Kerala

അറിയാനേറെയുള്ള കണ്ണൂര്‍ കാഴ്ചകള്‍

കേട്ടും കണ്ടും പരിചയിച്ച സ്ഥലങ്ങളില്‍ നിന്ന് ഭിന്നമായ മനോഹരസ്ഥലങ്ങളാണ് കണ്ണൂര്‍ ജില്ലയിലുള്ളത്. പാലക്കയംതട്ടും വയലപ്രയും വെള്ളിക്കീലും ചൂട്ടാട് ബീച്ചും…. അങ്ങനെയങ്ങനെ… ഇവിടങ്ങളില്‍ പോയി ഉല്ലസിച്ച് തിരികെവരുമ്പോള്‍ മുതിര്‍ന്നവരടക്കം ആരും അറിയാതെ ചോദിച്ചുപോകും. ഈ സ്ഥലങ്ങളൊക്കെ ഇത്രനാളും എവിടെയായിരുന്നു?

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുക പൈതല്‍മലയും ആറളവും കണ്ണൂരിലേയും തലശ്ശേരിയിലേയും കോട്ടകളും പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കുമൊക്കയാണ്. ഇവയെല്ലാം കാണേണ്ടവതന്നെ. എന്നാല്‍ പാലക്കയംതട്ടും വയലപ്രയും വെള്ളിക്കീലും ചൂട്ടാട് ബീച്ചും പോലെ മിക്കവരും കാണാത്ത ഇടങ്ങളുമുണ്ട് കണ്ണൂരില്‍. മിക്കതും സാമൂഹികമാധ്യമങ്ങളിലൂടേയും മറ്റും പ്രസിദ്ധമായവ. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് മിക്കയിടത്തും ഒരുക്കിയിട്ടുള്ളത്.

മുഴപ്പിലങ്ങാട്

ഏഷ്യയിലെ ഏറ്റവും വലുതും കേരളത്തിലെ ഒരേയൊരു ഡ്രൈവ് ഇന്‍ ബീച്ചുമാണ് മുഴപ്പിലങ്ങാട്ടേത്. ആറുകിലോ മീറ്ററോളം കടല്‍തീരത്ത് ഡ്രൈവ് ചെയ്ത് രസിക്കാം. കണ്ണൂര്‍ തലശ്ശേരി ദേശീയപാതയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി സ്ഥാനം. കണ്ണൂരില്‍ നിന്ന് 16 കിലോ മീറ്ററും തലശ്ശേരിയില്‍നിന്ന് എട്ടുകിലോമീറ്ററും ദൂരം. ഏറെ അകലെയല്ലാതെയാണ് ധര്‍മടം തുരുത്തിന്റെ മനോഹാരിത.

മനംതട്ടിയെടുത്ത് പാലക്കയംതട്ട്

ട്രക്കിങ് അനുഭവവും മലമുകളിലെ രാത്രിവാസവും സ്വന്തമാക്കണോ. നടുവില്‍ പഞ്ചായത്തിലെ പാലക്കയംതട്ടിലേക്ക് പോകാം. കിഴക്കന്‍ മലയോരത്ത് സമുദ്രനിരപ്പില്‍ നിന്ന് 3500-ലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇവിടെനിന്ന് കണ്ണൂര്‍ വിമാനത്താവളം, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം തുടങ്ങിയവയുടെ വിദൂരദൃശ്യം കാണാം. എട്ടേക്കര്‍ പ്രദേശത്ത് ഡി.ടി.പി.സി.തുടങ്ങിയ ഈ സഞ്ചാരകേന്ദ്രം പ്രകൃതിയുടെ തനിമ അതുപോലെ കാത്തുസൂക്ഷിച്ചുകൊണ്ടാണ് ഒരുക്കിയിട്ടുള്ളത്. കഫ്ടീരിയ, ശൗചാലയം, വ്യൂടവര്‍, സോളാര്‍ ലൈറ്റുകള്‍, സാഹസിക ഗെയിം സോണ്‍ എന്നിവ ഇവിടെയുണ്ട്. വൈകീട്ട് അഞ്ചുമുതല്‍ രാവിലെ 11 വരെ താമസിക്കാന്‍ പറ്റുന്ന ഹോളിഡേ ടെന്റുകളുമുണ്ട്. ഫോണ്‍: 9496421208

കോടയിലലിഞ്ഞ് പൈതല്‍

കോടമഞ്ഞില്‍പ്പൊതിഞ്ഞ പൈതല്‍മല (വൈതല്‍മല)യില്‍ അസംഖ്യം പച്ചമരുന്നുകളും വൃക്ഷങ്ങളും അപൂര്‍വയിനം ചെറുജീവികളുമുണ്ട്. പൈതല്‍ക്കുണ്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടങ്ങള്‍ മനം കവരും. സമുദ്രനിരപ്പില്‍നിന്ന് 4500 അടി ഉയരത്തില്‍ 4124 ഏക്കര്‍ പ്രദേശത്ത് പരന്നുകിടക്കുന്ന പൈതല്‍മല വനത്താല്‍ ചുറ്റപ്പെട്ടതാണ്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ പടിഞ്ഞാറന്‍ ചുരത്തില്‍പ്പെടുന്ന പൈതല്‍മലയിലെ വനത്തിലൂടെയുള്ള ട്രക്കിങ് ഏറെ രസകരം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ചാലോട്-ശ്രീകണ്ഠപുരം-നടുവില്‍ വഴി 59 കിലോ മീറ്ററും മരുതായി മണ്ണൂര്‍ പാലം-ശ്രീകണ്ഠപുരം-നടുവില്‍ വഴി 58 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെയെത്താം. പരിസരത്തെ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്തായി സന്ദര്‍ശകര്‍ക്കായി ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.സന്ദര്‍ശകര്‍ക്ക് താമസിക്കാനായി ഡി.ടി.പി.സി.യുടേയും സ്വകാര്യവ്യക്തികളുടെയും റിസോര്‍ട്ടുകളും ലഭ്യം.

നേരംകൊല്ലാം കാഞ്ഞിരക്കൊല്ലിയില്‍

കണ്ണൂരിലെ പ്രധാന ഇക്കോ ടൂറിസം മേഖലയാണ് കാഞ്ഞിരക്കൊല്ലി.അളകാപുരി വെള്ളച്ചാട്ടവും കാഞ്ഞിരക്കൊല്ലിയുടെ നേര്‍ക്കാഴ്ചയൊരുക്കുന്ന ശശിപ്പാറയുമാണ് മുഖ്യ ആകര്‍ഷണം. സമുദ്രനിരപ്പില്‍ നിന്ന് 1600 അടി ഉയരത്തിലാണ് ശശിപ്പാറ വ്യൂ പോയിന്റ്. ഈ വര്‍ഷം 25 ലക്ഷം രൂപ ചെലവില്‍ ഇവിടത്തെ സൗകര്യങ്ങള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചു. മട്ടന്നൂര്‍-ഇരിട്ടി-മണിക്കടവ് വഴി 45 കിലോമീറ്ററും മട്ടന്നൂര്‍ ഇരിക്കൂര്‍ ശ്രീകണ്ഠപുരം-പയ്യാവൂര്‍ വഴി 34 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കണ്ണൂരില്‍ നിന്ന് 45 കീലോമീറ്റര്‍ ദൂരം. സഞ്ചാരികള്‍ക്കായി നിരവധി റിസോര്‍ട്ടുകളും രുചികരമായ ഭക്ഷണവും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. ഫോണ്‍: 8281810365

വെള്ളച്ചാട്ടം ലൈവ്

വെള്ളച്ചാട്ടം അതിന്റെ സ്വാഭാവികതയോടെ കാണാന്‍ ഇനി കാടും മേടും കയറേണ്ട.ചാത്തമല-പൈതല്‍മല റോഡരികില്‍ ഡി.ടി.പി.സി. സ്ഥാപിച്ച സ്‌പോട്ടില്‍ എത്തിയാല്‍മതി. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിനുതാഴെ ചാത്തമലയിലാണ് വെള്ളച്ചാട്ടം തൊട്ടടുത്ത് കണ്ടാസ്വദിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കുടിയാന്മല-പൊട്ടംപ്ലാവ് റോഡില്‍നിന്ന് ചാത്തമല റോഡിലേക്ക് തിരിയുമ്പോള്‍ത്തന്നെ റോഡരികില്‍ വരിവരിയായി സ്ഥാപിച്ചിട്ടുള്ള സോളാര്‍ വിളക്കുകള്‍ കാണാം. പൈതല്‍മലയില്‍ നിന്ന് ഒഴുകുന്ന രണ്ട് അരുവികള്‍ സംഗമിക്കുന്നത് ഇവിടെയാണ്. വെള്ളച്ചാട്ടം കാണാനായി പ്ലാറ്റ്‌ഫോമും ഇരിപ്പിടങ്ങളും വസ്ത്രം മാറാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളുമുണ്ട്. അരയേക്കറോളം സ്ഥലത്താണ് നിര്‍മിതി

ചൂട്ടാട് ബീച്ച്, വെള്ളിക്കീല്‍

ഏഴിമലയുടെ താഴ്വരയോടുചേര്‍ന്ന് കാറ്റാടിമരങ്ങള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് പുതിയങ്ങാടി ചൂട്ടാട്. സഞ്ചാരികള്‍ക്കായി കടല്‍യാത്രാസൗകര്യമൊരുക്കിയിട്ടുണ്ട് ഇവിടെ. ചൂട്ടാട് ബീച്ച് ടൂറിസം പദ്ധതി 91.2 ലക്ഷം ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. റെയിന്‍ ഷെല്‍ട്ടര്‍, പവലിയന്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, ശൗചാലയം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ആന്തൂര്‍ നഗരസഭയിലെ മുഖ്യ വിനോദസഞ്ചാരകേന്ദ്രമാണ് വെള്ളിക്കീല്‍ ഇക്കോ ടൂറിസം മേഖല. ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നം. ജലാശയങ്ങള്‍ക്ക് മധ്യത്തിലെ വഴിയിലൂടെയുള്ള രാത്രിയാത്ര സമ്മാനിക്കുന്നത് അപൂര്‍വാനുഭവം. ബോട്ടിങ് സൗകര്യവുമുണ്ട്.

മാടായിപ്പാറ

ഓരോ ഋതുവിലും ഓരോ വേഷമാണ് മാടായിപ്പാറയ്ക്ക്. മഴക്കാലത്ത് പച്ചയും വേനലില്‍ ചന്ദനവര്‍ണവും. ജൈവവൈവിധ്യങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ ഒറ്റ പാക്കേജില്‍ കാണണോ. നേരെ വിടാം മാടായിപ്പാറയിലേക്ക്. 250 ഇനം സസ്യങ്ങള്‍, നൂറിലേറെ ഇനം പൂമ്പാറ്റകള്‍, 43-ല്‍പരം തുമ്പികള്‍, അസംഖ്യം പൂക്കള്‍, സസ്യങ്ങള്‍, ജൂതക്കുളം, മാടായിക്കാവ്, വടുകുന്ദ ശിവക്ഷേത്രം, മാടായിപ്പള്ളി, സി.എസ്.എ. പള്ളി….ഇവിടത്തെ വിശേഷങ്ങള്‍ ഇങ്ങനെപോകുന്നു.

വയലപ്ര പരപ്പിലെ സവാരി

മാടായി-ചെറുതാഴം ഗ്രാമത്തിലെ ചെമ്പല്ലിക്കുണ്ട് വയലപ്ര പരപ്പും പുതിയങ്ങാടി ചൂട്ടാട് ബീച്ചും. വൈവിധ്യമാര്‍ന്ന കണ്ടല്‍വനങ്ങളും ദേശാടനപക്ഷികളും കൊണ്ട് ഏറെ സമ്പന്നമാണ് വയലപ്ര പരപ്പ്. പക്ഷിനിരീക്ഷണകേന്ദ്രം, കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, ഊഞ്ഞാല്‍ കോഫി ഷോപ്പ്, ശൗചാലയം, പെഡല്‍ ബോട്ട് സംവിധാനം, തെരുവുവിളക്കുകള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ മേല്‍ നോട്ടത്തില്‍ കയാക്കിങ്, ബോട്ടിങ് തുടങ്ങിയവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വയലപ്ര കായലിനു കുറുകെ നടപ്പാലത്തിലൂടെയുള്ള സവാരി മാത്രം മതി ആഹ്‌ളാദം പകരാന്‍. മറുകരയില്‍ കാത്തിരിക്കുന്നത് കിഡ്‌സ് ബോട്ടിങ്, സിമുലേറ്റര്‍ ഡ്രൈവിങ്, ക്ലൈമ്പിങ്, സ്‌നൂക്കര്‍ തുടങ്ങി നിരവധി വിനോദങ്ങള്‍. പിലാത്തറ-പഴയങ്ങാടി റോഡില്‍ രാമപുരത്തുനിന്നാണ് വയലപ്രയിലേക്കു തിരിയേണ്ടത്.

അറിയാം ആറളത്തെ

കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്ന് ഇരിട്ടി വഴി 65 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആറളം വന്യജീവിസങ്കേതത്തിലെത്താം. വളയംചാലിലെ മുഖ്യപ്രവേശനകവാടത്തില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരത്തേക്ക് ചോലമരങ്ങള്‍ക്കിടയിലൂടെ സാഹസികയാത്രയും മീന്‍മുട്ടി, വാവച്ചി വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാം. കര്‍ണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതവും കുടക് വനമേഖലയും ചീങ്കണ്ണിപ്പുഴയും ആറളം ഫാമും അതിരിടുന്നു. ഭാഗ്യം ഒപ്പമുണ്ടെങ്കില്‍ വന്യജീവികെളയും അപൂര്‍വസസ്യ-ജന്തുജാലങ്ങളെയും നേരിട്ടുകാണാം. വനംവകുപ്പിന് കീഴില്‍ റസ്റ്റ് ഹൗസും പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍: 0490 2413160

കാണാം കോട്ടകൊത്തളങ്ങള്‍

കണ്ണൂര്‍ കോട്ട എന്ന കണ്ണൂര്‍ സെയ്ന്റ് ആഞ്ചലോസ് കോട്ടയിലേക്ക് കണ്ണൂര്‍ നഗരത്തില്‍ നിന്ന് രണ്ടുകിലോമീറ്ററാണ് ദൂരം. ഇവിടെ നിന്ന് അറക്കല്‍ രാജവംശത്തിന്റെ അറക്കല്‍കെട്ടിലേക്കും മ്യസിയത്തിലേക്കും കഷ്ടിച്ച് ഒരുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതി. പയ്യാമ്പലം കടല്‍ത്തീരത്തെത്താന്‍ രണ്ട് കിലോമീറ്ററും.സൗന്ദര്യവത്കരണം പൂര്‍ത്തിയാകുന്ന പയ്യാമ്പലം കടല്‍ത്തീരപാതയിലൂടെ ദീര്‍ഘദൂരം സുരക്ഷിതമായി നടക്കാം. 1750-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പണികഴിപ്പിച്ച തലശ്ശേരി കോട്ടയിലേക്ക് തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡില്‍ നിന്ന് നടന്നുപോകാവുന്ന ദൂരമേയുള്ളൂ. തൊട്ടടുത്തുതന്നെയാണ് കടലിന്റെ അതിമനോഹരദൃശ്യം സമ്മാനിക്കുന്ന ഓവര്‍ബറീസ് ഫോളിയും. നഗരങ്ങളില്‍ നിന്ന് ഏറെ അകലെയല്ലാതെ യാത്രപോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലങ്ങളാണ് ഇവയെല്ലാം.

പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്ക്

ശീതീകരിച്ച കൂട്ടിലെ രാജവെമ്പാല മുതല്‍ പച്ചിലപ്പാമ്പിനെവരെ കാണണമെങ്കില്‍ പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ പോകാം. ഒപ്പം തൂവല്‍ക്കുപ്പായക്കാരെയും വിവിധ മൃഗങ്ങളെയും കാണാം. കണ്ണൂരില്‍നിന്ന് 16 കിലോമീറ്റര്‍ ദൂരം. പാമ്പുജീവിതം അടുത്തറിയാന്‍ ഡമോണ്‍സ്‌ട്രേറ്ററുടെ പ്രത്യേക ക്ലാസുമുണ്ടാകും.