Kerala

മലപുറത്ത് ഇനി വിളിപ്പുറത്തെത്തും കുടുംബശ്രീയുടെ പൊതിച്ചോറ്

തിരക്ക് പിടിച്ച് ഓട്ടത്തനിടയില്‍ വീട്ടിലെ ആഹാരം മിസ് ചെയ്യുന്നവരാണ് മിക്ക മലയാളികളും എന്നാല്‍ അതിനൊരു പരിഹാരമുണ്ടാക്കുകയാണ് മലപ്പുറത്ത് കുടുംബശ്രീ വീട്ടമ്മമാര്‍. ഒറ്റ് ഫോണ്‍വിളിയില്‍ നല്ല കൈപുണ്യമുള്ള ചോറും കറിയും ഓഫീസുകളിലെത്തും. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനാണ് പൊതിച്ചോറ് പദ്ധതി തുടങ്ങിയത്.

ജില്ലാ ആസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലുള്ളവര്‍ക്കായി ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്. പൊതിച്ചോറെന്നാണ് പേരെങ്കിലും നല്ല സ്റ്റീല്‍പാത്രങ്ങളിലാണ് ഭക്ഷണമെത്തിക്കുക. വേണമെങ്കില്‍ വാഴയിലയിലും നല്‍കും. 9744410738 എന്ന നമ്പറിലോ, കുടുംബശ്രീയുടെ ജില്ലാ മിഷന്‍ ഓഫീസിലോ വിളിച്ചാല്‍മതി. 40 രൂപയ്ക്ക് ചോറി, രണ്ടുതരം കറി, ഉപ്പേരി, ചമ്മന്തി, പപ്പടം, അച്ചാര്‍, തിളപ്പിച്ചാറ്റിയ കുടിവെള്ളം എന്നിവ ഉച്ചയൂണിന് ലഭിക്കും.

ഏറ്റവുംവലിയ സവിശേഷത ഭക്ഷണാവശിഷ്ടങ്ങള്‍ തിരിച്ചുകൊണ്ടുപോകുമെന്നതാണ്. ആദ്യഘട്ടത്തില്‍ സിവില്‍സ്റ്റേഷനിലെ ഓഫീസുകളിലേക്കാണ് വിതരണമെങ്കിലും വൈകാതെ സ്വകാര്യസ്ഥാപനങ്ങളിലേക്കും ലഭ്യമാക്കും. വൈകുന്നേരങ്ങളില്‍ ചപ്പാത്തിയും കറിയും നല്‍കാനും പദ്ധതിയുണ്ട്

കുടുംബശ്രീ ജില്ലാമിഷന്റെ ഓഫീസിലേക്ക് ആദ്യ ഓര്‍ഡര്‍ നല്‍കി ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ സി.കെ.ഹേമലത പദ്ധതി ഉദ്ഘാടനംചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകരുടെ വീടുകളില്‍ തയ്യാറാക്കുന്ന ഭക്ഷണമാണ് വിതരണംചെയ്യുന്നത്. ആദ്യ ദിവസം സാമ്പാറ്, മീന്‍കറി, വാഴക്കൂമ്പ് ഉപ്പേരി, പപ്പടം, അച്ചാറ്, വറുത്ത മുളക് എന്നിവയായിരുന്നു വിഭവങ്ങള്‍. പദ്ധതി വിജയകരമായാല്‍ രാവിലത്തെ ഭക്ഷണംകൂടി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് സി.കെ. ഹേമലത പറഞ്ഞു.