Adventure Tourism

കറലാട് ചിറയില്‍ നിര്‍ത്തി വെച്ച സിപ്‌ലൈന്‍ പുനരാരംഭിക്കുന്നു

വയനാട് കറലാട് ചിറയ്ക്ക് പുത്തനുണര്‍വേകി, നിര്‍ത്തിവച്ച സിപ്‌ലൈന്‍ പുനരാരംഭിക്കുന്നു. പുതിയ അഥിതിയായി ചങ്ങാടവുമെത്തി. കമ്പിയില്‍ തൂങ്ങിയുള്ള ത്രില്ലടിപ്പിക്കുന്ന സിപ്‌ലൈന്‍ യാത്ര കഴിഞ്ഞ് തിരിച്ചു ചിറയുടെ ഓളപ്പരപ്പിലൂടെ ചങ്ങാടത്തില്‍ മറുകരയെത്തുന്ന പുതിയ സംവിധാനം വിനോദ സഞ്ചാരികളുടെ മനം നിറയ്ക്കും. സിപ്ലൈനിന്റെ മടക്കയാത്രയ്ക്കു മാത്രമല്ലാതെയും ചങ്ങാടയാത്ര ആസ്വദിക്കാം.

കൂട്ടമായെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കളി ചിരികളുമായി ഇനി ഒന്നിച്ച് ഈ പൊയ്കയില്‍ യാത്രയാവാം. 20 പേര്‍ക്ക് ഒന്നിച്ചിരുന്ന് യാത്ര ചെയ്യാന്‍ പറ്റുന്നതാണ് മുള നിര്‍മിതമായ ഈ ചങ്ങാടം. നിലവില്‍ തുഴ,പെഡല്‍ ബോട്ടുകള്‍ ഇവിടെയുണ്ടെങ്കിലും ഇത്രയധികം ആളുകള്‍ക്ക് ഒന്നിച്ചു യാത്ര ചെയ്യുവാന്‍ ഒരുക്കിയ ഈ പുതിയ സംവിധാനം സന്ദര്‍ശകര്‍ക്കു നവ്യാനുഭവമാകും.

ഏക്കര്‍ കണക്കിനു വ്യാപിച്ചു കിടക്കുന്ന ശുദ്ധജല സമ്പുഷ്ടമായ ചിറയില്‍ അക്കരെയിക്കരെ പതിയെ തുഴഞ്ഞു നീങ്ങുന്ന ചങ്ങാട യാത്രയില്‍ ഈ തടാകത്തിന്റെ വശ്യ സൗന്ദര്യം ആവോളം ആസ്വദിക്കാം.

കറലാട് ചിറയുടെ ഏറ്റവും ആകര്‍ഷണ കേന്ദ്രമായ സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായ സിപ്ലൈന്‍ പദ്ധതിയും പുനരാരംഭിക്കുവാനുള്ള നടപടികളായി. വിവിധ കാരണങ്ങളാല്‍ മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു ഈ പദ്ധതി. സിപ്‌ലൈന്‍ നിലച്ചതോടെ ചിറയെ സഞ്ചാരികള്‍ കൈയ്യൊഴിഞ്ഞ മട്ടായിരുന്നു. അത്രയ്ക്ക് ആകര്‍ഷണമായിരുന്നു സിപ്‌ലൈന്‍.

ശുദ്ധ ജല തടാകത്തിനു മുകളിലൂടെ കമ്പിയില്‍ തൂങ്ങിയുള്ള ദൈര്‍ഘ്യമേറിയ യാത്ര സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നു. ഇതു പുനരാരംഭിക്കുവാന്‍ നടപടികളായതോടെ ചിറയുടെ പഴയ പ്രതാപം തിരിച്ചെത്തും. സിപ്ലൈന്‍ ആരംഭിക്കുവാനുള്ള ജോലികളെല്ലാം പൂര്‍ത്തിയായി എഞ്ചിനിയറിങ് വിഭാഗത്തിന്റെ പരിശോധന പൂര്‍ത്തിയാവുന്നതോടെ ഇതു പ്രവര്‍ത്തിച്ചു തുടങ്ങും. രണ്ടു ദിവസത്തിനകം നടപടികളെല്ലാം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.