Middle East

അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം സന്ദര്‍ശകര്‍ക്കായി തുറന്നു

കാത്തിരിപ്പിന് അവസാനമായി. അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന്റെ വാതിലുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ഇതോടെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് പുതിയ പേരുമായി. രാഷ്ട്രത്തിന്റെ കൊട്ടാരം എന്നര്‍ഥം വരുന്ന ഖസ്ര്‍ അല്‍ വതന്‍ എന്നായിരിക്കും കൊട്ടാരം ഇനി അറിയപ്പെടുക.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്നാണ് കൊട്ടാരം സന്ദര്‍ശകര്‍ക്കായി സമര്‍പ്പിച്ചത്.

യു.എ.ഇ.യുടെ സാംസ്‌കാരിക പൈതൃകം അമൂല്യമായതാണെന്നും അത് ഇന്നത്തെയും നാളെത്തെയും തലമുറയ്ക്കായി പരിരക്ഷിക്കപ്പെടേണ്ടതാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. സമൂഹവും സംസ്‌കാരവുംതമ്മിലുള്ള ബന്ധം ശക്തമാക്കുകയെന്ന മഹത്തരമായ ഉദ്യമമാണ് ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയതയുടെ ശക്തമായ സന്ദേശവും പൈതൃകവും വരും തലമുറയിലേക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെ ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതിലൂടെ അടയപ്പെടുത്തുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.

സാംസ്‌കാരിക വിനിമയത്തിലൂടെ പൈതൃകം കാത്തുസൂക്ഷിക്കണമെന്ന വലിയസന്ദേശം നല്‍കിയ യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ കാഴ്ചപ്പാടുകളുടെ പ്രാധാന്യവും ശൈഖ് മുഹമ്മദ് വിശദീകരിച്ചു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ഐക്യം വളര്‍ത്തുന്നതില്‍ ഖസ്ര്‍ അല്‍ വതന് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ.യുടെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ വിശദമാക്കുന്ന അവതരണവും കൊട്ടാരത്തിലെ ആദ്യദിനം നടന്നു.

ചൊവ്വാഴ്ച മുതല്‍ കൊട്ടാരത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് യു.എ.ഇ.യുടെ ഭരണനിര്‍വഹണ രീതികളെക്കുറിച്ചും യു.എ.ഇ. ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത മൂല്യങ്ങളെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും. കൊട്ടാരത്തിന്റെ പ്രധാന അകത്തളത്തിലേക്കാണ് ആദ്യം സന്ദര്‍ശകര്‍ പ്രവേശിക്കുക. കൊട്ടാരത്തിന്റെ പടിഞ്ഞാറ് വശം യു.എ.ഇ. രൂപവത്കരണത്തെക്കുറിച്ചും ഭരണ സംവിധാനത്തെക്കുറിച്ചും വ്യക്തമാക്കുംവിധമാണ്. ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ യോഗങ്ങളും ക്യാബിനറ്റ് സമ്മേളനങ്ങളും നടക്കുന്ന സ്ഥലങ്ങള്‍ കാണാം.

യു.എ.ഇ. സന്ദര്‍ശന വേളയില്‍ ലോകനേതാക്കളും ഭരണാധികാരികളും സമ്മാനിച്ച പാരിതോഷികങ്ങളും ഇവിടെയുണ്ട്. യു.എ.ഇ.യുടെ ഇതുവരെയുള്ള യാത്രയടക്കം ലോകത്തിന്റെ പല മാറ്റങ്ങളും കണ്ടെത്തലുകളും അടയാളപ്പെടുത്തുന്ന അര ലക്ഷത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറിയും സന്ദര്‍ശകര്‍ക്കായി തുറന്നു.

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും, ദുബായ് ഉപ ഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മഖ്തും, ഷാര്‍ജ ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, അജ്മാന്‍ കിരീടാവകാശി ശൈഖ് അമര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, ഉംഅല്‍ ഖുവൈന്‍ കിരീടാവകാശി ശൈഖ് റാഷിദ് ബിന്‍ സൗദ് ബിന്‍ റാഷിദ് അല്‍ മു അല്ല, റാസ് അല്‍ ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, അല്‍ ദഫ്‌റ മേഖല ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അല്‍ ഐനിലെ ഭരണ പ്രതിനിധി ശൈഖ് തനൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍, അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.