Places to See

ഏഷ്യയിലെ പത്ത് മനോഹര ബീച്ചുകളില്‍ മൂന്നും ഇന്ത്യയില്‍; അറിയാം ആ ബീച്ചുകള്‍

കാടിനു നടുവിലൂടെയുള്ള സാഹസിക യാത്ര കഴിഞ്ഞ് നേരെ കയറി ചെല്ലേണ്ടത് പഞ്ചാര മണല്‍ പരപ്പിലേക്കാണ്. കണ്ണെത്താത്ത മണല്‍പ്പരപ്പില്‍ നിരന്തരം മുത്തമിടുന്ന നീലക്കടല്‍. സന്ധ്യാനേരത്ത് അവിടെ നിന്നാല്‍ സര്‍റിയല്‍ പെയിന്റിംഗ് പോലെ മനോഹരമായ സൂര്യാസ്തമയം കാണാം, ട്രീ ഹൌസ് ഹോട്ടലില്‍ നിന്ന് രുചിയുള്ള ഭക്ഷണം കഴിക്കാം, കടല്‍ക്കാറ്റേറ്റ് കരിക്കിന്‍ വെള്ളം നുകരാം, കടല്‍ക്കരയിലെത്തുന്ന എണ്ണിയാലൊടുങ്ങാത്ത അപൂര്‍വയിനം പക്ഷികളെ കാണാം.. ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി യാത്രക്കാര്‍ ഇന്ത്യയിലെ ആന്‍ഡമാനിലെ രാധാനഗര്‍ ബീച്ചിനെ തിരഞ്ഞെടുക്കുന്നത് ഇതൊക്കെക്കൊണ്ടാണ്.

ട്രിപ്പ് അഡൈ്വസര്‍ ഏജന്‍സി നടത്തിയ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോഴാണ് ഇന്ത്യന്‍ ബീച്ചുകള്‍ക്ക് ഇത്രയും ആരാധകരുണ്ടെന്ന് ലോകമറിയുന്നത്. ഒന്നാം സ്ഥാനത്തെത്തിയ രാധാ നഗര്‍ ബീച്ചുള്‍പ്പടെഏഷ്യയിലെ ഏറ്റവും മികച്ച പത്ത് ബീച്ചുകളില്‍ മൂന്നും ഇന്ത്യയില്‍ നിന്നുള്ളവ തന്നെയാണ്. ഇന്‍ഡോനേഷ്യയിലെ കെലിങ് കിംഗ് ബീച്ചാണ് രണ്ടാം സ്ഥാനത്ത്.

തായ്ലന്‍ഡിലെ നായ് ഹരന്‍ ബീച്ച് യാത്രക്കാരുടെ വോട്ടു പ്രകാരം മൂന്നാം സ്ഥാനം നേടി. ഗോവയിലെ അഗോണ്ട ബീച്ചും വാര്‍ക്ക ബീച്ചും യഥാക്രമം നാലും ഏഴും സ്ഥാനങ്ങള്‍ നേടികൊണ്ട് ഇന്ത്യയ്ക്ക് അഭിമാനമായി. ലോകത്തെ ഏറ്റവും മികച്ച ബീച്ചായി യാത്രക്കാര്‍ അടയാളപ്പെടുത്തുന്നത്ബ്രസീലിലെ ബായ ഡോ സാഞ്ചോ ബീച്ചിനെയാണ്.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ ഹാവ്‌ലോക്ക് ദ്വീപില്‍ രാധ നഗര്‍ ബീച്ചുള്‍പ്പടെ പ്രശസ്തമായ നിരവധി ബീച്ചുകളാണുള്ളത്. ആനകള്‍ നീന്തി നടക്കുന്നതിലൂടെ പ്രശസ്തമായ ഈ കടലിന്റെ അന്തര്‍ ഭാഗത്ത് നിരവധി പുറ്റുകളുമുണ്ട്. ഈ പ്രദേശത്തെ എലിഫന്റ് ബീച്ചുകളും മറ്റും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നത് ജലത്തിനടിയില്‍ സാധ്യമാകുന്ന കായിക വിനോദങ്ങള്‍ കൊണ്ടുകൂടിയാണ്.

ജലത്തിനടിയിലൂടെ യാത്ര ചെയ്യാനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ച് കടലിനുള്ളിലൂടെയുള്ള യാത്ര, സ്‌ക്യൂബാ ഡൈവിംഗ്, തുടങ്ങിയവയൊക്കെയാണ് ലോകത്തെമ്പാടുമുള്ള സാഹസിക യാത്ര പ്രേമികളെ ആന്ഡമാനിലേക്ക് ആകര്‍ഷിക്കുന്നത്. ആന്‍ഡമാന്‍ കടല്‍ തീരത്തുള്ള ജീവിതവും സംസ്‌കാരവും രുചിയുള്ള സീ ഫുഡും യാത്രക്കാര്‍ എടുത്ത് സൂചിപ്പിക്കുന്നുണ്ട്. കടല്‍ തീരത്തുകാണുന്ന മരങ്ങള്‍ അപൂര്‍വയിനം പക്ഷികള്‍ വിരുന്നെത്തുന്ന സ്ഥലം കൂടിയാണ്.