സ്വകാര്യ ടൂറിസ്റ്റ് ബസുകളില്‍ അലങ്കാരങ്ങള്‍ വേണ്ട; ഹൈക്കോടതി

നിരത്തുകളില്‍ കരാറടിസ്ഥാനത്തില്‍ ഓടുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകളില്‍ നിമാനുസൃതമാല്ലാത്ത ലൈറ്റുകളും അതിത്രീവ ശബ്ദസംവിധാനവും വാഹനത്തിന്റെ ബോഡിയുടെ വശങ്ങളില്‍ ചിത്രങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി.

ഇക്കാര്യങ്ങളില്‍ മോട്ടോര്‍ വാഹനനിയമവും ചട്ടവും കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ നിര്‍ദേശിച്ചു. വിനോദയാത്രയ്ക്കും മറ്റും വാടകയ്ക്ക് ഓടുന്ന ബസുകളുള്‍പ്പെടെയുള്ള സ്വകാര്യബസുടമകളുടെ ഹര്‍ജികളിലാണിത്.

നിയമപ്രകാരമല്ലാത്ത എല്‍.ഇ.ഡി., ലേസര്‍ ലൈറ്റുകളും അതിതീവ്ര ശബ്ദസംവിധാനവും ചിത്രങ്ങളുമുള്‍പ്പെടെ നീക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടീസ് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കി. അനധികൃത ലൈറ്റുകളും മറ്റും നീക്കി ബസ് പരിശോധനയ്ക്ക് ഹാജരാക്കാനാണ് നോട്ടീസെന്ന് കോടതി ചൂണ്ടിക്കാട്ടി. അതില്‍ സ്വാഭാവികനീതി ലംഘനമില്ല

തുടര്‍ പരിശോധനകളില്‍ നിയമലംഘനം കണ്ടാല്‍ മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള നടപടി ആരംഭിക്കൂ. ഈ നടപടി മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചാണ് നടത്തുകയെന്നും കോടതി വ്യക്തമാക്കി. പരിശോധനയ്‌ക്കെത്തുന്ന വാഹനങ്ങളില്‍ ചെറിയവീഴ്ചകള്‍ കണ്ടാല്‍ പരിഹരിക്കാന്‍ ന്യായമായ സമയം നല്‍കാനും കോടതി നിര്‍ദേശിച്ചു.