Kerala

ആഴക്കടിലിനെ അടുത്തറിയാം; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം പൊതുജനങ്ങളെ ക്ഷണിക്കുന്നു

കടലിനടിയിലെ വിലപിടിപ്പുള്ള മുത്തുകള്‍, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, നീലതിമിംഗലങ്ങളുടെയും പെന്‍ഗ്വിന്റെയും ഇഷ്ടഭക്ഷണമായ അന്റാര്‍ട്ടിക്കന്‍ ക്രില്‍, തുടങ്ങി വിസ്മയമുണര്‍ത്തുന്ന ആഴക്കടലിന്റെ അറിയാകാഴ്ചകള്‍ കാണാന്‍ സുവര്‍ണാവസരം. 72-മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് കൗതുകമുണര്‍ത്തുന്ന കടലറിവുകള്‍ അറിയാന്‍ ഫെബ്രുവരി 5 ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നിടും.

സമുദ്രജൈവവൈവിധ്യങ്ങളുടെ അപൂര്‍വ ശേഖരങ്ങളുള്ള മ്യൂസിയം, കടലിലെ വര്‍ണമത്സ്യങ്ങളുടെ കാഴ്ചകള്‍ സമ്മാനിക്കുന്ന മറൈന്‍ അക്വേറിയം എന്നിവയ്ക്ക് പുറമെ, ഈ മേഖലയില്‍ വര്‍ഷങ്ങളായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിവിധ പരീക്ഷണശാലകളും പൊതുജനങ്ങള്‍ക്കായി തുറന്നിടും. പ്രവേശനം സൗജന്യമാണ്.

മുത്തുകള്‍ക്കൊപ്പം, കൃഷി ചെയ്ത മുത്തുചിപ്പിയില്‍ നിന്ന് മുത്തുകള്‍ വേര്‍തിരിക്കുന്ന വിധവും പ്രദര്‍ശിപ്പിക്കും. അത്യാധുനിക രീതിയില്‍ രൂപകല്‍പന ചെയ്ത മറൈന്‍ അക്വേറിയത്തില്‍ സിംഹ മത്സ്യം, വവ്വാല്‍ മത്സ്യം, മാലാഖ മത്സ്യം തുടങ്ങി വൈവിധ്യമായ സമുദ്രവര്‍ണ മത്സ്യങ്ങളുടെ ശേഖരം കാണാം. ആനത്തിരണ്ടി, ഗിത്താര്‍ മത്സ്യം, ഭീമന്‍ മത്സ്യമായ വാള്‍മീന്‍, വിവിധയിനം സ്രാവുകള്‍, ചെമ്മീന്‍, ഞെണ്ടുകള്‍, കണവ-കക്കവര്‍ഗയിനങ്ങള്‍, അപൂര്‍വയിനം മറ്റ് കടല്‍മത്സ്യങ്ങള്‍ തുടങ്ങിയവ നേരിട്ട് കാണാനും അവയെ കുറിച്ച് ചോദിച്ചറിയാനും അവസരമുണ്ടാകും.

ആയിരത്തോളം മത്സ്യയിനങ്ങളും സമുദ്ര ജൈവവൈവിധ്യങ്ങളും അടങ്ങുന്നതാണ് നാഷണല്‍ മറൈന്‍ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം. ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, ഡോള്‍ഫിന്‍, കടല്‍ പശു, സണ്‍ ഫിഷ്, വിഷമത്സ്യങ്ങള്‍, പെന്‍ഗ്വിന്‍, കടല്‍ പാമ്പുകള്‍, നക്ഷത്ര മത്സ്യങ്ങള്‍, കടല്‍കുതിര, നീലതിമിംഗലങ്ങളുടെയും പെന്‍ഗ്വിന്റെയും ഇഷ്ടഭക്ഷണമായ അന്റാര്‍ട്ടിക്കന്‍ ക്രില്‍, വിവിധയിനം ശംഖുകള്‍ തുടങ്ങി കടലിലെ വൈവിധ്യമായ സസ്യ-ജന്തുജാലങ്ങളുടെ ശേഖരം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തും.

മീനുകളുടെ പ്രായം കണ്ടെത്തുന്നതിന്റെ പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന പരീക്ഷണശാല, കടലിന് നിറം നല്‍കുന്ന സൂക്ഷ്മ ആല്‍ഗകളുടെ ശേഖരം, വിവിധയിനം മത്സ്യപ്രജനന ഹാച്ചറികള്‍, കടല്‍ജീവികളില്‍ നിന്നുള്ള ഔഷധ നിര്‍മ്മാണ ലാബ്, ഒരു വസ്തുവിന്റെ പത്തു ലക്ഷം മടങ്ങ് വരെ വലുതായി കാണിക്കുന്ന ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് തുടങ്ങി അനേകം വിജ്ഞാനപ്രദമായ കാഴ്ചകളുടെ പ്രദര്‍ശനമാണ് സിഎംഎഫ്ആര്‍ഐ പൊതുജനങ്ങള്‍ക്ക് വേണ്ടി ഒരുക്കുന്നത്.

കാലാവസ്ഥയും കടലും തമ്മിലുള്ള ബന്ധം, ചാകര പോലുള്ള സമുദ്രപ്രതിഭാസങ്ങള്‍, മീനുകളുടെ സഞ്ചാരപാത തുടങ്ങി സമുദ്ര-മത്സ്യ മേഖലയുമായി ബന്ധപ്പെട്ട അറിവുകള്‍ നേടുന്നതിന് ശാസ്ത്രജ്ഞരുമായി സംവദിക്കാനും അവസരമുണ്ട്. രാവിലെ 10 മുതല്‍ 4 വരെയാണ് പ്രദര്‍ശന സമയം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രദര്‍ശനം കൂടുതല്‍ പ്രയോജനകരമാകും.