Kerala

കാന്താ ഞാനും വരാം… തൃശ്ശൂര്‍ വിശേഷങ്ങള്‍ കാണാന്‍

പൂരപ്പെരുമയുടെ നാടാണ് തൃശ്ശൂര്‍. മേളക്കൊഴുപ്പില്‍ തല ഉയര്‍ത്തി ഗജവീരന്‍മാരും വര്‍ണ്ണശബളമായ കുടമാറ്റവും തൃശ്ശിവപ്പേരൂര്‍ സ്വദേശികളുടെ മാത്രമല്ല വിദേശീയരേയും ഒരുപോലെ രസിപ്പിക്കുന്ന കാഴ്ചകളാണ്.

പശ്ചിമഘട്ട മലയോരപ്രദേശവും സമതലപ്രദേശങ്ങളായ കടല്‍ത്തീരവും ഉള്‍പ്പെടുന്ന തൃശ്ശൂര്‍ ജില്ല വ്യത്യസ്തമായ ഭൂപ്രകൃതികളാല്‍ സമ്പന്നമാണ്. കാഴ്ചകളുടെ പെരുമഴയായ തൃശ്ശൂര്‍ ജില്ല വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂട്ടുന്നു. മനസ്സില്‍ വിരിയുന്ന കാഴ്ചകള്‍ക്ക് കൗതുകം ഒരുക്കി തൃശ്ശൂര്‍ തയാറായി നില്‍പ്പാണ്.

അതിരപ്പിള്ളി-വാഴച്ചാല്‍

മണ്‍സൂണിന്റെ ആഗമനത്തില്‍ വന്യസൗന്ദര്യം തുളുമ്പുന്ന അതിരപ്പിള്ളി-വാഴച്ചാല്‍. വനത്താല്‍ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് അതിരപ്പിള്ളി. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തില്‍ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്.

അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങള്‍ അപൂര്‍വ ജൈവസമ്പത്തിന്റെ കലവറകൂടിയാണ്. വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങളുടെയും ആപൂര്‍വങ്ങളായ പക്ഷികളുടെയും ആവാസകേന്ദ്രമാണ് ഇവിടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലം താണ്ടിയാല്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് കൂട്ടുകൂടാം. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. ഷോളയാര്‍ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. പാറക്കെട്ടുകളിലൂടെ ചരിഞ്ഞിറങ്ങുന്ന വാഴച്ചാലിന്റെ ജലമര്‍മ്മരവും വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ നീര്‍തുള്ളികളും ഭൂപ്രകൃതിയും കാടും സന്ദര്‍ശകരെ അവിസ്മരണീയമാക്കുന്നു

മനം കുളിര്‍പ്പിക്കുന്ന വശ്യതയുമായി മലക്കപ്പാറ

പ്രക്യതിയെ തൊട്ടറിയുന്ന മനോഹാരിത തുളുമ്പുന്ന വിസ്മയമാണ് മലക്കപ്പാറ. ജൈവസാന്നിദ്ധ്യം കൊണ്ട് മനം മയക്കുന്ന കാഴ്ചകള്‍. പശ്ചിമഘട്ട മഴക്കാടുകളില്‍ വാഴച്ചാല്‍ വനമേഖലയിലൂടെ മലക്കപ്പാറയിലെത്താം.സഞ്ചാരികളെ സൗന്ദര്യത്തില്‍ വശീകരിക്കുന്ന ഇടകലര്‍ന്ന പച്ചപ്പും തേയിലത്തോട്ടങ്ങളും ജലനീലിമയും കൂടികുഴഞ്ഞ മലക്കപ്പാറ. കേരള തമിഴ്നാട് അതിര്‍ത്തിയാണ് മലക്കപ്പാറ. വാഴച്ചാല്‍ ഡിവിഷന്റെയും മലയാറ്റൂര്‍ ഡിവിഷന്റെയും അധീനതയിലാണ് വനപ്രദേശങ്ങള്‍. മലക്കപ്പാറ പിന്നിടുന്നതോടെ പ്രകൃതിയുടെ പച്ചപ്പും സൗന്ദര്യവും ആരോ അപഹരിച്ചതുപോലെ തോന്നും ഇടതൂര്‍ന്ന തേയിലത്തോട്ടങ്ങളുടെ ഹരിതഭംഗി ആരെയും ആകര്‍ഷിക്കും

വിശ്രമത്തിനായി അതിരപ്പിള്ളിയിലോ മലക്കപ്പാറയിലോ ക്യാമ്പ് ചെയ്യാം വെള്ളച്ചാട്ടത്തിനു ചുറ്റുമായി ധാരാളം ഭക്ഷണശാലകളുണ്ട്.

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം

തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ അകലെയാണ് മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം.തൃശ്ശൂരിലെ ജനങ്ങള്‍ക്ക് പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഇവിടം. മഴക്കാലത്ത് വളരെ മനോഹരമായ ദൃശ്യങ്ങളാണ് പ്രകൃതി ഇവിടെ ഒരുക്കുന്നത്.

ചെറുതും വലുതും ആയ നിരവധി വെള്ളച്ചാട്ടങ്ങള്‍ ഉണ്ടെന്നതാണ് ഇവിടുത്തെ പ്രത്യേകത. ഈ വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള ഒറ്റയടി കാനന പാതയിലൂടെ നടക്കുമ്പോള്‍ പലയിടത്തായി ചെറു വെള്ളച്ചാട്ടങ്ങള്‍ കാണാനാകും .കാഴ്ചയുടെ ശോഭകൂട്ടുന്ന പക്ഷികൂട്ടങ്ങളുടെയും കലവറയാണ് മരോട്ടിച്ചാല്‍.

ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം

എല്ലാവിധ വന്യജീവികളേയും സുലഭമായി കാണുന്ന വന്യ ജീവി കേന്ദ്രമല്ല ഇവിടം പക്ഷെ എല്ലാത്തരം വന്യജീവികളുടേയും സാന്നിധ്യമുള്ള പ്രദേശമാണിത്. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുള്ള ആമ്പല്ലൂരിനടുത്താണ് ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം. ചിമ്മിണി നദിക്കു കുറുകെ 75മീറ്റര്‍ ഉയരമുള്ള ഒരു ഡാമും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്.

മൂന്ന് ഡാമുകള്‍ അടങ്ങിയ ഡാം ടു ഡാം ടൂറിസം തന്നെയാണിതില്‍ പ്രധാന ഘടകം. പച്ചപ്പ് നിറഞ്ഞ സസ്യജാലങ്ങളുടെ സങ്കേതമാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. സാഹസിക മലകയറ്റക്കാര്‍ക്ക് മലകയറുവാനുള്ള നടപ്പാതകള്‍ ഇവിടെ ഉണ്ട്. ഒരു കാലത്ത് നിബിഢവനങ്ങളാല്‍ ചുറ്റപ്പെട്ടിരുന്ന ഇവിടം ഇന്ന് വനനശീകരണം മൂലം നാമാവശേഷമായിരിക്കുന്നു. എങ്കിലും വന്യസൗന്ദര്യം തുളുമ്പുന്ന ചിമ്മിണി മലയിടിക്കുകള്‍ക്കൊപ്പം ചേര്‍ന്നു കിടക്കുന്ന ജലാശയം അടുത്തുതന്നെ ആവാസവ്യവസ്ഥയുടെ നാഴികകല്ലായ ഹരിത വനം. നിലയ്ക്കാത്ത കിളികളുടെ കളകളാരവം കാടിനെ ഹൃദയഹാരിയാക്കുന്നു.