Kerala

ഉത്തരവാദിത്ത ടൂറിസത്തിന് ധര്‍മ്മടത്ത് തുടക്കമായി

കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം പരിപാടിയ്ക്ക് കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്ത് തുടക്കമായി. ടൂറിസം വികസനത്തില്‍ പ്രാദേശികമായ പ്രാതിനിധ്യം ഉറപ്പാക്കുകയും അതുവഴി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും ലക്ഷ്യം വച്ചു കൊണ്ട് 2007 ലാണ് ഈ പദ്ധതി തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ തുടങ്ങിയത്. പിന്നീട് സംസ്ഥാനത്തെ വിവിധ ടൂറിസം മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

പിണറായി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ചുള്ള ഏകദിന അവബോധന ശില്‍പ്പശാലയും നടന്നു.

പിണറായി പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗീതമ്മ അധ്യക്ഷയായിരുന്ന ചടങ്ങില്‍ ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ സ്വാഗതവും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ സിബിന്‍ പി പോള്‍ നന്ദിയും പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസത്തിന്റെ നടത്തിപ്പിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വിശദമായ ക്ലാസും ചോദ്യോത്തരപരിപാടിയും കെ രൂപേഷ് കുമാര്‍ നയിച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രമാണ് ധര്‍മ്മടത്തിന് പറയുവാനുള്ളത്. മൂന്നു വശത്തും അഞ്ചരക്കണ്ടി പുഴയും ഒരു വശം അറബിക്കടലും ധര്‍മ്മടത്തിന്റെ ഭംഗി കൂട്ടുന്നു. ധര്‍മ്മപട്ടണം എന്നറിയപ്പെട്ടിരുന്ന ഇവിടം പണ്ട് ബുദ്ധമത കേന്ദ്രമായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഹീബ്രു, അറബ് ഭാഷകള്‍ക്കൊപ്പം പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ബ്രിട്ടീഷ് കപ്പല്‍ രേഖകളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

തെയ്യം, വിവിധ തരത്തിലുള്ള പരമ്പരാഗത കരകൗശല വിദ്യകള്‍ എന്നിവയ്ക്ക് ധര്‍മ്മടം പ്രശസ്തമാണ്. കണ്ണൂര്‍ ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം ആരംഭിച്ചതിനു ശേഷം വിവിധ ഭാഗങ്ങളിലായി 1000 ഓളം ആര്‍ടി യൂണിറ്റുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിയോജക മണ്ഡലം പ്രതിനിധി പി ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ സജീവന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മോഹനന്‍, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ബാലഗോപാലന്‍, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി ഹബീസ്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ലക്ഷ്മി, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സീത, കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ഗിരീശന്‍, , ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ടി റംല പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ശോഭ, ജില്ലാപഞ്ചായത്തംഗങ്ങളായ പി വിനീത, പി ഗൗരി, കെ മഹിജ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി മുരളീധരന്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.