Places to See

നവദമ്പതികള്‍ക്ക് ചിലവ് കുറഞ്ഞ് യാത്ര ചെയ്യാവുന്നയിടങ്ങള്‍

വിവാഹിതരാവാന്‍ പോകുന്ന എല്ലാ യുവാക്കളുടെയും മനസില്‍ ആദ്യം വരുന്ന ചോദ്യമാണ് ഹണിമൂണ്‍ യാത്ര എവിടേക്ക് ആയിരിക്കണം. കാരണം പങ്കാളിയുമൊത്തുള്ള ആദ്യ യാത്രയാണ് ആ ബന്ധം ദൃഢമാക്കുന്നുത്. എന്നാല്‍ മനസിലെ ആഗ്രഹത്തിനൊത്ത് മിക്ക യാത്രകള്‍ക്കും തടസ്സമായി വരുന്നത് യാത്രയ്ക്ക് വഹിക്കേണ്ടി വരുന്ന ഭീമമായ തുകയാണ്.


വിദേശ രാജ്യങ്ങളിലേക്ക് ഹണിമൂണ്‍ യാത്ര നടത്തുക എല്ലാവരുടെയും സ്വപ്നമാണ്. യാത്രക്കായി പോക്കറ്റിന്റെ കനം പോരാതെ വരും എന്നാതാണ് മിക്കവരുടെയും പരാതി. കുറഞ്ഞ ചിലവില്‍ സുന്ദരകാഴ്ചകളുമായി നിരവധിയിടങ്ങള്‍ ഭൂമിയിലുണ്ട്. കീശകാലിയാക്കാതെ ഹണിമൂണ്‍ യാത്രക്കായി ഒരുങ്ങാം.

മൗറീഷ്യസ്

ബീച്ചുകളുടെ മൗറീഷ്യസ്. നവദമ്പതികള്‍ പോകാന്‍ ഏറെ ഇഷ്ടമുളളയിടമാണ് മൗറീഷ്യസ്. വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ ഒരു രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് സന്ദര്‍ശന സമയത്ത് വീസ നല്‍കുന്നതാണ്. അതിനായി സന്ദര്‍ശകരുടെ കൈവശം പാസ്പോര്‍ട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസില്‍ താമസിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളും രുചികരമായ കടല്‍ മല്‍സ്യ വിഭവങ്ങളും കഴിക്കാമെന്നു തന്നെയാണ് മൗറീഷ്യസിന്റെ ഏറ്റവും വലിയ പ്രത്യേകത.

നാലുവശവും ജലത്താല്‍ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകള്‍ കൊണ്ട് മാത്രമല്ല പ്രശസ്തമായത്. മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലകയറ്റ പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ് മൗറീഷ്യസ്. ഇന്നാട്ടിലെ പ്രധാന ദേശീയോദ്യാനമാണ് ബ്ലാക്ക് റിവര്‍ ഗോര്‍ജസ് , നിരവധി സസ്യ, മൃഗ ജാലങ്ങളെ ഇവിടെ കാണാവുന്നതാണ്. ട്രൗ ഔസ് സര്‍ഫസ് എന്നറിയപ്പെടുന്ന നിര്‍ജീവമായ അഗ്‌നിപര്‍വതവും കോളനി ഭരണത്തിന്റെ ഭൂതകാലം പേറുന്ന യുറേക്ക ഹൗസുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കും.

കുളു – മണാലി

ഇന്ത്യന്‍ ഹണിമൂണ്‍ യാത്രകളില്‍ ഒരുപക്ഷെ ഏറെ പേരും തിരഞ്ഞെടുക്കുന്ന ഒരിടമാണ് കുളു-മണാലി. ഹിമാലയന്‍ യാത്ര സ്വപ്നമായ സഞ്ചാരികള്‍ക്ക് വലിയ അപകടമില്ലാത്ത പോകാന്‍ ആഗ്രഹിക്കാവുന്ന ഒരു പ്രദേശമാണിത്. അതുകൊണ്ടു തന്നെ ഹണിമൂണ്‍ യാത്രികര്‍ക്ക് ഇത് ഏറെ പ്രിയമുള്ള ഇടമാണ്. പ്രകൃതി സൗന്ദര്യത്തിനും പൊഴിഞ്ഞു വീഴുന്ന മഞ്ഞിനുമിടയില്‍ പ്രണയത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകുമോ! ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്്വരയുടെ വടക്ക് ഭാഗത്തായി മണാലി സ്ഥിതി ചെയ്യുന്നു. ഹിമാലയന്‍ മലനിരകളുടെ കാഴ്ച, ദേവദാരു വൃക്ഷങ്ങളാല്‍ നിറഞ്ഞ ചുറ്റുപാടുകള്‍, ബിയാസ് നദി എന്നിവ ഇവിടുത്തെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടെ പോകാന്‍ ഏറ്റവും മികച്ച സമയം. ഡിസംബര്‍ തുടങ്ങുന്നതോടെ അതികഠിനമായ മഞ്ഞുവീഴ്ചയാണിവിടെ.

മണാലി ടൗണും ഓള്‍ഡ് മണാലിയും ആണ് ഇവിടെ മണാലിയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങളില്‍ ഒരാള്‍ സാഹസികത ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് എന്നെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. പക്ഷെ ഹണിമൂണ്‍ യാത്രയ്ക്കാണ് വന്നതെന്നത് മറക്കണ്ട. പോക്ക്റ്റ് കാലിയാക്കാതെ സൗകര്യങ്ങളുള്ള റിസോര്‍ട്ടുകളും മറ്റു താമസ സൗകര്യങ്ങളും ഇവിടെ എല്ലായിടങ്ങളിലും ലഭ്യമാണ്. ട്രാവല്‍ ഏജന്‍സി വഴിയും യാത്രകള്‍ ബുക്ക് ചെയ്യാം

ഫിജി ദ്വീപ്

ദ്വീപും കടല്‍തീരങ്ങളും ഇഷ്ടപ്പെടാത്താവരായി ആരുമില്ല. മണിക്കൂറുകളോളം പഞ്ചാരമണല്‍ വിരിച്ച തീരത്ത് ആര്‍ത്തുല്ലസിക്കാന്‍ എല്ലാവര്‍ക്കും പ്രിയമാണ്. ദ്വീപുകള്‍ ഹണിമൂണിന് പറ്റിയ സ്ഥലങ്ങളാണ്. ബജറ്റിലൊതുങ്ങുന്ന റിസോര്‍ട്ടുകളാണ് ഫിജി ദ്വീപിലുള്ളത്.

ഫിജി തെക്കന്‍ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹം സഞ്ചാരികളുടെ പ്രിയയിടമാണ്. അതിമനോഹരമായ ഭൂപ്രകൃതിയും പവിഴപ്പുറ്റുകളും തെളിമയാര്‍ന്ന കടലിനോട് ചേര്‍ന്ന് കിടക്കുന്ന കായലും ഫിജിയെ ഏറെ ആകര്‍ഷണീയമാക്കുന്നു. സ്‌കൂബ ഡൈവിംങ്ങും വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ആന്‍ഡമാന്‍ നിക്കോബാര്‍

നീല ജലാശയത്തിലൂടെ ഒഴുകി നീങ്ങി എത്തിപ്പെടുന്ന ദ്വീപിലേക്ക് ഒരു ഹണിമൂണ്‍ യാത്ര പോയാലോ? എന്ത് മനോഹരമായിരിക്കും! പച്ചപ്പും നീല കടലും മണല്‍പ്പരപ്പും നിറഞ്ഞ ദ്വീപുകളാണ് ആന്‍ഡമാന്‍ നിക്കോബാറിലുള്ളത്. ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കുഭാഗത്ത് ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ സമൂഹമാണ് ആന്‍ഡമാന്‍ നിക്കോബാര്‍. ബീച്ചുകള്‍ തന്നെയാണ് ഇവിടുത്തെ ഏറ്റവും ആകര്‍ഷകമായ കാഴ്ചയില്‍ ഒന്ന്.

വൃത്തിയുള്ളതും മനോഹരവുമായ ബീച്ചുകളാണ് ഇവിടെയുള്ളത്. തെളിഞ്ഞ വെള്ളം കാണുന്നത് തന്നെ ഒരു ആനന്ദമാണല്ലോ. ആന്‍ഡമാനില്‍ ഏറ്റവും വലിയ ദ്വീപാണ് ഹാവ്ലോക്ക്. ഒരുപക്ഷെ ഗോവയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു ഇടമാണിതെന്നും പറയാം. ഹാവ്ലോക്കിലെ ഏറ്റവും മനോഹരമായ രാധാബീച്ച് കടല്‍ഭംഗി ആസ്വദിക്കാന്‍ സഹായിക്കും. അത്രയധികമൊന്നും മനുഷ്യവാസമില്ലാത്ത ഇടങ്ങളും ഇവിടയുണ്ട്.

പവിഴപ്പുറ്റുകളെയും മനോഹരമായ മത്സ്യ സമ്പത്തിനെയും കണ്ടു ആസ്വദിക്കണമെങ്കില്‍ എലിഫന്റ് ബീച്ച് ഉപയോഗിക്കാം. നീന്തല്‍ വാസമില്ലാത്തവരെ സഹായിക്കാന്‍ ഇവിടെ ഗെയിഡുമുണ്ട്. കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ചെറു ബോട്ടിലൂടെ യാത്രകള്‍ ഇവിടെ ദ്വീപില്‍ പലയിടത്തും സാധ്യമാണ്. നല്ല നാടന്‍ രുചിയുള്ള ഭക്ഷണവും ആന്‍ഡമാനില്‍ ലഭിക്കും

ഫിലിപ്പീന്‍സ്

ചെലവു കുറഞ്ഞ യാത്ര സാധ്യമാകുന്നൊരു നാടാണു ഫിലിപ്പീന്‍സ്. ആയിരക്കണക്കിനു ബീച്ചുകള്‍ നിറഞ്ഞ ഇവിടം പ്രകൃതിഭംഗിയാല്‍ സമ്പന്നമാണ്. ഇന്ത്യയിലെ പല നഗരങ്ങളിലെയും മുന്തിയ ഭക്ഷണശാലകളില്‍ ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ വിലയ്ക്കു ഭക്ഷണവും താമസവും ഉറപ്പാക്കാം. പാനീയങ്ങളും സുലഭം. പെട്രോളിനും താരതമ്യേന വില കുറവാണ്.

സംസ്‌കാരത്തനിമയും ഭക്ഷണ വൈവിധ്യവും അടുത്തറിഞ്ഞു ഷോപ്പിങ്ങും നടത്തന്‍ പറ്റിയയിടമാണ്. ചൂട് കൂടുതലുള്ള നാടാണ് ഫിലിപ്പൈന്‍സ്. എന്നാല്‍ ആ നാട്ടില്‍ തണുപ്പുള്ള കാലാവസ്ഥയുള്ള ഇടങ്ങളുമുണ്ട്. ഏഴായിരം ദ്വീപുകള്‍ കൊണ്ട് സമ്പന്നമാണ് ഫിലിപ്പൈന്‍സ്. അതിലേറ്റവും സുന്ദരമായ ദ്വീപാണ് ബോറക്കേയ്. രാത്രി ജീവിതം ആസ്വദിക്കാനും രസകരമായ പാര്‍ട്ടികള്‍ നടത്താനും ഏറ്റവും പറ്റിയ ദ്വീപാണ് ബോറക്കേയ്. സ്രാവുകള്‍ക്കൊപ്പം നീന്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബൊഹോള്‍ അതിനേറ്റവും ഉചിതമായൊരിടമാണ്. യാത്രക്കൊരുങ്ങുമ്പോള്‍ കാലാവസ്ഥ എപ്രകാരമുള്ളതാണെന്നു മനസിലാക്കി അതിനനുസരിച്ചുള്ള തയാറെടുപ്പ് നടത്തേണ്ടതാണ്.

യാത്ര ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയിലേക്കാണെങ്കില്‍ ഏതെങ്കിലും ട്രാന്‍സ്പോര്‍ട്ട് ആപ്പുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് സഞ്ചാരികള്‍ക്ക് ഏറെ ഗുണകരമായിരിക്കും. മനില ഒരു മെട്രോപൊളിറ്റന്‍ സിറ്റി ആണ്. അതുകൊണ്ടു തന്നെ അതിന്റെതായ തിരക്കുകള്‍ നിറഞ്ഞ ഒരു നഗരവും കൂടിയാണിത്. ഫിലിപ്പൈന്‍സ് സന്ദര്‍ശനം ആദ്യമായാണെങ്കില്‍, നഗരത്തിരക്കുകളില്‍ ടാക്‌സികള്‍ ലഭിക്കുക എന്നത് ഏറെ ശ്രമകരമായിരിക്കും. ഊബര്‍, ഗ്രാബ് കാര്‍, വേസ് എന്നീ ആപ്പുകള്‍ ഫോണില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ യാത്രകള്‍ എളുപ്പമുള്ളതാക്കും. കൊച്ചിയില്‍നിന്നു മനിലയിലേക്ക് നേരിട്ടു ഫ്‌ലൈറ്റ് ഇല്ല. സിംഗപ്പൂരിലോ ക്വാലലംപൂരിലോ മാറിക്കയറണം.

സിംഗപ്പൂര്‍

ഇന്ത്യയ്ക്ക് പുറത്തേക്ക് ഹണിമൂണ്‍ യാത്ര പോകുമ്പോള്‍ ഒരുപക്ഷെ ഏറ്റവുമധികം ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന ഇടം സിംഗപ്പൂര്‍ തന്നെയാകും. ഏറ്റവും വൃത്തിയുള്ള ലോക രാജ്യങ്ങളില്‍ ഒന്ന് എന്നതിനേക്കാള്‍ ഇതേ വൃത്തി സംരക്ഷിച്ച് കൊണ്ട് തന്നെ അവര്‍ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് എടുത്തു പറയേണ്ടത്. കേരളത്തില്‍ നിന്നും നാലര മണിക്കൂര്‍ യാത്രയ്ക്ക് ശേഷം സിംഗപ്പൂരില്‍ എത്തുമ്പോള്‍ ഇവിടെ കാത്തിരിക്കുന്നത് മെട്രോ ട്രെയിനുകളുടെ മനോഹരമായ സൗകര്യങ്ങളാണ്. സര്‍ക്കാര്‍ ഒരുക്കുന്ന ബസ് സൗകര്യവും മെട്രോ ട്രെയിനും സഞ്ചരിക്കാനായി ഉപയോഗിക്കാം, ഒരുപക്ഷെ സ്വകാര്യ വാഹന സമ്പ്രദായത്തെക്കാള്‍ ഇവിടുത്തെ സര്‍ക്കാര്‍ ഏറ്റവുമധികം സപ്പോര്‍ട്ട് ചെയ്യുന്നതും ഇത്തരം സര്‍ക്കാര്‍ സര്‍വ്വീസുകള്‍ തന്നെയാണ്. ജീവിക്കാന്‍ എന്നായി പണം ആവശ്യമുള്ള നഗരം തന്നെയാണ് ഈ ചെറിയ രാജ്യം.

ബീച്ചുകള്‍ ഷോപ്പിംഗ് മാളുകള്‍, തുടങ്ങിയ നിരവധി കാഴ്ചകള്‍ക്കപ്പുറം ആഘോഷങ്ങള്‍ നിറച്ച പബ്ബ്കളും ഇവിടെ അത്രമേല്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗാര്‍ഡന്‍ ബേ, യൂണിവേഴ്സല്‍ സ്റ്റുഡിയോ, സെന്തോസ, മെര്‍ലിയന്‍ പാര്‍ക്ക്, നൈറ്റ് സഫാരി, തുടങ്ങിയ ഒട്ടേറെ മാസ്മരികമായ കാഴ്ചകള്‍ ഇവിടെ ലഭിക്കും.