Kerala

ബേക്കല്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഏപ്രിലില്‍

ബേക്കല്‍ കോട്ടയില്‍ കേരള വിനോദസഞ്ചാര വകുപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഏപ്രിലില്‍ തുടങ്ങിയേക്കും. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അന്തിമ നടപടികളിലാണ് അധികൃതര്‍. ശബ്ദവും വെളിച്ചവും നിയന്ത്രണ മുറി, കേബിള്‍ സ്ഥാപിക്കല്‍ ജോലി , പ്രദര്‍ശനത്തിനു ആവശ്യമായ വൈദ്യുതി വിതരണത്തിനുള്ള ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കല്‍ എന്നിവ പൂര്‍ത്തിയാകാനുണ്ട്. ട്രാന്‍സ്‌ഫോമറിന് 6,60,000 രൂപ അനുവദിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്.

400 വര്‍ഷം മുന്‍പുള്ള വടക്കേ മലബാറിന്റെ ചരിത്രം, തെക്കന്‍ കര്‍ണാടക ചരിത്രം, കുടക് ചരിത്രം,ഉത്തരകേരളത്തിലെ തീരദേശ ചരിത്രം,കോട്ടയുടെ നിര്‍മാണത്തിലേക്കു നയിച്ച ചരിത്രം എന്നിവ ടൂറിസം വകുപ്പ് കേന്ദ്ര പുരാവസ്തു വകുപ്പിനു നല്‍കിയിട്ടുണ്ട്. പുരാവസ്തു വകുപ്പിലെ ചരിത്രകാരന്മാര്‍ ഇതിന്റെ ആധികാരികത പരിശോധിച്ചു. ഡോ.സി.ബാലന്‍, ഡോ.എം.ജി.എസ്. നാരായണന്‍ എന്നിവര്‍ തയാറാക്കിയതാണ് ചരിത്രം. ഇത് പുരാവസ്തു വകുപ്പ് അംഗീകരിച്ചാല്‍ അതിന്റെ സ്‌ക്രിപ്റ്റ് പ്രശസ്ത സിനിമാ താരത്തിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യും.

തുടര്‍ന്നു കോട്ടയ്ക്കകത്ത് രാത്രിയിലെ ശബ്ദ വ്യക്തത , ഡബ് ചെയ്ത സ്‌ക്രിപ്റ്റ് ശബ്ദം, പ്രദര്‍ശനം കാണാനുള്ള ഇരിപ്പിടം സൗകര്യം എന്നിവ അടിസ്ഥാനമാക്കി ട്രയല്‍ ഷോ നടത്തും. ഇതിന്റെ വിജയത്തിന് അനുസരിച്ചു ഉദ്ഘാടന ശേഷമായിരിക്കും സന്ദര്‍ശകര്‍ക്കു ഷോ കാണാനുള്ള അവസരം ഉണ്ടാക്കുക. 45 മിനിറ്റ് ആണ് ഷോ .ഒരുക്കങ്ങള്‍ 60 ശതമാനം പൂര്‍ത്തിയായി. 200 പേര്‍ക്കു ഒന്നിച്ച് ഇരുന്നു കാണാനുള്ള സൗകര്യമാണ് സജ്ജമാക്കുന്നത്. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സജ്ജമാക്കുന്നതിനു 4 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.