Kerala

മൂന്നാറില്‍ ഇനി 24 മണിക്കൂറും പൊലീസിന്റെ സേവനം

കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ മൂന്നാറില്‍ ഇനി 24 മണിക്കൂറും പൊലീസിന്റെ സേവനം. ലോക്‌സഭാ തിരഞ്ഞെടുപ്പും ഏപ്രിലില്‍ ടൂറിസം സീസണ്‍ ആരംഭിക്കുന്നതും മുന്നില്‍ കണ്ടാണ് ഡിവൈഎസ്പി ഡി.എസ്.സുനീഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം പൊലീസ് കണ്‍ട്രോള്‍ റൂം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്.


മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ഈ സംവിധാനം ഒരു വര്‍ഷമായി ഉദ്യോഗസ്ഥരുടെ കുറവ് മൂലം പ്രവര്‍ത്തനം ഇല്ലാതെ കിടക്കുകയായിരുന്നു. കണ്ണന്‍ ദേവന്‍ കമ്പനി റീജനല്‍ ഓഫിസിന് സമീപം അടച്ച് പൂട്ടി കിടന്ന കണ്‍ട്രോള്‍ റൂം കെട്ടിടം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പ്രവര്‍ത്തന സജ്ജമാക്കി കഴിഞ്ഞു. ഒരു എഎസ്‌ഐയുടെ നേതൃത്വത്തില്‍ 3 പേര്‍ അടങ്ങിയ സംഘമാണ് ഇവിടെ 24 മണിക്കൂറും ഡ്യൂട്ടിയില്‍ ഉണ്ടാകുക.

ഇതുകൂടാതെ മുടങ്ങിക്കിടന്ന ടൂറിസം പൊലീസിന്റെ സേവനവും ഈ ഓഫിസ് കേന്ദ്രീകരിച്ച് പുനരാരംഭിക്കും. 4 ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തില്‍ ഉള്ളത്. ഉദ്യോഗസ്ഥരുടെ എണ്ണം തീരെ കുറവായ മൂന്നാറില്‍ നിലവില്‍ രാത്രി 8 കഴിഞ്ഞാല്‍ പൊലീസിന്റെ സാന്നിധ്യം ഇല്ല. ഏപ്രിലില്‍ അടുത്ത ടൂറിസം സീസണ് തുടക്കം ആകുന്നതോടെ വിനോദസഞ്ചാരികളുടെ തിരക്ക് ആരംഭിക്കും.