Kerala

വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ മാര്‍ഗനിര്‍ദ്ദേശം

സീസണ്‍ സമയത്ത് കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.


വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പോലീസുകാരെ വിന്യസിക്കണം. ഇതിനായി സമര്‍ത്ഥരായ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാര്‍ കണ്ടെത്തണം. ടൂറിസം കേന്ദ്രങ്ങളിലെ നിരീക്ഷണക്യാമറകള്‍, വിനോദസഞ്ചാര സഹായകകേന്ദ്രങ്ങള്‍, ടൂറിസം പോലീസിന്‍റെ വാഹനങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം.

ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും വിനോദസഞ്ചാരികള്‍ എത്തുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന് ടൂറിസം പോലീസും ട്രാഫിക് പോലീസും ലോക്കല്‍ പോലീസും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

വിനോദസഞ്ചാരികള്‍ക്ക് കേരളം സുരക്ഷിതമാണെന്ന സന്ദേശം നല്‍കുന്നതിലൂടെ അവര്‍ വീണ്ടും എത്തുന്നതിനും കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വഴിയൊരുക്കാന്‍ കഴിയുമെന്നും സംസ്ഥാന പോലീസ് മേധാവി പ്രത്യാശ പ്രകടിപ്പിച്ചു.