Kerala

കോസ്റ്റ കപ്പലുകള്‍ കൊച്ചി തുറമുഖത്തെത്തി

വിനോദസഞ്ചാരക്കപ്പല്‍ വ്യവസായത്തിലെ പ്രമുഖരായ കോസ്റ്റ ഗ്രൂപ്പിന്റെ രണ്ട് കപ്പലുകള്‍ ഒരേസമയം കൊച്ചി തുറമുഖത്ത്. കോസ്റ്റ ലുമിനോസ, കോസ്റ്റ വെനേസിയ എന്നീ കപ്പലുകളാണ് കൊച്ചിത്തീരമണഞ്ഞത്. ഇറ്റലി ആസ്ഥാനമായ കോസ്റ്റ 2016-ലാണ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

109 ദിവസത്തെ ലോകപര്യടനത്തിലാണ് കോസ്റ്റ ലുമിനോസ. രണ്ടായിരത്തോളം യാത്രക്കാരുണ്ടിതില്‍. ചൈനീസ് വിപണിക്കുവേണ്ടി രൂപകല്‍പ്പന ചെയ്ത വെനേസിയയില്‍ 2,670 പേരാണ് യാത്രക്കാര്‍. കൊളംബോ, ലാംഗ്വാക്കി, പോര്‍ട്ട് ക്ലാങ് വഴി സിംഗപ്പൂരിലേക്കുള്ള എട്ടുദിവസം നീളുന്ന യാത്രയ്ക്ക് കൊച്ചിയില്‍ നിന്ന് 100 ഇന്ത്യന്‍ അതിഥികള്‍ കയറുന്നുണ്ട്. കേരളത്തിന്റെ ഉള്‍ഭാഗങ്ങളില്‍ നിന്നുവരെ യാത്രക്കാരുണ്ടെന്നും ഇത് ഏറെ പ്രോത്സാഹനകരമാണെന്നും കോസ്റ്റ ക്രൂയിസിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ലോട്ടസ് ഡെസ്റ്റിനേഷന്‌സിന്റെ മാനേജിങ് ഡയറക്ടര്‍ നളിനി ഗുപ്ത പറഞ്ഞു.

കോസ്റ്റ ലുമിനോസയും വെനേസിയയും കൊച്ചിന്‍ പോര്‍ട്ട് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ കോസ്റ്റ നിയോ റിവേര ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ കൊച്ചി ഹോം പോര്‍ട്ടാക്കും. മൂന്നുരാത്രി വരുന്ന മാലി ദ്വീപിലേക്കുള്ള യാത്രയില്‍കോസ്റ്റ നിയോ റിവേര ഏതാണ്ട് ഏഴായിരത്തോളം ഇന്ത്യന്‍ അതിഥികളെ സേവിച്ചുകഴിഞ്ഞു. അടുത്ത ശീതകാലത്ത് കൂടുതല്‍ വലിയ കപ്പലായ കോസ്റ്റ വിക്ടോറിയ ഇറക്കും.

കൊച്ചിയില്‍ നിന്ന് മാലി ദ്വീപിലേക്ക് സ്ഥിരമായി ക്രൂയിസ് നടത്തുന്ന ഏക കമ്പനിയാണ് കോസ്റ്റ. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തിലാണ് യാത്രകളുടെ ചെവല് ക്രമീകരിച്ചിരിക്കുന്നത്.

ഡോക്ടര്‍മാരുടെ ഗ്രൂപ്പുകള്‍, കോര്‍പ്പറേറ്റുകള്‍, വ്യക്തിഗത സഞ്ചാരികള്‍, കുടുംബങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന യാത്രക്കാരാണ് കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ നിന്ന് മാലി ദ്വീപിലേക്കുള്ള യാത്ര ആസ്വദിക്കാനെത്തിയത്.

കൊച്ചിയില്‍ നിന്ന് മാലിയിലേക്കുള്ള യാത്രയ്ക്ക് അടിസ്ഥാന നിരക്ക് 26,800 രൂപയാണ്. അഞ്ചുശതമാനം ജി.എസ്.ടി. പുറമെ. താമസം, ഭക്ഷണം, നീന്തല്‍ക്കുളം, ജിം, ജാകൂസിസ്, കപ്പലിലെ വിനോദപരിപാടികള്‍ എന്നിവയെല്ലാം അടക്കമാണ് നിരക്ക്.

മുതിര്‍ന്നവരുടെ കാബിനില്‍ ഉള്‍പ്പെടുത്തുന്ന 18 വയസ്സില്‍ കുറഞ്ഞ കുട്ടികള്‍ക്ക് തുറമുഖ നികുതിയായ 9,000 രൂപ മാത്രം കൊടുത്താല് മതിയാകും. നവംബര്‍ 13-ന് കോസ്റ്റ വിക്ടോറിയ കൊച്ചിയില്‍ നിന്ന് ആദ്യ യാത്ര തുടങ്ങും. മൂന്ന് സ്വിമ്മിങ് പൂളുകള്‍, 4 ജാകൂസിസ്, 10 ബാറുകള്‍, 5 റെസ്റ്റോറന്റുകള്‍, കാസിനോ, തിയേറ്റര്‍, ഡിസ്‌കോ, ബോള്‍ റൂം തുടങ്ങിയവയെല്ലാമുണ്ട്. മാജിക് ഷോ, ഒപ്പറ, നൃത്ത പരിപാടികള്‍ തുടങ്ങിയവയെല്ലാം സംഘടിപ്പിക്കും.