Auto

ബ്ലൂ ടൂത്ത് കണക്ടിവിറ്റിയുള്ള സൈക്കിളുമായി ട്രെക്

അഞ്ചു പുതിയ വകഭേദങ്ങളുമായി എഫ്എക്‌സ് പ്രീമിയം സൈക്കിളുകളുടെ ഇന്ത്യന്‍ ശ്രേണി ട്രെക് ബൈസൈക്കിള്‍സ് വിപുലീകരിച്ചു. എഫ് എക്‌സ് വണ്‍, എഫ് എക്‌സ് ടു, എഫ് എക്‌സ് ത്രീ, എഫ് എക്‌സ് ടു ഡിസ്‌ക്, എഫ് എക്‌സ് ത്രീ ഡിസ്‌ക് എന്നിവയാണു കമ്പനി പുതുതായി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്. എഫ് എക്‌സ് വണ്ണിന് 32,199 രൂപയും എഫ് എക്‌സ് ടുവിന് 36,299 രൂപയും എഫ് എക്‌സ് ത്രീക്ക് 51,599 രൂപയുമാണു വില. മുന്നിലു പിന്നിലും ഡിസ്‌ക് ബ്രേക്കുള്ള എഫ് എക്‌സ് ടു ഡിസ്‌കിന് 42,399 രൂപയാണു വില. മുന്‍ – പിന്‍ ഡിസ്‌കുള്ള എഫ് എക്‌സ് ത്രീ ഡിസ്‌കിന്റെ വിലയാവട്ടെ 62,799 രൂപയാണ്.

ഭാരം കുറഞ്ഞതും പ്രകടനക്ഷമതയേറിയതുമായ അലൂമിനിയം ഫ്രെയിമാണ് എഫ് എക്‌സ് ശ്രേണിയിലെ സൈക്കിളുകളുടെ സവിശേഷത; ട്രെക്ക് പേറ്റന്റ് സ്വന്തമാക്കിയിട്ടുള്ള സവിശേഷ ഫ്രെയിമാണിത്. എഫ് എക്‌സ് ശ്രേണിയിലെ മുന്തിയ പതിപ്പുകളില്‍ സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ആധിക്യമാണ്. 12.55 കിലോഗ്രാമോടെ എഫ് എക്‌സ് വണ്ണിനാണ് ഈ ശ്രേണിയിലെ ഏറ്റവും ഭാരം. അതേസമയം മുന്തിയ വകഭേദമായ എഫ് എക്‌സ് ത്രീ ഡിസ്‌കിന്റെ ഭാരം 11.39 കിലോഗ്രാം മാത്രമാണ്. ഭാരത്തിലെ ഈ 1.17 കിലോഗ്രാം കുറവ് സൈക്ലിങ് വേളയില്‍ ഗണ്യമായ വ്യത്യാസം സൃഷ്ടിക്കുമെന്നാണു ട്രെക് ബൈ സൈക്കിള്‍സിന്റെ വിശദീകരണം.

എഫ് എക്‌സ് വണ്‍ ഒഴികെയുള്ള സൈക്കിളുകളില്‍ ബ്ലൂ ടൂത്ത് കണക്ടിവിറ്റിയും ട്രെക് വാഗ്ദാനം ചെയ്യുന്നുണ്ട്; ഇതോടെ കംപ്യൂട്ടറില്‍ നിന്നോ സ്മാര്‍ട് ഫോണില്‍ നിന്നോ റൂട്ട് ലോഗും ഫിറ്റ്‌നെസ് പ്രോഗ്രാമുമൊക്കെ സ്വീകരിക്കാന്‍ സൈക്കിളിനാവും. എഫ് എക്‌സ് ത്രീ, എഫ് എക്‌സ് ത്രീ ഡിസ്‌ക് എന്നിവയില്‍ കാര്‍ബണ്‍ ഫോര്‍ക്ക്, പഞ്ചര്‍ ചെറുക്കുന്ന ടയര്‍ തുടങ്ങിയവയും ലഭ്യമാണ്. വില മോട്ടോര്‍ സൈക്കിളിനോടു കിട പിടിക്കുമെങ്കിലും ഈ സൈക്കിളുകളില്‍ ട്രെക് സസ്‌പെന്‍ഷന്‍ സൗകര്യം ലഭ്യമാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.