India

നംഡഫ; കാടിനെ പകര്‍ത്താന്‍ താത്പര്യമുള്ളവര്‍ തീര്‍ച്ചയായും പോകേണ്ട ഇടം

പ്രകൃതിയുടെ വര്‍ണ്ണ വൈവിധ്യം കൊണ്ട് സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടമാണ് അരുണാചല്‍പ്രദേശ്. അരുണാചലില്‍ കിഴക്കന്‍ ഹിമാലയത്തിലെ ചാങ്‌ലാങ് ജില്ലയിലെ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നംഡഫ. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസയാണ് ഇവിടം.


ഇന്ത്യയിലെ തന്നെ പേരുകേട്ട ദേശീയോദ്യാനങ്ങളിലെന്നാണ് നംഡഫ. രാജ്യത്തെ പതിനഞ്ചാമത്തെ കടുവാ സംരക്ഷണ പ്രദേശം കൂടിയാണ് നംഡഫ. നിബിഡമായ മഴക്കാടുകള്‍ ഏതൊരു സഞ്ചാരിയേയും ആകര്‍ഷിക്കുന്നതാണ്.

ഹൂലോക്ക് ഗിബ്ബണ്‍, ഏഷ്യന്‍ ഗോള്‍ഡന്‍ ക്യാറ്റ്, ഹിമാലയന്‍ കറുത്ത കരടി, പട്കായി ഭാഗത്ത് കാണുന്ന കാട്ടാട്, ആന, പോത്ത്, മസ്‌ക് ഡീര്‍, സ്ലോ ലോറിസ്, ബിന്‍ടുരോങ്ക്, ചുവന്ന പാണ്ട എന്നിവയാണ് ഈ പ്രദേശത്ത് കാണുന്ന ജീവികള്‍. വിവിധ തരത്തിലുള്ള ചിത്രശലഭങ്ങളെയും ഇവിടെ കാണാം. കടുവ, പുലി, മഞ്ഞ് പുലി, ക്ലൗഡഡ് ലെപ്പേര്‍ഡ് എന്നിവ നംഡഫയിലെ ഉയര്‍ന്ന മേഖലയില്‍ മാത്രം കണ്ടുവരുന്നവയാണ്. ഹിമപ്പുലി അപൂര്‍വ ഇനത്തില്‍പ്പെട്ടതാണ്.

റെയിന്‍ അല്ലെങ്കില്‍ എയര്‍ മാര്‍ഗങ്ങളിലൂടെ എത്തുന്നവര്‍ക്ക് അസമിലെത്തി മിയാവോ വഴി നംഡഫയിലെത്താം. അസമിലെ ടിന്‍സുകിയ റെയില്‍വേ സ്റ്റേഷനാണ് അടുത്തുള്ളത്. ഡെബാനില്‍ നിന്ന് ഇവിടേക്ക് 141 കിലോമീറ്ററാണ് ദൂരം.

വിമാനമാര്‍ഗം എത്തുന്നവര്‍ക്ക് അസമിലെ ദിബ്രുഗറിലെ മോഹന്‍ബാരിയാണ് നംഡഫ നാഷനല്‍ പാര്‍ക്കിന് അടുത്തുള്ള വിമാനത്താവളം. ഡെബാനില്‍ നിന്ന് 182 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മിയാവോ മുതല്‍ ഡെബാന്‍ വരെയുള്ള 26 കിലോമീറ്റര്‍ ദൂരം വനത്തിലൂടെയാണ് യാത്ര. സ്വകാര്യവാഹനങ്ങളില്‍ വരുന്നതാണ് ഇവിടെ ലാഭകരം.