Destinations

യൂറോപ്പിലെ അതിമനോഹരമായ ഏഴ് ചെറു രാജ്യങ്ങള്‍

ചരിത്രം ഉറങ്ങി കിടക്കുന്നതും ആകര്‍ഷകവും അതിമനോഹരവുമായ യൂറോപ്പിലെ ഏഴ് ചെറു രാജ്യങ്ങള്‍..

1. വത്തിക്കാന്‍ നഗരം

വിസ്തീര്‍ണ്ണം   : 0.44 km2
തലസ്ഥാനം : വത്തിക്കാന്‍ നഗരം
ജനസംഖ്യ     : 801

റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരം വലിപ്പത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ്. ഇറ്റലിയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്ടിന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം തുടങ്ങിയ ചരിത്ര പ്രസിദ്ധമായ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. പോസ്റ്റേജ് സ്റ്റാമ്പുകളുടെ വില്‍പന, സ്മാരകങ്ങള്‍ എന്നിവയൊക്കെയാണ് വരുമാന മാര്‍ഗം. പണമിടപ്പാട് ലാറ്റിനില്‍ ചെയ്യാന്‍ സൗകര്യമുള്ള ലോകത്തെ ഏക എടിഎമ്മും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

2. മൊണാക്കോ

വിസ്തീര്‍ണ്ണം : 1.95 km2
തലസ്ഥാനം : മൊണാക്കോ 
ജനസംഖ്യ : 38,897

ബെല്ലെ-എപോക്ക് കാസിനോ, ആഡംബര ബ്യൂട്ടിക്കുകള്‍, യാച്ച്-ലൈന്‍ഡ് ഹാര്‍ബര്‍ എന്നിവയൊക്കെയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ മൊണാക്കോയിലെ ആകര്‍ഷണങ്ങള്‍. ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള രാജ്യമാണ് മൊണാക്കോ. ജനസംഖ്യയുടെ സിംഹഭാഗവും കോടീശ്വരന്മാരാണ്. പൂര്‍വ ദിക്കില്‍ മെഡിറ്ററെനിയന്‍ കടല്‍ മൊണാക്കോയുടെ തീരങ്ങളോട് ചേരുന്നു.

3. സാന്‍ മരീനോ

വിസ്തീര്‍ണ്ണം : 61 km2
തലസ്ഥാനം : സിറ്റി ഓഫ് സാന്‍ മരീനോ
ജനസംഖ്യ : 33,557

മോസ്റ്റ് സെറീന്‍ റിപ്പബ്ലിക് ഓഫ് സാന്‍ മരീനോ എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ആല്‍പൈന്‍ പര്‍വതനിരയില്‍ ഇറ്റലിയുടെ ഉള്ളിലായാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ പഴയ രാജഭരണ കേന്ദ്രവും ജനാധിപത്യ രാജ്യവുമാണ് സാന്‍ മരീനോ. തലസ്ഥാന നഗരമായ സിറ്റി ഓഫ് സാന്‍ മരീനോയില്‍ യുനെസ്‌കോ പട്ടികയില്‍ ഉള്ള നിരവധി സ്ഥലങ്ങളുണ്ട്. വത്തിക്കാനിലെ പോലെ പോസ്റ്റേജ് സ്റ്റാമ്പുകളും നാണയങ്ങളുമാണ് പ്രധാന വരുമാന സ്രോതസ്.

4. ലിക്റ്റന്‍സ്റ്റൈന്‍

വിസ്തീര്‍ണ്ണം : 160 km2
തലസ്ഥാനം : വാടുസ്
ജനസംഖ്യ : 38,155

പൂര്‍ണമായും കരയാല്‍ ചുറ്റപ്പെട്ട ഈ ആല്‍പൈന്‍ രാജ്യം പടിഞ്ഞാറ് സ്വിറ്റ്സര്‍ലന്റുമായും കിഴക്ക് ഓസ്ട്രിയയുമായും അതിര്‍ത്തി പങ്കിടുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലെ നാലാമത്തെ ചെറിയ രാജ്യമാണ് ലിക്റ്റന്‍സ്റ്റൈന്‍. യൂറോപ്പിലെ ഒരു പ്രധാന വിനോദ സഞ്ചാര മേഖലയാണ് ഇത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രാജ്യം ദാരിദ്ര്യത്തിന്റെ പിടിയിലായി. ഇത് കാരണം വന്‍ തുകയ്ക്ക് ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ ചിത്രങ്ങള്‍ വില്‍ക്കേണ്ടി വന്നു. ഇന്ന് ഇവിടെ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു.

5. മാള്‍ട്ട

വിസ്തീര്‍ണ്ണം : 316 km2
തലസ്ഥാനം : വലേറ്റ
ജനസംഖ്യ : 432,089

മാള്‍ട്ട സിസിലിയുടെയും നോര്‍ത്ത് ആഫ്രിക്കയുടെയും മധ്യത്തിലുള്ള യൂറോപ്പിലെ ഒരു ദ്വീപ് രാജ്യമാണ്. 7000 വര്‍ഷത്തെ പഴക്കമുള്ള ഈ രാജ്യത്ത് കൂറ്റന്‍ ക്ഷേത്രങ്ങള്‍, റോമന്‍ കെട്ടിടങ്ങള്‍, നോര്‍മന്‍ പള്ളികള്‍ എന്നിവയൊക്കെ കാണാം. തലസ്ഥാനമായ വലേറ്റ 2018-ല്‍ യൂറോപ്പിലെ സാംസ്‌കാരിക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു.

6. അന്‍ഡോറ

വിസ്തീര്‍ണ്ണം : 468 km2
തലസ്ഥാനം : അന്‍ഡോറാ-ലാ-വെല്ല
ജനസംഖ്യ : 76,953

പടിഞ്ഞാറന്‍ യൂറോപ്പില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു ചെറിയ രാജ്യമാണ് അന്‍ഡോറ. സ്‌കൈ റിസോര്‍ട്ടുകള്‍, ഡ്യൂട്ടി-ഫ്രീ ഷോപ്പിംഗ് എന്നിവ കൊണ്ട് ആകര്‍ഷകമാണ് ഈ രാജ്യം. പൈറീനെസ്സ് പര്‍വ്വത നിരകള്‍ക്ക് സമീപത്തായി സ്പെയിനിനും, ഫ്രാന്‍സിനും ഇടയിലായാണ് ഈ രാജ്യത്തിന്റെ സ്ഥാനം. തലസ്ഥാനമായ അന്‍ഡോറാ-ലാ-വെല്ല യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ്. അന്‍ഡോറ ഒരു പ്രധാന വിനോദ സഞ്ചാര മേഖല കൂടി ആണ്.

7. ലക്സംബര്‍ഗ്

വിസ്തീര്‍ണ്ണം : 2,586 km2
തലസ്ഥാനം : ലക്സംബര്‍ഗ്
ജനസംഖ്യ : 590,321

ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു പടിഞ്ഞാറന്‍ യൂറോപ്പിലെ കരയാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ലക്സംബര്‍ഗ്ഗ്. ലോകത്തെ മൂന്ന് സമ്പന്ന രാജ്യങ്ങളില്‍ ഒന്നാണ് ലക്സംബര്‍ഗ്ഗ്. ഭക്ഷണപ്രേമികള്‍ക്ക് പറ്റിയ സ്ഥലമാണ് ഇത്. രാജ്യത്തിന്റെ വടക്ക് ഭാഗത്തു ആര്‍ഡന്‍ഡ് കാടുകളും നേച്ചര്‍ പാര്‍ക്കുകളും, മുല്ലേര്‍ത്തല്‍ മേഖലയില്‍ മലയിടുക്കുകളും, കിഴക്ക് മോസ്സല്ലേ നദി താഴ്വര കൊണ്ടും സമ്പന്നമാണ്. ഒരു സാഹസിക യാത്രയ്ക്ക് പറ്റിയ ഇടമാണിത്. വെണ്ണ, ഇറച്ചി എന്നിവ പ്രധാന വ്യവസായമാണ്.