Kerala

അന്‍പതില്‍ തിളങ്ങി നിത്യഹരിതയായ മലമ്പുഴ യക്ഷി

നിത്യഹരിതയായ യക്ഷി സുന്ദരി അന്‍പതാണ്ടു പിന്നിടുമ്പോള്‍ ശില്‍പി കാനായി കുഞ്ഞിരാമനും 81 വയസ്സിന്റെ ചെറുപ്പം. ഇന്നലെ അവരുടെ പിറന്നാള്‍ ആഘോഷമായിരുന്നു, മലമ്പുഴയുടെ മനോഹാരിതയില്‍. 50 വയസ്സായ യക്ഷി ശില്‍പത്തിനും 81 വയസ്സിലേക്കു കടന്ന ശില്‍പി കാനായി കുഞ്ഞിരാമനും ആശംസകളറിയിക്കാന്‍ മലമ്പുഴ ഉദ്യാനത്തില്‍ ജനം തടിച്ചു കൂടി. കേരള ലളിതകലാ അക്കാദമിയാണു പിറന്നാളുകള്‍ ആഘോഷിച്ചത്. കാനായിയെ ആദരിക്കുന്നതിന്റെ ഭാഗമായി 12 ദിവസം നീളുന്ന ‘യക്ഷിയാനം’ പരിപാടിക്കും യക്ഷി പാര്‍ക്കില്‍ തുടക്കമായി.


ജില്ലാ ഭരണകൂടം, ഡിടിപിസി, ടൂറിസം വകുപ്പ്, ജലവിഭവ വകുപ്പ്, ഒ.വി. വിജയന്‍ സ്മാരക സമിതി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. കലാകാരന്മാരും സാംസ്‌കാരിക സ്ഥാപനങ്ങളും വെല്ലുവിളി നേരിടുന്ന ഈ കാലത്ത് ശക്തമായ താക്കീതാണു യക്ഷി ശില്‍പമെന്നു മന്ത്രി പറഞ്ഞു. 80 വയസ്സിലും മനസ്സുകൊണ്ടു ചെറുപ്പക്കാരനായ കാനായി കനത്ത സദാചാര വേട്ടയാടലുകളെ അതിജീവിച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച യക്ഷി ശില്‍പവും മന്ത്രി അനാച്ഛാദനം ചെയ്തു. എം.ബി. രാജേഷ് എംപി അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ശാന്തകുമാരി, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, ഭക്ഷ്യസുരക്ഷാ കമ്മിഷണറും എഴുത്തുകാരനുമായ കെ.വി. മോഹന്‍കുമാര്‍, ആര്‍ഡിഒ ആര്‍. രേണു, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ കെ.പി. ഷൈജ, പഞ്ചായത്ത് അധ്യക്ഷ ഇന്ദിരാ രാമചന്ദ്രന്‍, അകത്തേത്തറ പഞ്ചായത്ത് അധ്യക്ഷന്‍ ഡി. സദാശിവന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. രാജന്‍, പഞ്ചായത്ത് അംഗം എന്‍. ബാബു, ഗുരുവായൂര്‍ ചുമര്‍ ചിത്രകലാ പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ കൃഷ്ണകുമാര്‍, ടി.ആര്‍. അജയന്‍ എന്നിവര്‍ പ്രസംഗിച്ചു. മലമ്പുഴ ഉദ്യാനത്തിനു മുന്നില്‍നിന്നു വിളംബര ജാഥയോടെയാണ് യക്ഷിയാനം തുടങ്ങിയത്.

കാനായിയെ ആദരിക്കുന്നതിന്റെ ഭാഗമായി ഉദ്യാനത്തിനകത്തെ യക്ഷി പാര്‍ക്കില്‍ മാര്‍ച്ച് 12വരെ നടത്തുന്ന യക്ഷയാനം പരിപാടിയില്‍ പ്രവേശനം സൗജന്യം. കെഎസ്ഇബിയുടെ പവര്‍ ഹൗസിലേക്കുള്ള ഗേറ്റ് വഴിയാണു പ്രവേശനം. ഇതിന്റെ ഭാഗമായി പാരമ്പര്യ ആദിവാസി ഗോത്ര ഗ്രാമീണ ചിത്രകാരും ദാരു, ലോഹ, ടൊറൊകോട്ട ശില്‍പികളും ഒരുക്കുന്ന ചിത്ര-ശില്‍പ കലാക്യാംപിനും തുടക്കമായി. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ക്യാംപ് ഉദ്ഘാടനം ചെയ്തു. യക്ഷി വെങ്കല പ്രതിമയാക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.