Food

കക്കറൊട്ടിയും കുഞ്ഞിപ്പത്തലും

മലബാറിലെ പുയാപ്ല വിഭവങ്ങള്‍ ഇന്ന് ലോകത്തിന്റെ അറ്റത്തു വരെയും പ്രശസ്തമാണ്. പുയാപ്ലയക്കായി പലഹാരമുണ്ടാക്കാന്‍ അമ്മായിമാരുടെ കൈയ്യില്‍ നീണ്ട ഒരു പട്ടിക തന്നെയുണ്ട്. അവരെ അങ്ങനെ ഓരോ വിഭവത്തെയും ലാളിച്ചും കൊഞ്ചിച്ചും ചില വിളിപ്പേരുകളുമിടും. അത്തരത്തിലൊരു വിഭവമാണ് കുഞ്ഞിപ്പത്തല്‍..


എന്നാല്‍ കുഞ്ഞിപ്പത്തലെന്ന് പറഞ്ഞാല്‍ മലബാറുകാരില്‍ പലരും ഈ ചെങ്ങായിയെ തിരിച്ചറിയില്ല. പലയിടത്തും കക്ഷിയുടെ പേര് കക്കറൊട്ടി എന്നാണ്. കക്കയിറച്ചിയുടെ മാത്രം വലുപ്പമുള്ള വിഭവമായതിനാലാവാം ഈ പേര്.

മാവ്, അരപ്പ്, മസാല എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് കക്കറൊട്ടിയുടെ പാചകം.
അത്യാവശ്യത്തിനു മാത്രം വെള്ളമെടുത്ത് ഒന്നര കപ്പ് അരി, അരക്കപ്പ് തേങ്ങ, 6 ചെറിയ ഉള്ളി,അര സ്പൂണ്‍ ജീരകം എന്നിവ മിക്‌സിയില്‍ അരച്ചെടുക്കുക. ചെറിയ തരിയോടു കൂടി വേണം അരച്ചെടുക്കാന്‍. ഇതിലേക്ക് അരക്കപ്പ് പത്തിരിപ്പൊടി ചേര്‍ത്ത് പത്തിരിക്ക് മാവുകുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക. മാവ് ചെറിയ ഉരുളകളാക്കിയ ശേഷം ചെറുതായി കൈകൊണ്ട് അമര്‍ത്തി രൂപഭംഗി വരുത്തുക. അപ്പച്ചെമ്പില്‍ വെള്ളം വച്ച് ആവിയില്‍ 20 മിനിറ്റെങ്കിലും വേവിക്കുക.

രണ്ടാമത്തെ ഘട്ടമായി അരപ്പ് തയ്യാറാക്കാം. ഒരു പാന്‍ വച്ച് അരമുറി തേങ്ങ ചിരവിയത്, അരസ്പൂണ്‍ ജീരകം, ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ വറുക്കുക. ഇതു തണുത്തശേഷം നല്ലതുപോലെ അരച്ചെടുക്കുക.
മൂന്നാംഘട്ടത്തില്‍ മസാല തയാറാക്കാം

ഒരു പാന്‍ വെച്ച് അതില്‍ എണ്ണയൊഴിക്കുക. എണ്ണ ചൂടായ ശേഷം അരിഞ്ഞെടുത്ത രണ്ടു സവാള ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. അതിലേക്ക് ചെറുതായരിഞ്ഞ ഒരു സ്പൂണ്‍ ഇഞ്ചി, ഒന്നര സ്പൂണ്‍ വെളുത്തുള്ളി, രണ്ടുപച്ചമുളക്, കറിവേപ്പില എന്നിവയിട്ട് നല്ലപോലെ വഴറ്റുക. ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടിയിട്ട് നല്ലപോലെ ഇളക്കുക. ഒരു സ്പൂണ്‍ മല്ലിപ്പൊടി, അര സ്പൂണ്‍ മുളകുപൊടി എന്നിവയും ചേര്‍ക്കുക. പച്ചമണം മാറി എണ്ണ തെളിഞ്ഞു വന്നാല്‍ തക്കാളി ചേര്‍ക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ ഗരം മസാല, അര സ്പൂണ്‍ കുരുമുളകുപൊടി, കറുവപ്പട്ടയുടെ ഒരു ഇല, ഉപ്പ് എന്നിവ ചേര്‍ക്കുക. നല്ലപോലെ മിക്‌സ് ചെയ്യുക. ഇതിലേക്ക് അര കിലോ ചിക്കനും ചേര്‍ത്തിളക്കുക. ഇത്് ആവശ്യത്തിനു വെള്ളമൊഴിച്ച് മൂടിവെച്ചു 10 മിനിറ്റ് വേവിക്കണം.

തയ്യാറാക്കിവെച്ചിരിക്കുന്ന അരപ്പ് പത്തു മിനിറ്റിനുശേഷം ഇതിലേക്ക് ചേര്‍ക്കുക.വീണ്ടും അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. അരപ്പു കുറുകി വരുമ്പോള്‍ നേരത്തെ വേവിച്ചുവച്ചിരിക്കുന്ന അരിപ്പൊടി ഉരുളകള്‍ ചേര്‍ക്കുക. ഇതു നല്ലപോലെ ഇളക്കണം. അരപ്പു കുറുകി വന്നാല്‍ ആവശ്യത്തിനു മല്ലിയില ചേര്‍ക്കാം.