Adventure Tourism

രാവണ വധത്തിന് ശേഷം ശ്രീരാമന്‍ ധ്യാനിച്ചയിടം

അങ്ങകലെ, ചന്ദ്രനെ ചുംബിച്ചു നില്‍ക്കുന്നൊരു ശിലയുണ്ട്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ സമുദ്ര നിരപ്പില്‍നിന്ന് 13,500 അടി ഉയരത്തിലുള്ള ചന്ദ്രശില കൊടുമുടി. ഹരിദ്വാര്‍, ഋൃഷികേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, ഉഖീമഠ്, ചോപ്ത വഴിയാണു ചന്ദ്രശിലയിലേക്കുള്ള യാത്ര. ഹരിദ്വാറും ഋൃഷികേശും പിന്നിട്ട് ദേവപ്രയാഗിലെത്തി. ഇവിടെയാണ് പുണ്യനദികളായ അളകനന്ദയും ഭാഗീരഥിയും സംഗമിച്ചു ഗംഗ രൂപപ്പെടുന്നത്. ദേവപ്രയാഗ് എന്ന വാക്കിന്റെ അര്‍ഥം പുണ്യനദികളുടെ സംഗമസ്ഥാനം എന്നാണ്. രാക്ഷസ രാജവായ രാവണ വധത്തിന് ശേഷം ശ്രീരാമന്‍ തപസനുഷ്ഠിച്ച ഇടമാണ് ചന്ദ്രശില  എന്നാണ് ഐതിഹ്യം.

ഹിമാലയന്‍ മലനിരകളില്‍ ഒന്നായ ഗര്‍ഹ്വാളില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രശില സമീപപ്രദേശങ്ങളിലായുള്ള തടാകങ്ങള്‍, പുല്‍മേടകള്‍, നന്ദദേവി, തൃശൂല്‍, കേദാര്‍ ബന്ധാര്‍പൂഞ്ച്, ചൗകാംബ കൊടുമുടികള്‍,എന്നിവയുടെ അതിമനോഹരമായ കാഴ്ചകള്‍ കാണാനുള്ള അവസരം നല്‍കും. കണ്ണിന് മുന്‍പില്‍ സൂര്യന്റെ ഉദയ-അസ്തമയ കാഴ്ചയാണ് ചന്ദ്രശിലയില്‍ കാഴ്ചക്കാര്‍ക്കായി കാത്തിരിക്കുന്നത്.

നാലുവശത്തും മഞ്ഞിന്റെ വെളുത്ത കമ്പളം പുതച്ചു കിടക്കുന്ന ഹിമശൈലങ്ങള്‍. പര്‍വത നിരകളില്‍നിന്നും ചീറിയടിക്കുന്ന ശീതക്കാറ്റില്‍ അസ്ഥിയും മജ്ജയും മരവിച്ചുപോകും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ചോപ്ത കനത്ത മഞ്ഞില്‍ മൂടുമ്പോള്‍ ഗ്രാമവാസികള്‍ മലയിറങ്ങി താഴ്വാരങ്ങളിലേക്കു പോകും. ഹിമാലയത്തിലെ ഒറ്റപ്പെട്ട ഈ ഗ്രാമത്തില്‍ ജനവാസം വളരെക്കുറവാണ്. വൈദ്യുതി എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഗ്രാമത്തില്‍ മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ കിട്ടുക പ്രയാസം. താമസത്തിന് ലോഡ്ജ് എന്ന് വിളിക്കാവുന്ന ഒന്നോ രണ്ടോ ചെറിയ കെട്ടിടങ്ങള്‍. പിന്നെയുള്ളത് തുറന്ന മൈതാനത്തില്‍ സജ്ജമാക്കിയിട്ടുള്ള ടെന്റുകളാണ്.


പഞ്ച കേദാരങ്ങളില്‍ തൃതീയ സ്ഥാനമാണ് തുംഗനാഥിന്. കേദാര്‍നാഥ്, രുദ്രനാഥ്, മധ്യമഹേശ്വര്‍, കല്‍പേശ്വര്‍ എന്നിവയാണ് മറ്റു നാല് കേദാരങ്ങള്‍. ഹിമാലയത്തിലെ അഞ്ചു പര്‍വതങ്ങളിലായി പഞ്ചകേദാരങ്ങള്‍ സ്ഥിതി ചെയ്യുന്നു. തുംഗനാഥിലേതാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം. പഞ്ചകേദാരങ്ങളില്‍ തുംഗനാഥ് ഒഴികെ മറ്റു നാല് ക്ഷേത്രങ്ങളിലും ദക്ഷിണേന്ത്യക്കാരായ പൂജാരിമാരാണുള്ളത്. തുംഗനാഥ് ക്ഷേത്രം നിര്‍മിച്ചത് പാണ്ഡവരും പുനര്‍നിര്‍മിച്ചത് ശ്രീശങ്കരാചാര്യരുമാണെന്നാണ് വിശ്വാസം. ചോപ്തയില്‍നിന്നു കാല്‍നടയായി കരിങ്കല്‍പ്പാളികള്‍ വിരിച്ച പാതയിലൂടെയാണ് തുംഗനാഥിലേക്കുള്ള യാത്ര. നാലു കിലോമീറ്റര്‍ ദൂരംതാണ്ടി തുംഗനാഥില്‍ എത്താന്‍ നാലു മണിക്കൂറെടുക്കും. മഞ്ഞുപാളികള്‍ കല്‍പ്പാതയിലുടനീളം പരന്നു കിടക്കുന്നു. കാല്‍ വഴുതിയാല്‍, അഗാധമായ കൊക്കയിലേക്കായിരിക്കും വന്നുപതിക്കുക. വേനല്‍ക്കാലത്തു നടപ്പാതയിലെ മഞ്ഞുരുകിക്കഴിയുമ്പോള്‍ കുതിരസവാരിക്ക് സൗകര്യമുണ്ട്.

മലകയറ്റം ആയാസകരമാണെകിലും ദേവദാരു മരങ്ങളും വിശാലമായി പരന്നുകിടക്കുന്ന പുല്‍മേടുകളും നിറഞ്ഞ മലമടക്കുകളിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. അതിമനോഹരമായ തൂവലുകള്‍ വിരിച്ച് ഉത്തരാഖണ്ഡിന്റെ ഔദ്യോഗിക പക്ഷിയായ മൊണാലിനെ ഇവിടെ കാണാം. വംശനാശ ഭീഷണി നേരിടുന്ന മൊണാലിനെ കാണുന്നത് ഭാഗ്യമായി തദ്ദേശിയര്‍ കരുതുന്നു.

അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ ക്ഷീണവും കിതപ്പും അനുഭവപ്പെടും. സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി കരിങ്കല്‍പ്പാളികള്‍കൊണ്ട് കെട്ടിയ കലുങ്കുകള്‍ പലയിടത്തുമുണ്ട്. കരിങ്കല്‍പ്പാളികള്‍ അടുക്കി നിര്‍മിച്ചിരിക്കുന്ന മനോഹരമായ ക്ഷേത്രമാണ് തുംഗനാഥിലേത്. സമുദ്ര നിരപ്പില്‍നിന്ന് 12500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ നിന്നുള്ള ദൂരക്കാഴ്ച്ച വര്‍ണനാതീതം.

തുംഗനാഥില്‍നിന്ന് ഒരു കിലോമീറ്റര്‍ മുകളിലാണ് ചന്ദ്രശില കൊടുമുടി. ഇങ്ങോട്ടുള്ള യാത്ര ഏറെ പ്രയാസകരമാണ്. മഞ്ഞു പാളികള്‍ കട്ടപിടിച്ചു കിടക്കുന്ന പാതകളിലൂടെ ചെങ്കുത്തായ കയറ്റം. മറുവശത്തു കോടമഞ്ഞു മൂടിക്കിടക്കുന്ന അഗാധമായ ഗര്‍ത്തം. ആകാശം മുട്ടുന്ന ചന്ദ്രശില. ചന്ദ്രനോട് അടുത്തു സ്ഥിതി ചെയ്യുന്നതു കൊണ്ടാവാം ചന്ദ്രശില എന്ന് പേരു വീണത്. ഇവിടെയും കരിങ്കല്‍പാളികള്‍ അടുക്കിവച്ചു നിര്‍മിച്ച വളരെ ചെറിയ ക്ഷേത്രമുണ്ട്.

രാവണഹത്യക്കു ശേഷം ശ്രീരാമന്‍ തപസിരുന്നത് ചന്ദ്രശിലയിലാണെന്നാണ് ഐതിഹ്യം. ഇവിടെനിന്നു നോക്കിയാല്‍ കാണുന്ന ഹിമാലയത്തിന്റെ കാഴ്ച സമാനതകളില്ലാത്തതാണ്. മഞ്ഞുപുതച്ചു കിടക്കുന്ന ഹിമാലയ സാനുക്കള്‍ ഒരു കയ്യകലത്തിലെന്ന പോലെ തോന്നും. തലയുയര്‍ത്തി നില്‍ക്കുന്ന നന്ദാദേവി, ത്രിശൂല്‍, ചൗഖംബ, കേദാര്‍ പര്‍വതനിരകള്‍. വെണ്‍മേഘങ്ങള്‍ തഴുകി താലോലിച്ചു കടന്നുപോകുന്നു. സാന്ദ്രമായ അന്തരീക്ഷം, കണ്‍നിറയെ കാഴ്ചകളും മനസ്സുനിറയെ ശാന്തതയും… അതെ സ്ച്ഛ ശാന്തമാണ് ചന്ദ്രശില.