Kerala

പൊന്‍മുടി തൂക്കുപാലത്തില്‍ വീണ്ടും വാഹനഗതാഗതം

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ഇടുക്കി പൊന്മുടി തൂക്കു പാലം ഇന്നലെ മുതല്‍ വാഹനങ്ങള്‍ക്ക് തുറന്നു കൊടുത്തു.  ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ 1957 ല്‍ നിര്‍മിച്ച തൂക്കുപാലം കാലപ്പഴക്കത്താല്‍ ശോചനീയാവസ്ഥയില്‍ ആയിരുന്നു. ഇരു വശത്തും വലിച്ചു കെട്ടിയ ഉരുക്കു വടത്തിലാണു തൂക്കുപാലം ഉറപ്പിച്ചു നിര്‍ത്തിയിരുന്നത്. ഇരുമ്പ് ഗര്‍ഡറുകളെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തിയിരുന്ന നട്ടുകളും ബോള്‍ട്ടുകളും ദ്രവിച്ച് പാലം അപകടാവസ്ഥയില്‍ ആയിരുന്നു. നിലത്ത് സ്ഥാപിച്ചിരുന്ന ഷീറ്റുകളിലും വിള്ളല്‍ രൂപപ്പെട്ടിരുന്നു.

നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി 6 ലക്ഷം രൂപ അനുവദിച്ചു. പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പഴകി ദ്രവിച്ച നട്ടുകളും ബോള്‍ട്ടുകളും മാറ്റി പുതിയ ഷീറ്റുകള്‍ നിലത്ത് ഉറപ്പിച്ചു.

സില്‍വര്‍ നിറം മാറ്റി, പട്ടാള പച്ച നിറം പൂശിയതോടെ പാലം കൂടുതല്‍ ഭംഗിയായി. പാലം നിര്‍മിച്ചതിനു ശേഷം ഇതു വരെ 2 തവണ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. ഗതാഗത തിരക്ക് വര്‍ധിച്ചതോടെ തൂക്കുപാലത്തിനു സമീപം സമാന്തര പാലം നിര്‍മിക്കണം എന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.