Kerala

പുതുവര്‍ഷ ദിനം കൂടുതല്‍ സര്‍വീസുകളോടെ കണ്ണൂര്‍ വിമാനത്താവളം

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ജനുവരിയില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും. ഗോ എയറിന്റെ മുംബൈ സര്‍വീസ് 10-ന്‍ തുടങ്ങും. രാത്രി 11-നാണ് കണ്ണൂരില്‍നിന്ന് മുംബൈയിലേക്ക് വിമാനം പുറപ്പെടുക. രണ്ടു മണിക്കൂര്‍കൊണ്ട് മുംബൈയിലെത്തി തിരിച്ച് 2.30-ഓടെ കണ്ണൂരിലെത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂരില്‍നിന്ന് അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങുന്നുണ്ട്. മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് അബുദാബിയിലേക്ക് സര്‍വീസ് നടത്തുന്നത്. ദോഹ, കുവൈത്ത്  എന്നിവിടങ്ങളിലേക്കും വൈകാതെ സര്‍വീസ് തുടങ്ങാന്‍ ഗോ എയര്‍ തയ്യാറെടുക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍നിന്ന് നാലു വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്.

ഇന്‍ഡിഗോയുടെ ആഭ്യന്തരസര്‍വീസുകള്‍ ജനുവരി 25-ന് തുടങ്ങും. ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നത്. മാര്‍ച്ചില്‍ ഇന്‍ഡിഗോ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങും.

ജെറ്റ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ തുടങ്ങിയവയും കണ്ണൂരില്‍നിന്ന് ഉടന്‍തന്നെ സര്‍വീസ് തുടങ്ങുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് ആഭ്യന്തരസര്‍വീസുകളും നടത്താന്‍ കിയാല്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി, തിരുവനന്തപുരം ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളിലേക്കാകും സര്‍വീസ്.

മാര്‍ച്ചോടെ വിദേശവിമാനങ്ങള്‍ക്കും കണ്ണൂരില്‍നിന്ന് സര്‍വീസിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒമാന്‍ എയര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ താത്പര്യമറിയിച്ചിട്ടുണ്ട്.