Middle East

ദുബൈ അറീന തുറന്നു

ദുബൈയിലെ വിസ്മയകാഴ്ചകളിലേക്ക് പുതിയൊരു കെട്ടിടം കൂടി. ദുബൈ അറീന എന്ന പേരിലുള്ള കെട്ടിടം ഏറ്റവും വിസ്തൃതിയേറിയ ശീതീകരിച്ച ഇന്‍ഡോര്‍ സംവിധാനമാണ്. കലാപരിപാടികള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, ബാസ്‌ക്കറ്റ്ബോള്‍, വോളിബോള്‍, ബോക്സിങ്, ഐസ് ഹോക്കി തുടങ്ങിയ കായികമത്സരങ്ങളുള്‍പ്പെടെ എന്ത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന വിധത്തിലാണ് സിറ്റി വാക്കില്‍ മിറാസ് നിര്‍മിച്ച ദുബൈ അറീന.

മിഡില്‍ ഈസ്റ്റില്‍ത്തന്നെ ഏറ്റവും വലുതെന്ന ഖ്യാതിയോടെ നിര്‍മിച്ച ദുബൈ അറീന തിങ്കളാഴ്ച യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനും അദ്ദേഹത്തിനൊപ്പം എത്തിയിരുന്നു. 17,000 പേരെ ഉള്‍ക്കൊള്ളാനാവുന്ന ഇരിപ്പിടങ്ങളോട് കൂടിയാണ് അറീന. ലണ്ടനിലെ ദി ഓ 2 അറീനയുടെ നടത്തിപ്പുകാരായ എ.ഇ.ജി. ഓഗ്ദനാണ് ദുബൈ അറീനയുടെയും മേല്‍നോട്ടം വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക ശബ്ദ, ദീപ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ലോകോത്തര നിലവാരമുള്ള പരിപാടികള്‍ നടത്താന്‍ ദുബൈയില്‍ വേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിറാസ് ദുബൈ അറീന പണിതിരിക്കുന്നത്