Kerala

മെട്രോ യാത്രയിലറിയാം ഇനി ചരിത്രം, സിനിമ, ആഹാരം

പശ്ചിമഘട്ടത്തിന്റെ കുളിര്‍മയില്‍ തുടങ്ങി, കഥകള്‍ പലത് അറിഞ്ഞ്, അത്തച്ചമയവും കണ്ടു കൊച്ചി മെട്രോയിലെ യാത്ര തൃപ്പൂണിത്തുറയില്‍ കയറിന്റെ ചരിത്രമറിഞ്ഞ് അവസാനിപ്പിക്കാം.


ഇപ്പോള്‍ ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെ ഓടുന്ന മെട്രോയുടെ എല്ലാ സ്റ്റേഷനുകള്‍ക്കും ഓരോ ‘ തീം ‘ ഉള്ളതുപോലെ ശേഷിക്കുന്ന സ്റ്റേഷനുകളുടെയും പ്രമേയം നിശ്ചയിച്ചു. അടുത്തമാസം ഇതിന്റെ ജോലികള്‍ ടെന്‍ഡര്‍ ചെയ്യും. ജൂണില്‍ തൈക്കൂടംവരെയുള്ള മെട്രോ സര്‍വീസ് ആരംഭിക്കും.

റെയില്‍വേ സ്റ്റേഷനും മെട്രോ സ്റ്റേഷനും തൊട്ടുചേര്‍ന്നു വരുന്ന സൗത്തില്‍ കേരളാ ടൂറിസമാണു വിഷയം. കേരളത്തിന്റെ പ്രാചീന ചരിത്രത്തിലെ വിദേശ സഞ്ചാരികളുടെ വരവുമുതല്‍ തുടങ്ങും ടൂറിസത്തിന്റെ ചരിത്രം. കടവന്ത്രയിലേക്കെത്തുമ്പോള്‍ അച്ചടിയുടെയും പത്രങ്ങളുടെയും ചരിത്രമാണ് ഇതള്‍വിരിക്കുന്നത്.

എളംകുളം സ്റ്റേഷനില്‍ മലയാള സിനിമ പൂത്തുലയും. വെള്ളിത്തിരയിലെ നിത്യഹരിത നായക- നായികമാര്‍ക്കൊപ്പം പ്രമുഖ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരെയും ഇവിടെ അനുസ്മരിക്കാം. ആദ്യ സിനിമയും ആദ്യ കൊട്ടകയും മലയാള സിനിമയുടെ നേട്ടങ്ങളുമൊക്കെയുണ്ടാവും. രാജ്യത്തെതന്നെ ഗതാഗതചരിത്രത്തില്‍ പുതുചരിതമെഴുതുന്ന വൈറ്റില മൊബിലിറ്റി ഹബ്ബിലെ മെട്രോ സ്റ്റേഷനു കൊച്ചിയുടെ ഗതാഗതമല്ലാതെ മറ്റെന്തു വിഷയം. കടവത്തെ തോണിമുതല്‍ ബോട്ടും കാളവണ്ടിയും പഴയകാല വാഹനങ്ങളും ട്രെയിനും ആകാശ യാത്രകളും കൊച്ചിയുടെ ഗതാഗത ചരിത്രം ഓര്‍മിപ്പിക്കും. തൈക്കൂടത്തിനു രുചിയാണു പ്രമേയം. ഇത് എങ്ങനെവേണമെന്നു ഭക്ഷണവിദഗ്ധരോടും തീറ്റപ്രിയരോടും അഭിപ്രായം തേടുമെന്നതും പ്രത്യേകതയാണ്. പേട്ടയിലെത്തുമ്പോള്‍ കൊച്ചിയുടെ മീന്‍പിടിത്ത ഓര്‍മകള്‍ വരും. മീന്‍പിടിത്ത രീതികള്‍, കേരളത്തിലെ തനതു മല്‍സ്യങ്ങള്‍, ആധുനിക മീന്‍പിടിത്തം, ട്രോളറുകള്‍, ഹാര്‍ബറുകള്‍ എന്നിവയെല്ലാം ഉണ്ടാവും. വടക്കേക്കോട്ടയില്‍ കൊച്ചി രാജവംശവും അത്തച്ചമയവുമാണു വിഷയം. എസ്എന്‍ ജംക്ഷനില്‍ കയറിന്റെ ചരിത്രം പ്രമേയമാവും.

പശ്ചിമഘട്ടമാണു കൊച്ചി മെട്രോയുടെ പൊതു പ്രമേയം. ഓരോ സ്റ്റേഷനുകള്‍ക്കും പ്രത്യേകം തീമുകളുമുണ്ട്. കായികം, മഴ, സസ്യജാലം, കുന്നുകള്‍, ചിത്രശലഭങ്ങള്‍, പാമ്പുകള്‍, നാവികപാരമ്പര്യം, സംസ്‌കാരം, സുഗന്ധദ്രവ്യങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണു മറ്റു സ്റ്റേഷനുകളുടെ പ്രമേയങ്ങള്‍.