Middle East

ദുബൈയില്‍ പുതിയ സാധ്യതകള്‍ തുറന്ന് ഹത്ത ഇക്കോ ടൂറിസം

ദുബൈയുടെ വിനോദസഞ്ചാരമേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നുകൊണ്ട് ഹത്ത ഇക്കോ ടൂറിസം പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞദിവസം പദ്ധതി സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.

വിനോദസഞ്ചാര-നിക്ഷേപമേഖലയില്‍ ഏറെ പ്രതീക്ഷകളുണര്‍ത്തുന്ന പദ്ധതിയുടെനിര്‍മാണം വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. യു.എ.ഇ.യുടെ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കുന്നതിന് മുന്‍ഗണനനല്‍കിയാണ് പരിസ്ഥിതി സൗഹൃദപരമായ പദ്ധതി നടപ്പാക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വാദി ഹബ്, ഹത്ത സഫാരി, വാദി സുഹൈല, ഹത്ത ഫലാജ് എന്നിവയാണ് ദുബായ് മുനിസിപ്പാലിറ്റിയുടെയും മീറാസിന്റെയും നേതൃത്വത്തില്‍ ഹത്തയില്‍ ഉയരുന്ന പ്രധാന പദ്ധതികള്‍. ഹത്തയിലെ മലനിരകളില്‍ എത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങളും ആംബുലന്‍സ് സേവനവും ശൈഖ് മുഹമ്മദ് പരിശോധിച്ചു.

ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സൗഹാര്‍ദപരമായ രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മലനിരകളും വാദികളും തടാകങ്ങളും അണക്കെട്ടുകളുമെല്ലാമുള്ള പ്രകൃതിസുന്ദരമായ സ്ഥലമാണ് ഹത്ത. മലനിരകളുടെ സ്വച്ഛതമുഴുവന്‍ അനുഭവിക്കാന്‍ കഴിയുംവിധമാണ് താമസകേന്ദ്രങ്ങളായ ഹത്ത ഡമാനി ലോഡ്ജും ഹത്ത സെഡര്‍ ട്രൈലെര്‍സും നിര്‍മിച്ചിരിക്കുന്നത്. സാഹസപ്രിയര്‍ക്ക് ഹത്ത വാദി ഹബ്ബില്‍ ട്രെക്കിങ്, ബൈക്കിങ്, കാര്‍ട്ടിങ്, സിപ്പ് ലൈന്‍ കയാക്കിങ് തുടങ്ങിയ വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. ഏഷ്യയിലെ ആദ്യത്തെ വാട്ടര്‍ജമ്പ് പാര്‍ക്കും ഇവിടെ സജ്ജമായിട്ടുണ്ട്.

മനുഷ്യനിര്‍മിത തടാകങ്ങളും നിറയെപച്ചപ്പും പക്ഷികളും മൃഗങ്ങളുമുള്ള ഹത്ത സഫാരിയില്‍ ടെന്റടിച്ച് ക്യാമ്പ് ചെയ്യാനുള്ള സ്ഥലങ്ങള്‍ പ്രത്യേകമായി നിര്‍മിക്കും. വിനോദസഞ്ചാരം, ഗതാഗതം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകള്‍ ഏകോപിപ്പിക്കുന്ന പദ്ധതികള്‍ വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ ഹത്തയുടെ മുഖച്ഛായ തന്നെ മാറ്റും. ഇമറാത്തി യുവാക്കള്‍ക്കും സംരംഭകര്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കുമെല്ലാം പദ്ധതി മികച്ച അവസരങ്ങള്‍ സൃഷ്ടിക്കും.