Adventure Tourism

അഗസ്ത്യനെ അറിയാന്‍ ഒരുങ്ങി പെണ്‍കൂട്ടായ്മ; പാസ് നേടിയത് 15ലേറെ പേര്‍

നിഗൂഢസൗന്ദര്യം നിറഞ്ഞ അഗസ്ത്യാര്‍കൂട കാഴ്ചകള്‍ കാണാന്‍ ഈ വര്‍ഷം ബോണക്കാട് ചെക്ക് പോസ്റ്റ് തുറക്കുമ്പോള്‍ ഏറ്റവും ആവേശഭരിതരാവുന്നത് സ്ത്രീകളാണ്. അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് വിലക്ക് നീങ്ങി വനിതകള്‍ക്കായി വനംവകുപ്പ് ആദ്യമായി അനുമതി നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ 15ലേറെപ്പേരാണ് പ്രവേശനപാസ് നേടിയത്.


15ന് ആരംഭിക്കുന്ന ട്രെക്കിങ്ങില്‍ മല കയറാന്‍ കാത്തിരിക്കുന്നത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് വനിതകളാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത് വരെ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്.
കേട്ടറിവ് മാത്രമുള്ള വനസൗന്ദര്യത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പാസ് ലഭിച്ച് വനിതകള്‍.

തങ്ങള്‍ക്ക് നിഷേധിച്ചിരുന്ന ഇടത്തേക്ക് കയറാന്‍ വിവിധ വനിത കൂട്ടായ്മകളാണ് നിയമ പോരാട്ടം നടത്തിയത്. നിയമപോരാട്ടത്തിന് മുന്നില്‍ നിന്ന അന്വേഷി, വിംഗ്‌സ്, പെണ്ണൊരുമ എന്നീ സംഘടനകളിലെ പ്രവര്‍ത്തകര്‍ തന്നെയാണ് പാസ് നേടിയവരില്‍ ഏറെയും.
തിരുവനന്തപുരത്ത് നിന്നാണ്‌ നാല് വനിതകളാണ് ആദ്യ സംഘത്തിലുള്ളത്.

മെഡിക്കല്‍ കോളേജ് ജീവനക്കാരിയായ നീന കൂട്ടാല, റൈഡറായ ഷൈനി രാജ്കുമാര്‍, ഷെര്‍ളി, രജിത എന്നിവരാണ് സമുദ്രനിരപ്പില്‍ നിന്ന് 6129 അടി ഉയരത്തിലുള്ള മല കയറാന്‍ ആത്മവിശ്വാസത്തോടെ പുറപ്പെടുന്നത്.

സാധാരണ ഗതിയില്‍ മൂന്ന് ദിവസമാണ് അഗസ്ത്യപര്‍വ്വതം കയറാന്‍ വേണ് സമയം എന്നാല്‍ നിവലില്‍ സന്ദര്‍ശനം നടത്തുന്ന വനിതകള്‍ക്കും പുരുഷന്‍മാരെ പോലെ രണ്ട് ദിനമായി ചുരുക്കിയിരിക്കുയാണ്. എന്നാല്‍ സാധാരണ പോലെ മൂന്ന് ദിവസം തന്നെ മല കയറാനാണ് സംഘത്തിന്റെ തീരുമാനം.

കഴിഞ്ഞ വര്‍ഷം മല കയറാന്‍ ശ്രമിച്ച വനിതകളെ അതിരുമല വരം കയറാനേ വനം വകുപ്പ് അനുമതി കൊടുത്തിരിന്നൊള്ളൂ. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. യുനസ്‌കോയുടെ പൈതൃക പട്ടികയിലുള്ള, പാരിസ്ഥിതിക പ്രാധാന്യമര്‍ഹിക്കുന്ന അഗസ്ത്യാര്‍കൂടത്തിലേക്ക് കടക്കാന്‍ നിരവധി കര്‍ശന ഉപാധികളാണുള്ളത്.

വന്യജീവി ആക്രമണ ഭീഷണിയുമുണ്ട്. നിബിഡവനവും കാട്ടരുവിയുമൊക്കയായി മോഹിപ്പിക്കുന്ന ഭൂപ്രകൃതിയാണ് അഗസ്ത്യാര്‍കൂടത്തിന്റെ ആകര്‍ഷണം. പരമാവധി ഒരു സംഘത്തില്‍ പത്തുപേരെ മാത്രമേ ഉള്‍പ്പെടുത്തൂ. ഒപ്പം ഒരു ഗൈഡിന്റെ സേവനവുമുണ്ടാകും. ഒരു സീസണില്‍ അയ്യായിരത്തോളം പുരുഷന്‍മാരാണ് അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കുന്നത്.