Kerala

ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയനിലേക്ക് കേരളത്തെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ലോക ടൂറിസം ഭൂപടത്തിലേക്ക് രാജ്യത്തിനെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനായി ആരംഭിച്ച ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിനിലേക്ക് കേരളത്തിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനോട് അഭ്യര്‍ത്ഥിച്ചു.


പ്രളയത്തില്‍ നിന്ന് അതിജീവിച്ച നാടായ കേരളത്തിലെ ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും, വിനോദസഞ്ചാരത്തിന്റെ ഉന്നമനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി പരമാവധി പ്രചാരം നല്‍കി കൊണ്ട് കേരളത്തിനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ടാണ് കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടത് .

2019ലെ സംസ്ഥാന ബജറ്റില്‍ ടൂറിസത്തിനായി 372 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത് . ഇതില്‍ അനുവദിച്ച് മൊത്ത തുകയില്‍ നിന്ന് 82 കോടി രൂപ ടൂറിസം പ്രചരണനത്തിനാണ്.

ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വശം ഫലപ്രദമായ പ്രചരണനമാണ്. നിപ്പയും അതിന് ശേഷം വന്ന പ്രളയവും കാരണം തകര്‍ന്ന കേരളത്തിനെ കരകയറ്റുന്നതിന് ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ മാര്‍ക്കറ്റിംഗ് പരിശ്രമങ്ങള്‍ കാരണം സംരംഭകത്വം വര്‍ധിച്ചു.

പോയ വര്‍ഷം കേരളം നേരിട്ട പ്രശ്‌നങ്ങളില്‍ നിന്ന് കരകയറുന്നതിന് ആഭ്യന്തര-അന്തര്‍ദ്ദേശീയ മുന്നണികളില്‍ കേരളത്തിന് അതി ബൃഹത്തായ പ്രചരണമാണ് വേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു