്നത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിന് കേരള ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. ആധുനിക കേരളത്തില്‍ സാമൂഹിക മാറ്റത്തിന് നാന്ദികുറിക്കുന്നതിന് വഴിയൊരുക്കിയ വൈക്കം സത്യാഗ്രഹം ക്ഷേത്ര നടയിലാണ് നടന്നത്.

പരശുരാമന്‍ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് കരുതുന്നു. പത്തേക്കറില്‍ കൂടുതല്‍ വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദര്‍ശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാല്‍ ആദ്യമെത്തുന്നത് ഒരു വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലിപ്പമുള്ള ഈ ആനക്കൊട്ടിലിന്റെ വടക്കുഭാഗത്ത് ഒരു അരയാല്‍മരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂര്‍ത്തിസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായ അരയാലിന്റെ മുകളില്‍ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയില്‍ ശിവനും കുടികൊള്ളുന്നു.


സാധാരണ ശ്രീകോവിലിന്റെ മൂന്നിരട്ടി വലിപ്പമുണ്ട് ഇവിടത്തെ വലിയ വട്ടശ്രീകോവിലിന്. ശ്രീകോവില്‍ അതിമനോഹരമായ ചുവര്‍ച്ചിത്രങ്ങള്‍ കൊണ്ട് അലംകൃതമാണ്. നടരാജന്‍, ദശാവതാരം, ശ്രീദേവീഭൂദേവീസമേതനായ മഹാവിഷ്ണു, അര്‍ജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നല്‍കുന്ന ശിവന്‍ – അങ്ങനെ വിവിധതരം ചുവര്‍ച്ചിത്രങ്ങള്‍ ശ്രീകോവില്‍ച്ചുവരുകളെ അലംകൃതമാക്കിയിട്ടുണ്ട്. വൈക്കത്തഷ്ടമി മഹോല്‍സവം പേരുകേട്ടതാണ്. വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി മഹോത്സവ കെങ്കേമമാണ്. പതിമൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ പന്ത്രണ്ടാം നാള്‍ അഷ്ടമി വരുന്ന വിധത്തിലാണ് ഉത്സവം.