India

വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്രാ നിരക്ക് പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വെ

രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന്റെ (ട്രെയിന്‍ 18) യാത്രാ നിരക്ക് പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വെ. ദില്ലിയില്‍ നിന്നും വാരണസിയിലേക്ക് ചെയര്‍ കാറില്‍ സഞ്ചരിക്കാന്‍ 1,850 രൂപയാണ് യാത്രാ നിരക്ക്. ഇതേ റൂട്ടില്‍ എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നതിന് 3,520 രൂപ ടിക്കറ്റിന് മുടക്കേണ്ടിവരും. കാറ്ററിങ് സര്‍വീസ് ചാര്‍ജ് ഉള്‍പ്പടെയാണ് ഈ നിരക്കെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

അതേസമയം വന്ദേഭാരത് എക്സ്പ്രസിലെ മടക്ക യാത്രയ്ക്ക് ചെയര്‍കാറിന് 1,795 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 3,470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ ഓടുന്ന ശതാബ്ദി ട്രെയിനുകളെക്കാള്‍ 1.5 ഇരട്ടിയാണ് വന്ദേ ഭാരത് എക്സ്പ്രസിലെ ചെയര്‍കാര്‍ നിരക്ക്. എന്നാല്‍ എക്‌സിക്യൂട്ടീവ് ക്ലാസ് നിരക്ക് പ്രീമിയം തീവണ്ടികളിലെ ഫസ്റ്റ് ക്ലാസ് എസി കോച്ച് നിരക്കിനെക്കാള്‍ 1.4 ഇരട്ടി കൂടുതലുമാണ്.

സെമിഹൈസ്പീഡ് തീവണ്ടി ഫെബ്രുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അധികൃതര്‍ നിരക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ദില്ലി – വാരണാസി റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമായി 399 രൂപ ഈടാക്കും. ചെയര്‍കാറില്‍ സഞ്ചരിക്കുന്നവരില്‍ നിന്ന് 344 രൂപയാവും ഈടാക്കുക.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനാകാന്‍ പോകുന്ന ട്രെയിന്‍ 18 പുനര്‍നാമകരണം ചെയ്ത് വന്ദേ ഭാരത് എക്സ്പ്രസ് എന്നാക്കിയത്. ഇന്ത്യയിലെ എഞ്ചിനീയര്‍മാരുടെ 18 മാസത്തെ അധ്വാനത്തിലൂടെയാണ് വന്ദേ ഭാരത് എക്സ്പ്രസ് യാഥാര്‍ഥ്യമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഈ ട്രെയിന്‍ വികസിപ്പിച്ചെടുത്തത്.

എട്ട് മണിക്കൂര്‍ കൊണ്ട് ദില്ലിയില്‍ നിന്ന് വാരണാസിയിലേക്കുള്ള 755 കിലോ മീറ്റര്‍ താണ്ടി
ട്രെയിന്‍ എത്തും. കാണ്‍പൂരിലും പ്രയാഗ്‌രാജിലും സ്റ്റോപ്പുകളുണ്ടാകും. ഇപ്പോള്‍ ഇതേ ദൂരം താണ്ടാന്‍ പതിനൊന്നര മണിക്കൂറോളമാണ് എടുക്കുന്നത്.