Kerala

കേരള ഉത്തരവാദിത്ത ടൂറിസം മിഷന് മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് ക്ഷണം

ലോകപ്രശസ്തമായ മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് കേരളത്തില്‍ നിന്നുള്ള ഉത്തരവാദിത്ത ടൂറിസം കലായൂണിറ്റുകള്‍ക്ക് ഔദ്യോഗിക ക്ഷണം. മാഞ്ചസ്റ്റര്‍ സിറ്റിയും കേരള ടൂറിസവും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്ന് ആവിഷ്‌കരിച്ച ദീര്‍ഘകാല കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് കേരളത്തില്‍ നിന്നുള്ള കലാപ്രവര്‍ത്തകര്‍ക്കു ക്ഷണം ലഭിച്ചത്.

സംസ്ഥാന ടൂറിസം വകുപ്പിന് ഉത്തരവാദിത്ത ടൂറിസത്തില്‍ രാജ്യാന്തര പുരസ്‌കാരമായ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ഡേ സെലിബ്രേഷന്റെ ക്രീയേറ്റീവ് ഡയറക്ടര്‍ കൂടിയായ  കാന്‍ ഡിഡ ബോയ്സ് കേരളത്തിലെത്തി ടൂറിസം വകുപ്പ് മന്ത്രിയെന്ന നിലയില്‍ എന്നെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കലാകാരന്മാര്‍ക് മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുമെന്നതിനാലും കേരള ടൂറിസത്തിന് മാര്‍ക്കറ്റിംഗില്‍ ലഭിക്കുന്ന അനന്തമായ സാധ്യതകള്‍ മുന്‍കൂട്ടികണ്ടും സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ്  കാന്‍ഡിഡ ബോയ്സിനെ കേരളത്തിലേക്ക് ഈ കൂടികാഴ്ച്ചയ്ക്കായി ക്ഷണിക്കുകയും തുടര്‍ന്ന് നടന്ന കൂടിക്കാഴ്ച്ചയില്‍ ഒരു ദീര്‍ഘകാല കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാം ആവിഷ്‌കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കേരളത്തിലെ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസം മേഖലയ്ക്കും ഒരുപോലെ ഗുണപരമാകുമെന്ന പ്രതീക്ഷയില്‍ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളില്‍ മാഞ്ചസ്റ്ററിലെ മലയാളി അസോസിയേഷന്‍ നടത്തിയ ഇടപെടല്‍ എടുത്തു പറയേണ്ടതാണ്.

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം രജിസ്റ്റേര്‍ഡ് കള്‍ച്ചറല്‍ ഗ്രൂപ്പുകള്‍ സന്ദര്‍ശിക്കാനും അവരുടെ വിവിധ കലാപ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനും അന്ന് കാന്‍ഡിഡ ബോയ്സ് സമയം കണ്ടെത്തിയിരുന്നു. വൈക്കത്തെയും തിരുവന്തപുരം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെയും ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റുകളും മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ ശ്രീമതി. കാന്‍ഡിഡ ബോയ്സിന് നേരില്‍ കാണിച്ച് പരിചയപ്പെടുത്തിയിരുന്നു. ഈ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ തെയ്യത്തിന്റെ മുഖരൂപങ്ങള്‍ ഉണ്ടാക്കുന്നവര്‍, യക്ഷഗാന ബൊമ്മയാട്ടം, തീയാട്ട് കളം, കഥകളി എന്നിവ ഉള്‍പ്പെടയുള്ള വിവിധ കലാപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച അവര്‍ ഇതില്‍ നിന്നും ഒന്നാം ഘട്ടമെന്ന നിലയില്‍ പ്രസ്തുത കലാരൂപങ്ങളുടെ ത്രിമാന നിര്‍മ്മിതികള്‍ ഈ വര്‍ഷത്തെ മാഞ്ചസ്റ്റര്‍ സിറ്റി ഡേ പ്രോഗ്രാമിന്റെ മുഖ്യ ആകര്‍ഷണമായി മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് പ്രോഗ്രാമില്‍ ഭാഗമാക്കുന്നതിനായി ആദ്യ ഘട്ടത്തില്‍ തെരെഞ്ഞടുത്ത കാസര്‍കോട് നിന്നുള്ള ആര്‍.ടി മിഷന്‍ കള്‍ച്ചറല്‍ ഗ്രൂപ് അംഗമായ  അനില്‍ കാര്‍ത്തികയെയും കൊല്ലം ചന്ദനത്തോപ്പിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ നിന്നുള്ള രണ്ടു കലാ വിദ്യാര്‍ത്ഥികളെയും ക്ഷണിച്ചത്. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും പ്രമുഖ ടൂര്‍ കമ്പനിയായ ഇന്റര്‍സൈറ്റ് ഹോളിഡേയ്സിന്റെ യു.കെ പ്രതിനിധിയുമായ വില്‍സണ്‍ മാത്യു എനിക്ക് ഔദ്യോഗിക ക്ഷണക്കത്ത് കൈമാറി.

തെരെഞ്ഞെടുക്കപ്പെട്ട കലാപ്രവര്‍ത്തകര്‍ക്കുള്ള ചിലവുകള്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്രൊവിന്‍സ് ആര്‍ട്ട് കൗണ്‍സില്‍ വഹിക്കും. 2020ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഒരു ആഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന കേരള ഫെസ്റ്റ് നടത്തുന്നതിനുള്ള സന്നദ്ധതയും പ്രസ്തുത കൗണ്‍സില്‍ കത്തിലൂടെ അവര്‍ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായി വരുന്ന ഫണ്ടിന്റെ സിംഹഭാഗവും മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലും, വാക്ക് ദ പ്ലാങ്ക്, ഇംഗ്ലണ്ട് ആര്‍ട്സ് കൗണ്‍സിലും വഹിക്കും.

കേരളടൂറിസവും ഉത്തരവാദിത്ത ടൂറിസം മിഷനും മാഞ്ചസ്റ്റര്‍ സിറ്റിയും ചേര്‍ന്ന് ഒരു ദീര്‍ഘകാല കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന് തുടക്കമിടാന്‍ അവസരം ലഭിച്ചത് കേരളത്തിലെ കലാപ്രവര്‍ത്തകര്‍ക്കു പ്രത്യേകിച്ചും കേരള ടൂറിസത്തിനു പൊതുവിലും വലിയ കുതിച്ചു ചാട്ടത്തിനു സഹായകമാകും. സംസ്ഥാന ടൂറിസത്തിനും ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തങ്ങള്‍ക്കും ലഭിച്ച വലിയ അംഗീകാരമായി ഈ കള്‍ച്ചറല്‍ എക്സ്ചേഞ്ചു പ്രോഗ്രാമിനുള്ള ക്ഷണത്തെ നമുക്ക് കാണാം. ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ സംസ്ഥാനത്ത് നടക്കുന്ന കള്‍ച്ചറല്‍ എക്സ്പീരിയന്‍സ് പ്രവര്‍ത്തനങ്ങള്‍ ഇതോടെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരുകയാണ്.