India

വേനല്‍ അവധിക്ക് പോകാം ഈ ഇടങ്ങളിലേക്ക്

അവധിക്കാലം എന്നാല്‍ നമുക്ക് ചൂട് കാലം കൂടിയാണ്. മിക്കവരും യാത്ര പ്ലാന്‍ ചെയ്യുന്ന കാലം കൂടിയാണ് അവധിക്കാലം. അങ്ങനെ ചൂട് കാലത്ത് പോകാന്‍ പറ്റിയ തണുപ്പ്
സ്ഥലങ്ങള്‍ നമ്മുടെ ചുറ്റ്‌വട്ടത്ത് തന്നെ ധാരാളമുണ്ട്. യാത്രയ്ക്കായി മാറ്റി വെച്ച അവധിക്കാലം മനോഹരമാക്കാന്‍ പറ്റിയ കുറച്ച് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം.

കുനൂര്‍

തമിഴ്നാട്ടിലെ നീലഗിരി മലനിരകളുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന സഞ്ചാരികളെ മോഹിപ്പിക്കുന്ന ഹില്‍ സ്റ്റേഷനാണ് കുനൂര്‍. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ കുനൂരിനും സ്ഥാനമുണ്ട്. തേയിലത്തോട്ടങ്ങളാണ് കുനൂരിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1502 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തിലെ മുഴുവന്‍ സമയത്തും മഞ്ഞുമൂടി നില്‍ക്കുന്ന പ്രകൃതിയും തണുപ്പും എല്ലാക്കാലത്തും കുനൂരിനെ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാക്കുന്നു

ഊട്ടിയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന, പ്രകൃതിഭംഗി നിറഞ്ഞ ഈ സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഇപ്പോള്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. ധാരാളം വന്യജീവികളും വ്യത്യസ്തതരം പക്ഷികളും മോഹിപ്പിക്കുന്ന താഴ്വരകളും പച്ചപുതച്ച മലനിരകളുമൊക്കെ കുനൂരിലെ സുന്ദരകാഴ്ചകളാണ്.

ചിഖാല്‍ധാര

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് അതിസുന്ദരിയായ ചിഖാല്‍ധാര ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. തിങ്ങിനിറഞ്ഞു നില്‍ക്കുന്ന കാപ്പിത്തോട്ടങ്ങളും കാപ്പിപൂക്കളുടെ മാസ്മരിക സുഗന്ധവും ചിഖാല്‍ധാരയിലെത്തുന്ന സഞ്ചാരികളെ ഹൃദ്യമായി സ്വാഗതം ചെയ്യും. സമുദ്രനിരപ്പില്‍ നിന്നും 1200 ഓളം മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

സുഖകരമായ കാലാവസ്ഥ മാത്രമല്ല, സുന്ദരമായ നിരവധി കാഴ്ചകളും ഈ ഭൂഭാഗത്തെ സഞ്ചാരികളുടെ ഇഷ്ടയിടമാക്കി മാറ്റുന്നു. വേനല്‍ക്കാലത്ത് നിരവധി സഞ്ചാരികളാണ് ചിഖാല്‍ധാരയിലെത്തുന്നത്. മേല്‍ഘട്ട് പര്‍വ്വതനിരകളില്‍, സത്പുര മലകളോടു ചേര്‍ന്നാണ് ഈ സുന്ദരഭൂമിയുടെ സ്ഥാനം. കടുവകളുടെ സംരക്ഷണ കേന്ദ്രം കൂടിയാണ് മേല്‍ഘട്ട്. കടുവകള്‍, കരടികള്‍, മാനുകള്‍, മയിലുകള്‍ തുടങ്ങി അസംഖ്യം വന്യജീവികളെ ചിഖാല്‍ധാര സന്ദര്‍ശനത്തില്‍ കാണുവാന്‍ കഴിയുന്നതാണ്.

പൊന്മുടി

തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന പൊന്മുടി, വേനല്‍ക്കാലത്തു സന്ദര്‍ശിക്കാന്‍ അനുയോജ്യമായ ഒരിടമാണ്. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യമുടി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പൊന്മുടി യാത്രയില്‍ ഹൃദയഹാരിയായ പ്രകൃതിയും കൂട്ടിനുണ്ടാകും.

വര്‍ഷത്തിലെ ഭൂരിപക്ഷം സമയത്തും തണുപ്പും മൂടല്‍മഞ്ഞും നിറഞ്ഞു നില്‍ക്കുന്ന ഇവിടുത്തെ കാലാവസ്ഥ തന്നെയാണ് വേനല്‍ക്കാലങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. തേയിലത്തോട്ടങ്ങളും പച്ചപുതപ്പിന്റെ ആവരണത്താല്‍ ആരെയും ആകര്‍ഷിക്കുന്ന മലനിരകളും ഗോള്‍ഡന്‍ വാലിയിലെ അരുവികളും വെള്ളച്ചാട്ടങ്ങളുമൊക്കെ വേനലില്‍ പൊന്മുടിയിലെത്തുന്ന സഞ്ചാരികളുടെ ശരീരത്തിനും മനസിനും കുളിരു പകരുന്ന കാഴ്ചയാണ്.

യേര്‍ക്കാട്

തെക്കേ ഇന്ത്യയിലെ അതിമനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് യേര്‍ക്കാട്. സുന്ദരിയായ പ്രകൃതിയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സുപ്രധാന ഘടകം. അതുകൊണ്ടുതന്നെയാകണം ‘തെക്കിന്റെ രത്‌നം’ എന്നൊരു വിളിപ്പേരുകൂടിയുണ്ട് യേര്‍ക്കാടിന്. പൂര്‍വ്വഘട്ട മലനിരകളില്‍, സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരത്തിലാണ് യേര്‍ക്കാട് സ്ഥിതി ചെയ്യുന്നത്.

കാപ്പിയും ഓറഞ്ചും സമൃദ്ധമായി വിളയുന്ന ഈ ഭൂമിയില്‍, ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു ഓര്‍ക്കിഡ് തോട്ടവും സ്ഥിതി ചെയ്യുന്നുണ്ട്. വ്യത്യസ്ത തരം പക്ഷികളും ചെറുമൃഗങ്ങളും വാഴുന്ന ഇവിടുത്തെ വനാന്തരങ്ങള്‍ സാഹസികപ്രിയരെയും ഏറെ ആകര്‍ഷിക്കും. കൊടും കാടുകളും മലനിരകളും സുന്ദരമാക്കുന്ന ഇവിടെ വേനല്‍ക്കാലങ്ങളില്‍ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന സമ്മര്‍ ഫെസ്റ്റും സംഘടിപ്പിക്കപ്പെടാറുണ്ട്.

തിര്‍ത്തന്‍വാലി

ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലാണ് തിര്‍ത്തന്‍വാലി എന്ന ഹില്‍സ്റ്റേഷന്‍. വര്‍ഷത്തിലെ എല്ലാ ദിവസവും സഞ്ചാരികളെ സ്വീകരിക്കുന്ന ഇവിടുത്തെ കാലാവസ്ഥ എപ്പോഴും സുഖകരമാണ്. ഡല്‍ഹിയില്‍ നിന്നും റോഡ് മാര്‍ഗം എളുപ്പത്തില്‍ തിര്‍ത്തന്‍വാലിയില്‍ എത്തിച്ചേരാവുന്നതാണ്. സഞ്ചാരികള്‍ക്കായി നിരവധി സാഹസിക വിനോദങ്ങള്‍ ഈ താഴ്വര കാത്തുവെച്ചിട്ടുണ്ട്.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കു ഏറെ ഇഷ്ടപ്പെടും ഇവിടുത്തെ കാഴ്ചകളും അതിനൊപ്പം തന്നെ ട്രെക്കിങ്ങ് പോലുള്ള വിനോദങ്ങളും. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും ഇവിടം സന്ദര്‍ശിക്കാം. ഗ്രേറ്റ് ഹിമാലയന്‍ ദേശീയോദ്യാനം, ജലോരി പാസ്, രഘുപുര്‍ കോട്ട തുടങ്ങി നിരവധി കാഴ്ചകള്‍ ഈ ഭൂമിയെ അതിസുന്ദരിയാക്കുന്നു.

ചൊപ്ത

ഉത്തരാഖണ്ഡ് സഞ്ചാരികളുടെ പ്രിയപ്പെട്ട താവളങ്ങളിലൊന്നാണ്. മനോഹരമായ നിരവധി സ്ഥലങ്ങള്‍ ആ സംസ്ഥാനത്തെ യാത്രികരുടെ പ്രിയപ്പെട്ടതാക്കുന്നു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലാണ് ചൊപ്ത എന്ന ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. സുഖകരമായ കാലാവസ്ഥയും അതിസുന്ദരമായ കാഴ്ചകളും ഇവിടുത്തെ സവിശേഷതയായതുകൊണ്ടു തന്നെ ‘ലിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്നൊരു വിശേഷണം കൂടി ചൊപാതയ്ക്കുണ്ട്.

വളരെ ചെറിയ ഹില്‍സ്റ്റേഷന്‍ ആണെങ്കിലും ധാരാളം സഞ്ചാരികള്‍ ഇവിടെ വര്ഷം മുഴുവന്‍ എത്താറുണ്ട്. ട്രെക്കിങ്ങ് പ്രിയരെയും ഏറെ രസിപ്പിക്കുന്നൊരിടമാണ് ചൊപാത. ഇവിടെ നിന്നും ആരംഭിക്കുന്ന ട്രെക്കിങ്ങ് തുംഗനാഥ് വഴി ചന്ദ്രിലയിലാണ് അവസാനിക്കുക. കുറച്ചേറെ സാഹസികവും ഹരം പകരുന്നതുമാണ് ഈ ട്രെക്കിങ്ങ് എന്നാണ് സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നത്.