Kerala

കേരളത്തിലെ ഏറ്റവും മികച്ച ട്രെക്കിങ് സ്‌പോട്ട് പരിചയപ്പെടാം

സഞ്ചാരികള്‍ തങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത് പലവിധത്തിലാണ് . ചിലര്‍ക്ക് നല്ല റൊമാന്റിക് സ്ഥലം വേണം, ചിലര്‍ക്ക് ബീച്ച് സൈഡ്, മറ്റുചിലര്‍ക്ക് നല്ല തണുപ്പ് കിട്ടുന്ന സ്ഥലം, ചിലരാകട്ടെ സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ്. ഇങ്ങനെ ഏതുതരം സ്ഥലവും തിരഞ്ഞെടുത്ത് യാത്ര ചെയ്യാവുന്ന അനുഗ്രഹീതയിടമാണ് നമ്മുടെ കൊച്ചു കേരളമെന്നത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

കാനനഭംഗി ആസ്വാദനവും അല്പം സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ മിക്കവാറും ട്രക്കിങ് സ്‌പോട്ടുകളായിരിക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുക. മാനസികമായും ശാരീരികമായും മുന്‍കരുതലുകള്‍ എടുക്കേണ്ട ഒരു യാത്രയാണ് ട്രക്കിങ്. കേരളത്തില്‍ ഏറ്റവും മികച്ച ട്രക്കിങ് നടത്താന്‍ കഴിയുന്ന സ്ഥലങ്ങളാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന വെള്ളരിമല, വാവുല്‍ മല എന്നിവ. സമുദ്രനിരപ്പില്‍ നിന്നും 2339 മീറ്റര്‍ മുകളിലായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിലെ അതിമനോഹരമായൊരു ഇടമാണ് വാവുല്‍ മല.

കോഴിക്കോട് നിന്നും എകദേശം അന്‍പത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം വെള്ളരിമലയിലേക്ക്. സഹ്യാദ്രിയോട് അടുത്ത് കിടക്കുന്ന മുത്തപ്പന്‍പുഴ ഗ്രാമത്തില്‍ നിന്നുമാണ് വെള്ളരിമലയിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്. സാധാരണ ഇവിടേക്ക് വരുന്ന ആള്‍ക്കാര്‍ രണ്ട് മൂന്നു ദിവസത്തെ യാത്ര കണക്കാക്കിയാണ് വരാറ്. കാരണം വെള്ളരിമലയും വാവുല്‍ മലയും മസ്തകപ്പാറയുമൊക്കെ കീഴടക്കണമെങ്കില്‍ എത്ര ഫയല്‍വാന്മാര്‍ ആണെങ്കിലും രണ്ട് ദിവസം കുറഞ്ഞത് വേണം.

ഇരുവഞ്ഞിപ്പുഴ ഉത്ഭവിക്കുന്ന മലനിരകളിലേക്കാണ് ഇവിടുത്തെ ട്രക്കിങ്. കാണാനും ആസ്വദിക്കാനും അനുഭവിക്കാനും നിരവധി ഘടകങ്ങള്‍ ഈ ട്രക്കിങ്ങിനിടയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. മുത്തപ്പന്‍പുഴ അല്ലെങ്കില്‍ ആനക്കാംപൊയില്‍ നിന്നും ആവശ്യത്തിന് വേണ്ട വെള്ളവും ഭക്ഷണവും കരുതണം. പിന്നീടങ്ങോട് ജനവാസമില്ല. വെറും കാട് മാത്രമാണ്. വിശന്നാല്‍, ദാഹിച്ചാല്‍ മലയിറങ്ങേണ്ടി വരും എന്തെങ്കിലും കിട്ടാന്‍. വെള്ളരിമലയിലേക്കാണ് മിക്കവരും ട്രക്കിങ് ആരംഭിക്കാറ്. നേരെ അടുത്താണ് തലയുയര്‍ത്തി നില്‍ക്കുന്ന വാവുല്‍ മല. കോടമഞ്ഞു പൊതിഞ്ഞ നിരവധി പര്‍വതനിരകളും ഗൂഡവനവും വന്യമൃഗങ്ങളുടെ സാന്നിധ്യവും സാഹസിക യാത്രികരെ കൂടുതല്‍ ആവേശത്തിലാക്കും.

വന്യമൃഗങ്ങളുടെ കാല്‍പ്പാടുകള്‍ ആനപിണ്ഡവുമൊക്കെ ചിലപ്പോഴൊക്കെ ഈ മൃഗങ്ങളെയൊക്കെ തന്നെ വഴിയില്‍ കാണാം. വന്യമൃഗങ്ങള്‍ തെളിച്ച വഴിയിലൂടെ കാടുകയറുമ്പോഴാണ് ട്രക്കിങിന്റെ യഥാര്‍ത്ഥ അനുഭവം ലഭിക്കുന്നത്. കുത്തനെയുള്ള തീരെ വീതി കുറഞ്ഞ വഴികളും മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളും. കേതന്‍ പാറ, റെക് പാറ (REC പാറ), മസ്തകപാറ എന്നിവയെല്ലാം കണ്ട് അവിടെ നിന്നും തിരിച്ചിറങ്ങാം.

വിശ്രമിച്ച ശേഷം വീണ്ടും കാട്ടിലൂടെ യാത്രചെയ്ത് വാവുല്‍ മല കയറാം. വെള്ളരിമലയേക്കാള്‍ ഉയരമുള്ള മാലയാണിത്. വനസൗന്ദര്യവും തണുപ്പും ആസ്വദിച്ച് കാട്ടരുവികളോട് കിന്നാരം പറഞ്ഞ് പോകുന്ന യാത്ര നയന മനോഹരം കൂടിയാണ്. ചെറുമലകള്‍ക്ക് തൊപ്പി പോലെ അലകൃതമായ മേഘക്കെട്ടുകള്‍ ഏതൊരു യാത്രികന്റെയും മനസില്‍ മറക്കാനാവാത്ത മനോഹര ദൃശ്യങ്ങളുടെ ഒപ്പിയെടുക്കലാകും. ചെറിയ കിടങ്ങുകള്‍ കണ്ട്, വനത്തിന്റെ തണുപ്പും സുഗന്ധവും ആസ്വദിച്ച് വാവുല്‍മല ട്രക്കിങ് പൂര്‍ത്തിയാക്കി ഇറങ്ങാം.

അതല്ലെങ്കില്‍ താമസത്തിന് ചില സ്വകാര്യ റിസോര്‍ട്ടുകളും പുതുതായി ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെക്കുറിച്ച് കൂടുതല്‍ അറിവില്ലാത്തവരാണ് പോകുന്നതെങ്കില്‍ ഗൈഡിനെ കൂട്ടുന്നത് നന്നായിരിക്കും. നാട്ടുകാരോട് അന്വേഷിച്ചാല്‍ സ്ഥലത്തെക്കുറിച്ചുള്ള നിരവധി കഥകളും നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. ശാരീരികക്ഷമതയുള്ളവര്‍ ട്രക്കിങ് തിരഞ്ഞെടുക്കുന്നതാകും നല്ലത്. കാരണം മണിക്കൂറുകള്‍ നീണ്ട് ട്രക്കിങിന് ശേഷം മലമുകളില്‍ വച്ച് എന്തെങ്കിലും അസുഖം ബാധിച്ചാല്‍ പ്രാഥമിക ശുശ്രൂഷ അത്ര എളുപ്പമാകില്ല.വെള്ളരിമലയുടെ സൗന്ദര്യം ആസ്വദിച്ച് ഒരു രാത്രി ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആധുനിക സൗകര്യങ്ങള്‍ കോര്‍ത്തിണക്കിയ റിസോര്‍ട്ടുകളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി വെള്ളരിമല ഇക്കോ ടൂറിസവുമായി ബന്ധപ്പെടാം. +91 9544 828180, +91 9961 078577