Food

ഇന്ത്യന്‍ തേയിലയ്ക്ക് ഒടുവില്‍ ‘ഓക്കെ’ സര്‍ട്ടിഫിക്കറ്റ് നല്‍കി ട്രിസ്ടീ

 

ഇന്ത്യയില്‍ ആഭ്യന്തര ഉപയോഗത്തിനായി ഉല്‍പാദിപ്പിച്ച തേയില സുരക്ഷിതമെന്ന് ട്രസ്ടീ. ആഭ്യന്തര ആവശ്യത്തിനായി ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച 608 ദശലക്ഷം കിലോ തേയിലയും സുരക്ഷിതമാണെന്നാണ് ട്രിസ്ടീ വിശദമാക്കിയത്. ചെറുകിട എസ്റ്റേറ്റുകളുടെയും മറ്റ് തേയില വ്യവസായവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവര്‍ക്കും ഏറെ ഗുണപരമാണ് ട്രസ്ടീയുടെ കണ്ടെത്തല്‍.

തേയില ഉല്‍പാദകരുടെയും ചെറുകിട എസ്റ്റേറ്റുകളുടെയും വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ട്രസ്ടീ. ഇന്ത്യന്‍ തേയിലയുടെ ഗുണമേന്മയെക്കുറിച്ചുളള സംശയങ്ങള്‍ക്ക് വലിയ രീതിയില്‍ പരിഹാരമാകുന്നത് കൂടിയാണ് ഈ നടപടി. തേയില ഉല്‍പാദനം, ഈ മേഖലയിലെ പുതിയ സാങ്കേതിക വിദ്യ വികസനം, വിതരണ ശൃംഖലാ വികസനം തുടങ്ങിയ മേഖലകളില്‍ ട്രസ്ടീ വലിയ ഇടപെടലുകളാണ് നടത്തിവരുന്നത്.

ഇതുവരെ രാജ്യത്ത് 460 ചെറുകിട എസ്റ്റേറ്റുകളെ ട്രസ്ടീ സര്‍ട്ടിഫൈ ചെയ്തു. ഇതോടെ ഇന്ത്യന്‍ തേയിലയുടെ വിപണന സാധ്യതയില്‍ വലിയ ഉണര്‍വുണ്ടായേക്കും. തേയില ഉല്‍പാദന മേഖലയില്‍ കഴിഞ്ഞ വര്‍ഷം 38 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി ട്രസ്ടീ വിലയിരുത്തി. ഇന്ത്യന്‍ തേയിലയുടെ രുചിയും ഗുണമേന്മയും ഉയര്‍ത്തുകയെന്നതും ട്രസ്ടീയുടെ ലക്ഷ്യമാണ്.