Auto

യാത്ര പോകാം ഇന്ത്യയിലെ ആഡംബര തീവണ്ടികളില്‍

പഴകി ദ്രവിച്ച പ്ലാറ്റ്ഫോമുകളും കറങ്ങാത്ത ഫാനുകളും വെളിച്ചം ശരിയായി ലഭിക്കാത്ത ലൈറ്റുകളും തീരെ വൃത്തിയില്ലാത്ത ടോയ്ലെറ്റുകളും ഇപ്പോഴും ഇന്ത്യന്‍ റെയില്‍വേയുടെ അവസ്ഥയായി പലരും വര്‍ണ്ണിക്കുമ്പോള്‍ അതേ ഇന്ത്യന്‍ റെയില്‍വേയുടെ ചില ആഡംബര എഡിഷനുകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്തുകൊണ്ട് ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് കാഴ്ചകള്‍ കാണുക എന്നതാണ് സഞ്ചാരികള്‍ പറയുന്ന ഉത്തരം.

ഒരു ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങള്‍ വഴിയും സഞ്ചരിക്കുന്ന ട്രെയിനുകളുടെ അവസ്ഥ വളരെ ദയനീയമാണ്. എന്നാല്‍ ഇതാ ഇത്തരം ബുദ്ധിമുട്ടുകള്‍ കാരണം ട്രെയിനിലെ പുറം കാഴ്ചകളുടെ മാസ്മരിക ഭംഗികള്‍ ഒഴിവാക്കി ഫ്‌ലൈറ്റ് എടുക്കണമെന്നില്ല, ആഡംബര സൗകര്യങ്ങള്‍ നിറഞ്ഞ ട്രെയിനുകളും സഞ്ചാരികള്‍ക്കായി ഒരുങ്ങിയിട്ടുണ്ട്. കാഴ്ചകള്‍ ആസ്വദിച്ച് അടിപൊളി യാത്രയ്ക്ക് തയാറായിക്കോളൂ.

മഹാരാജ എക്‌സ്പ്രസ്


ഇന്ത്യന്‍ റെയില്‍വേയിലെ അത്യാഡംബരം നിറഞ്ഞ തീവണ്ടിയാണ് മഹാരാജ എക്‌സ്പ്രസ്സ്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തോറ്റുപോകുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ അതിഥികളെ സ്വീകരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച തീവണ്ടികളില്‍ ഒന്നായ മഹാരാജ എക്സ്പ്രസ്സില്‍ ഈ അവധിക്കാലത്തു ഒരു വിനോദയാത്ര പോകാന്‍ താല്‍പര്യമുള്ള സഞ്ചാരികളുണ്ടോ? ഇന്ത്യയുടെ ഹൃദയത്തിലൂടെ നീളുന്ന ആ യാത്രയില്‍, വൈവിധ്യം നിറഞ്ഞ കാഴ്ചകള്‍ ആസ്വദിക്കുന്നതിനൊപ്പം ചക്രവര്‍ത്തിയെ പോലെ കുറച്ചുദിവസങ്ങള്‍ യാത്ര ചെയ്യാം. വടക്കു പടിഞ്ഞാറ് ഇന്ത്യയെയും മധ്യ ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് മഹാരാജായുടെ യാത്രാവഴികള്‍.

മഹാരാജായുടെ യാത്ര ഈ വഴിയിലൂടെയാണ്.

ഹെറിറ്റേജ് ഓഫ് ഇന്ത്യ

മുംബൈ -അജന്ത – ഉദൈപൂര്‍ – ജോധ്പൂര്‍ – ബിക്കാനീര്‍ – ജയ്പൂര്‍ – രണ്‍തംബോര്‍ – ആഗ്ര – ഡല്‍ഹി

ട്രെഷേഴ്‌സ് ഓഫ് ഇന്ത്യ

ഡല്‍ഹി – ആഗ്ര -രണ്‍തംബോര്‍ – ജയ്പൂര്‍ – ഡല്‍ഹി

ജെംസ് ഓഫ് ഇന്ത്യ

ഡല്‍ഹി – ആഗ്ര -രണ്‍തംബോര്‍ – ജയ്പൂര്‍ – ഡല്‍ഹി

ഇന്ത്യന്‍ പനോരമ

ഡല്‍ഹി- ജയ്പൂര്‍ – രണ്‍തംബോര്‍ – ഫാറ്റപുര്‍ സിക്രി- ആഗ്ര – ഗ്വാളിയര്‍ – ഓര്‍ച്ച -ഖജുരാവോ – വാരാണസി -ലക്നൗ – ഡല്‍ഹി

ഇന്ത്യന്‍ സ്പ്ലെണ്ടര്‍

ഡല്‍ഹി – ആഗ്ര -രണ്‍തംബോര്‍ – ജയ്പൂര്‍ – ബിക്കാനീര്‍ – ജോധ്പുര്‍ – ഉദയ്പൂര്‍ – ബാലസിനോര്‍ -മുംബൈ

പാലസ് ഓണ്‍ വീല്‍സ്

ഇന്ത്യയിലെ ആദ്യ വിനോദസഞ്ചാര ട്രെയിനാണ് പാലസ് ഓണ്‍ വീല്‍സ്. ഇന്ത്യന്‍ റെയില്‍വേയുടെ ബന്ധപ്പെട്ട രാജസ്ഥാന്‍ ടൂറിസം വകുപ്പ് നടത്തുന്ന ട്രെയിനാണിത്. ഏഴു രാവും എട്ടു പകലും നീളുന്ന മനോഹരമായ യാത്രാനുഭവമാണ് രാജസ്ഥാനില്‍ ഈ ട്രെയിന്‍ യാത്രയൊരുക്കുന്നത്. ഇരുപത്തിമൂന്ന് കോച്ചുകളുളള പാലസ് ഓണ്‍ വീല്‍സില്‍ 104 യാത്രക്കാരെ ഉള്‍ക്കൊളളിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മഹാരാജ, മഹാറാണി എന്ന പേരില്‍ രണ്ട് റെസ്റ്റോറന്റുകള്‍, ഒരു ബാര്‍ കം ലോഞ്ച്, 14 സലൂണുകള്‍, ഒരു സ്പാ തുടങ്ങിയവ ഇതിലുണ്ട്. പഴയകാല രജപുത്രനാട്ടുരാജ്യങ്ങളുടെ പേരിലാണ് ഇതിലെ കോച്ചുകള്‍.</p>

പാലസ് ഓണ്‍ വീല്‍സിന്റെ വഴികള്‍

ന്യൂ ഡല്‍ഹി, ജയ്പൂര്‍, സവായ് മധോപൂര്‍, ചിതൗഗഢ്, ഉദൈപൂര്‍, ജയ്സാല്‍മീര്‍, ജോധ്പുര്‍, ഭരത്പൂര്‍ , ആഗ്ര, ന്യൂ ഡല്‍ഹി

ഗോള്‍ഡന്‍ ചാരിയറ്റ്


പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ആഡംബര ട്രെയിനാണ് ‘ഗോള്‍ഡന്‍ ചാരിയറ്റ്. കര്‍ണാടക ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍, ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് സര്‍വീസ് നടത്തുന്ന ഗോള്‍ഡന്‍ ചാരിയറ്റില്‍ ആധുനിക സൗകര്യങ്ങളുള്ള 44 കാബിനുകളാണുള്ളത്. 88 പേര്‍ക്കു യാത്ര ചെയ്യാവുന്ന ട്രെയിനില്‍ റസ്റ്ററന്റ്, ബാര്‍, കോണ്‍ഫറന്‍സ് ഹാള്‍, സ്പാ തുടങ്ങിയ സൗകര്യങ്ങളുണ്ട്. മൈസൂരു, കബിനി, ബേലൂര്‍, ഹാലെബീഡ്, ഹംപി, ബാദാമി, ഐഹോളെ എന്നിവയ്ക്കു പുറമെ ഗോവ, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെയും വിനോദ സഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

യാത്രാവഴികള്‍

പ്രൈഡ് ഓഫ് ദ സൗത്ത്

ബംഗളൂരു, മൈസൂര്‍, നഗര്‍ഹോള്‍ ദേശീയ ഉദ്യാനം, ഹസ്സന്‍, ബേളൂര്‍ ഹാളേബീട്, ഹോസ്പെട്ട ഹംപി, ഐഹോളെ പട്ടടക്കല്‍, ബദാമി, ഗോവ

സ്പ്ലെണ്ടര്‍ ഓഫ് സൗത്ത്

ബംഗളൂരു, ചെന്നൈ, പോണ്ടിച്ചേരി, തഞ്ചാവൂര്‍, മധുരൈ, തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി

റോയല്‍ രാജസ്ഥാന്‍ ഇന്‍ വീല്‍സ്

രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഈ ട്രെയിന്‍ പിന്തുടരുന്നത് പാലസ് ഓണ്‍ വീല്‍സ് എന്ന ആഡംബര ട്രെയിനിന്റെ അതേ വഴിയാണ്. താജ്മഹല്‍, കേവല്‍ദേവ് ദേശീയോദ്യാനം ദേശീയ ഉദ്യാനം, ആഗ്ര ഫോര്‍ട്ട്, ഖജുരാവോ എന്നീ വിനോദ സഞ്ചാര സ്ഥലങ്ങളെയും ബന്ധിപ്പിച്ചാണ് ഈ ട്രെയിന്‍ കടന്നുപോകുന്നത്. വൈല്‍ഡ്ലൈഫ് , ഹെറിറ്റേജ് എന്നെ അനുഭവങ്ങള്‍ ഏഴു രാവുകളും എട്ടു പകലുകളും നല്‍കുന്നു.

വഴി

ന്യൂ ഡല്‍ഹി, ജോധ്പുര്‍, ഉദൈപൂര്‍, ചിതൗഗഢ്, രണ്‍തംബോര്‍ദേശീയ ഉദ്യാനം, ജയ്പൂര്‍, ഖജുരാവോ, വാരാണസി, സര്‍നാഥ്, ആഗ്ര

ഫെയറി ക്വീന്‍

 

രാജസ്ഥാനിലെ അല്‍വാര്‍, ന്യൂഡല്‍ഹി എന്നീ സ്ഥലങ്ങള്‍ക്കിടയിലെ വിനോദ സഞ്ചാരത്തിന്റെ മികച്ച വാക്കാണ് ഈ അദ്ഭുത രാജ്ഞി. നൂറ്റിനാല്‍പത്തി മൂന്ന് കിലോമീറ്ററാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. ഇതിന്റെ മറ്റൊരു സവിശേഷത ആവിയില്‍ സഞ്ചരിക്കുന്നു എന്നതാണ്. ഇന്നു ലോകത്തില്‍ പ്രവര്‍ത്തനക്ഷമമായതില്‍ വച്ച് ഏറ്റവും പഴക്കമുള്ള റയില്‍വേ എന്‍ജിനാണ് ഫെയറി ക്വീന്‍. ന്യൂഡല്‍ഹിയെയും രാജസ്ഥാനിലെ അല്‍വാറിനെയും ബന്ധിപ്പിച്ചാണ് ഈ തീവണ്ടി സര്‍വീസ് നിലവിലുള്ളത്.

യാത്ര വഴി

ഡല്‍ഹി, സരിസ്‌ക ടൈഗര്‍ റിസേര്‍വ്, അല്‍വാര്‍


റോയല്‍ ഓറിയന്റ്

ഗുജറാത്തിനും രാജസ്ഥാനുമിടയ്ക്ക് സഞ്ചരിക്കുന്ന ട്രെയിന്‍ സര്‍വീസാണിത്. രാജകീയമായ ആര്‍ഭാടമാണ് ഈ ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്, രാജസ്ഥാനിലെ രാജകീയമായ കാഴ്ചകള്‍ ഇതിനു അകമ്പടിയാകുന്നു. ഈ രണ്ടു സ്ഥലങ്ങളിലെയും എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ഈ യാത്ര ബന്ധിപ്പിക്കുന്നു.

കാണാവുന്ന കാഴ്ചകള്‍

ഡല്‍ഹി കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന്‍, ചിതൗഗഢ്, ജയ്പൂര്‍, ഉദൈപൂര്‍, അഹമ്മദാബാദ്, മെഹ്‌സാന, ജൂനാഗ്രഹ, വേറാവല്‍, സസാന്‍ ഗിര്‍, മാണ്ഡവി പാലിടാനാ, സര്‍ഖെജ്

ഡക്കാന്‍ ഒഡീസി

മഹാരാഷ്ട്രിയന്‍ വിനോദ സഞ്ചരത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന യാത്രയാണ് ഡെക്കാന്‍ ഒഡീസിയിലേത്. പടിഞ്ഞാറും തെക്കുമുള്ള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാന്‍ ഇതുപകരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചു ആഡംബര ട്രെയിനുകളില്‍ ഒന്നാണിത്. കൊങ്കണ്‍ റെയില്‍വേ, ഡെക്കാന്‍ പ്ലീറ്റ്, വെസ്റ്റേണ്‍ ഗാട്ട് എന്നീ മാസ്മരിക വഴിക്കാഴ്ചകളിലൂടെ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാം. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ റൂട്ടുകളിലൂടെ യാത്ര പോകാം.