Kerala

വീണ്ടും മുഖം മിനുക്കി ശംഖുമുഖം

മുഖം മിനുക്കുന്ന ശംഖുംമുഖം ബീച്ചില്‍ ഇനി തട്ടുകടകളെല്ലാം പുത്തന്‍ രൂപത്തിലാകും. ടൂറിസം വകുപ്പിന്റെ 11 മുറികള്‍ ഭക്ഷ്യ വകുപ്പിന്റെ ‘ക്ലീന്‍ സ്ട്രീറ്റ്ഫുഡ് ഹബ് പദ്ധതി’യ്ക്കായി നല്‍കും. ഇതോടെ വഴിയരികില്‍ താല്‍ക്കാലികമായി വണ്ടികളില്‍ നടത്തുന്ന തട്ടുകടകള്‍ ഇവിടെനിന്ന് അപ്രത്യക്ഷമാവും.

പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ടൂറിസം വകുപ്പ് നിര്‍മിച്ച കെട്ടിടം നടത്തിപ്പിനായി ജില്ലാ ടൂറിസം വികസന കോര്‍പ്പറേഷന് കൈമാറും. പദ്ധതി നടപ്പാക്കുന്നതോടെ ബീച്ചിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്.

ബീച്ച് പ്രദേശത്ത് ഭൂപ്രകൃതി മനോഹരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കാനായിയുടെ പ്രതിമയുടെ പരിസര പ്രദേശം മുഴുവന്‍ പുല്ല് വച്ചു പിടിപ്പിക്കും. ഇതിന് സമീപമായാണ് തട്ട്കടകള്‍ വരുന്നത്. ഏറ്റവും കൂടുതല്‍ പ്രാദേശിക വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് ശംഖുംമുഖം. 15 കോടി രൂപ ചെലവഴിച്ച് ശംഖുംമുഖം വികസനത്തിന്റെ സമഗ്രപദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.