Middle East

ദുബൈയില്‍ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിച്ച് മുച്ചക്രവണ്ടികള്‍

ദുബൈ ആഗോള ഗ്രാമത്തിലെ കാഴ്ചകളിലേക്ക് നയിക്കുന്ന സൈക്കിള്‍ റിക്ഷയും, റിക്ഷ കൊണ്ട് ജീവിതം ചവിട്ടുന്ന തൊഴിലാളികളും ശ്രദ്ധേയമാകുന്നു. ലോകം ഗ്ലോബല്‍ വില്ലേജിലേക്ക് ചുരുങ്ങുന്ന ആറുമാസക്കാലം മുച്ചക്രവണ്ടികാര്‍ക്ക് അതിജീവനത്തിന്‍റെ നാളുകള്‍ കൂടിയാണ്.

ലോക സഞ്ചാരികള്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ ദുബൈയിലെ ആഗോളഗ്രാമത്തിലേക്കൊഴുകുമ്പോള്‍ അകത്തു നടക്കുന്ന പൂരത്തിലൊന്നും ശ്രദ്ധകൊടുക്കാതെ സന്ദര്‍ശകരെ സ്വീകരിക്കുന്ന തിരക്കിലാണ് ഈ സൈക്കിള്‍ റിക്ഷാ തൊഴിലാളികള്‍. ആഗോളഗ്രാമത്തിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്ന് പ്രവേശന കവാടത്തിലേക്ക് പ്രത്യേക വീഥിയിലൂടെയുള്ള യാത്രയുടെ ഗരിമയൊന്ന് വേറെതന്നെ. അറബി നാട്ടിന് പരിചയമില്ലാത്ത വണ്ടി അണിയിച്ചൊരുക്കി കവാടത്തില്‍ നിരത്തിയിട്ടിരിക്കുന്നത് കണ്ടാല്‍ ആര്‍ക്കുമൊന്ന് കയറാന്‍ തോന്നും. താഴ്ന്ന നിരക്കില്‍ ലഭിക്കും എന്നതിനൊപ്പം പരിസര മലിനീകരണം ഉണ്ടാവുന്നില്ലെന്നതും മുച്ചക്ര വാഹനത്തോടുള്ള പ്രിയം കൂട്ടുന്നു

സഞ്ചാരികള്‍ക്കിത് വിനദോ സഞ്ചാര ഉപാധിയെങ്കില്‍ മറു വിഭാഗത്തിന് ജീവിതമാണ്. സൈക്കള്‍ റിക്ഷകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന തൊഴിലാളികളിലേറെയും പശ്ചിമ ബംഗാള്‍ രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ പത്തുവര്‍ഷമായി തുടര്‍ച്ചയായി ഉത്സവനാളുകളില്‍ ദുബായിലെത്തുന്ന തൊഴിലാളികളും കൂട്ടത്തിലുണ്ട്. ആറുമാസത്തെ സന്ദശക വിസയിലാണ് വരവ്. നാട്ടില്‍ കൂലി പണിയിലേര്‍പ്പെടുന്നവരാണ് പലരും. ആഗോളഗ്രാമത്തിനകത്തേയും പുറത്തേയും കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് തുറന്ന വാഹനത്തിലൂടെയുള്ള യാത്ര പ്രത്യേക അനുഭവമാണ് ഓരോ സഞ്ചാരിക്കും സമ്മാനിക്കുന്നത്. ദൂരപരിധിക്കനുസരിച്ച് അഞ്ചു മുതല്‍ പത്ത് ദിര്‍ഹം വരെയാണ് ഒരാളോട് ഈടാക്കുന്നത്.