Kerala

രാമക്കല്‍മേട്ടില്‍ ഓഫ് റോഡ് ജീപ്പ് സവാരിക്ക് വീണ്ടും നിരോധനം

രാമക്കല്‍മേട്ടില്‍ നടന്നു വന്നിരുന്ന ഓഫ് റോഡ് ജീപ്പ് സവാരിക്കു ഡിടിപിസിയും, മോട്ടര്‍ വാഹനവകുപ്പും വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. ശനിയാഴ്ച കുരുവിക്കാനം കാറ്റാടിപ്പാടത്തു അനധികൃത ഓഫ് റോഡ് സര്‍വീസ് നടത്തിയ ജീപ്പ് മറിഞ്ഞു വിനോദസഞ്ചാരിയായ വിദ്യാര്‍ഥി മരിച്ച സാഹചര്യത്തിലാണ് നിരോധനം. കുരുവിക്കാനത്തു ഓഫ് റോഡ് ട്രക്കിങ്ങിനു അനുമതി നല്‍കിയിട്ടില്ലെന്നു റവന്യു വിഭാഗവും അറിയിച്ചു.

ഡിടിപിസിയും, മോട്ടര്‍ വാഹന വകുപ്പും അപകടത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കലക്ടര്‍ക്കു സമര്‍പ്പിക്കും. ഇതിനു ശേഷം തുടര്‍നടപടി സ്വീകരിക്കും. അപകടത്തെ തുടര്‍ന്നു രാമക്കല്‍മേട്ടില്‍ നടത്താനിരുന്ന ഓഫ് റോഡ് സവാരിയുമായി ബന്ധപ്പെട്ട യോഗം ഇന്ന് നെടുങ്കണ്ടത്ത് നടക്കും. രാമക്കല്‍മെട്ടില്‍ നടക്കുന്ന യോഗത്തില്‍ ഡിടിപിസി, ആര്‍ടിഒ, പൊലീസ്, ഓഫ് റോഡ് ജീപ്പ് ഡ്രൈവര്‍മാര്‍, വിവിധ യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിലവില്‍ ആമക്കല്ലിലേക്ക് മാത്രമാണ് നിയന്ത്രണങ്ങളോടെ ഓഫ് റോഡ് ജീപ്പ് ട്രക്കിങ് നടത്തുവാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

എന്നാല്‍ അനധികൃതമായി ടൂറിസ്റ്റുകളുമായി അപകട സാധ്യത ഏറിയ സ്ഥലത്തു കൂടി ചിലര്‍ ട്രക്കിങ് നടത്തുകയായിരുന്നു. 3 മാസം മുന്‍പ് മാത്രമാണു കുരങ്ങിണി ദുരന്തത്തെ തുടര്‍ന്നു നിര്‍ത്തിയിരുന്ന ജീപ്പ് സവാരി രാമക്കല്‍മേട്ടില്‍ പുനരാരംഭിച്ചത്.

അപകടത്തെത്തുടര്‍ന്ന് രാമക്കല്‍മേട് കുരുവിക്കാനം കാറ്റാടിപാടത്ത് നിന്ന് ഓഫ് റോഡ് ജീപ്പ് 300 അടി താഴ്ചയിലേക്കു കൊക്കയിലേയ്ക്കു പതിയ്ക്കുകയായിരുന്നു. ജീപ്പ് ചെങ്കുത്തായ പാറയുടെ മുനമ്പില്‍ എത്തിയശേഷം വാഹനം ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 150 അടിയോളം നിരങ്ങി നീങ്ങിയ ശേഷം അഗാധമായ കൊക്കയിലേക്ക് തലകുത്തനെ മറിയുകയായിരുന്നു. അപകടങ്ങള്‍ പതിവായതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് രാമക്കല്‍മേട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ഓഫ് റോഡ് സവാരി നിര്‍ത്തലാക്കിയിരുന്നു. രാമക്കല്‍മേട്ടില്‍ ആമപ്പാറയിലേക്ക് മാത്രമാണ് സവാരി നടത്താന്‍ ഡിടിപിസി അനുമതി നല്‍കിയിരുന്നത്.