Auto

ബ്രിട്ടീഷ് വിപണി കീഴടക്കാന്‍ ഓട്ടോറിക്ഷകളുമായി ഓല കാബ്‌സ്

ബ്രിട്ടീഷ് വിപണി കീഴടക്കാന്‍ ഓട്ടോറിക്ഷകളുമായി ഓല കാബ്‌സ്. ആദ്യ ഘട്ടത്തില്‍ ലിവര്‍പൂളിലാണ് ഓലയുടെ ‘ടുക് ടുക്’ സര്‍വീസ് നടത്തുക. യു എസ് കമ്പനിയായ യൂബറുമായി കടുത്ത മത്സരം നടത്തുന്ന ഓല കാബ്‌സ്, ബജാജ് ഓട്ടോ ലിമിറ്റഡും പിയാജിയൊയും നിര്‍മിച്ച ത്രിചക്രവാഹനങ്ങളാണ് ബ്രിട്ടനില്‍ അവതരിപ്പിച്ചത്. ആദ്യ ദിനത്തില്‍ ഓട്ടോറിക്ഷ തിരഞ്ഞെടുത്തവര്‍ക്ക് സൗജന്യ യാത്രയും ഓല കാബ്‌സ് ലഭ്യമാക്കി. ബജാജ് നിര്‍മിച്ച ഓട്ടോറിക്ഷയുമായി ഓല യു കെയുടെ മാനേജിങ് ഡയറക്ടര്‍ ബെന്‍ ലെഗ് തന്നെ യാത്രക്കാരെ കൊണ്ടുപോകാനെത്തിയതും ശ്രദ്ധേയമായി.

കടുംവര്‍ണങ്ങളില്‍ അണിയിച്ചൊരുക്കിയ ‘ടുക് ടുക്’ ആണ് ലിവര്‍പൂള്‍ നഗരവാസികള്‍ക്കായി ഓല അവതരിപ്പിച്ചിരിക്കുന്നത്. സാരഥികളായി നിയോണ്‍ ഗ്രീന്‍ ജാക്കറ്റ് ധരിച്ച ഡ്രൈവര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഈ മേഖലയിലേക്കുള്ള പ്രവേശനം ആഘോഷിക്കാന്‍ ലിവര്‍പൂള്‍ സിറ്റി സെന്ററിലാണ് ഓല ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്രയ്ക്കുള്ള അവസരമൊരുക്കിയത്. ആഗോളതലത്തില്‍ യൂബറിന് വെല്ലുവിളി സൃഷ്ടിക്കാനാണ് ഓലയുടെ തയാറെടുപ്പ്. യാത്രാസാധ്യതകളില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുന്നതിനൊപ്പം ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വിഹിതം നല്‍കിയും വിപണി പിടിക്കാനാണ് ഓലയുടെ നീക്കം.

യാത്രക്കാരുമൊത്തുള്ള ഓട്ടോ സവാരിക്കിടെ നഗരം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പുതിയ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തില്‍ ഇവയ്ക്കു പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുമുള്ള അവസരം ലഭിച്ചെന്ന് ഓല യു കെ മാനേജിങ് ഡയറക്ടര്‍ ബെന്‍ ലെഗ് അഭിപ്രായപ്പെട്ടു. റൈഡ് ഹെയ്‌ലിങ് ആപ്ലിക്കേഷനിലൂടെ ലിവര്‍പൂള്‍ നിവാസികള്‍ക്കു മെച്ചപ്പെട്ട യാത്രാസൗകര്യം മാത്രമല്ല പുത്തന്‍ തൊഴിവസരങ്ങളും ഓല സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഓലയുടെ വരവ് ആഘോഷമാക്കാന്‍ ഏപ്രില്‍ അവസാനിക്കുംമുമ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 50% നിരക്കിളവും വാഗ്ദാനമുണ്ട്. ബ്ലാക്ക് കാബ് ഡ്രൈവര്‍മാരോടാവട്ടെ 10% കമ്മിഷന്‍ മാത്രമാണ് ഓല ഈടാക്കുക. എതിരാളികള്‍ 25% കമ്മിഷന്‍ വാങ്ങുന്ന സ്ഥാനത്താണിതെന്നും ഓല അവകാശപ്പെടുന്നു. യു കെയിലെ കാര്‍ഡിഫില്‍ 2018 ഓഗസ്റ്റിലായിരുന്നു ഓലയുടെ അരങ്ങേറ്റം; തുടര്‍ന്ന് ഒക്ടോബറില്‍ ബ്രിസ്റ്റളിലും നവംബറില്‍ ബാത്തിലും എക്‌സീറ്ററിലും ഓലയെത്തി. വടക്കന്‍ ഇംഗ്ലണ്ടിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓല ഇപ്പോള്‍ ലിവര്‍പൂളില്‍ സാന്നിധ്യം ഉറപ്പിക്കുന്നത്.