Middle East

ദുബൈയുടെ ഓളപരപ്പുകളില്‍ ഒഴുകാന്‍ ഇനി ഹൈബ്രിഡ് അബ്രയും

പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കും സുസ്ഥിര വികസനത്തിനും ഊന്നല്‍ കൊടുക്കുന്ന ദുബൈയുടെ ഓളപ്പരപ്പില്‍ ഒഴുകാന്‍ ഹൈബ്രിഡ് അബ്രകളും സജ്ജമാകുന്നു. 20 പേര്‍ക്കിരിക്കാവുന്ന ഹൈബ്രിഡ് അബ്രയുടെ പരീക്ഷണ ഓട്ടം ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്നു.

പരമ്പരാഗത അബ്രകളുടെ രൂപഭാവങ്ങള്‍ നിലനിര്‍ത്തിയാണ് ഹൈബ്രിഡ് അബ്രയും നീറ്റിലിറങ്ങിയത്. ഒരു യാത്രയ്ക്ക് രണ്ടുദിര്‍ഹമാണ് നിരക്ക്. അല്‍ സീഫില്‍ നിന്ന് അല്‍ ഗുബൈബയിലേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈബ്രിഡ് അബ്ര ആദ്യം സര്‍വീസ് നടത്തുക. 26 ലെഡ് ക്രിസ്റ്റല്‍ ബാറ്ററികളും സൗരോര്‍ജ പാനലുകളുമുപയോഗിച്ചാണ് പ്രവര്‍ത്തനം. ബാറ്ററികളുടെ ചൂട് കൂടിയാല്‍ അഗ്‌നിശമനസംവിധാനം തനിയേ പ്രവര്‍ത്തിച്ചുതുടങ്ങും. ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും അബ്രയിലുണ്ട്.

പെട്രോളിലോടുന്ന അബ്രകളെക്കാള്‍ 87 ശതമാനം കുറവാണ് ഹൈബ്രിഡ് അബ്രയുടെ കാര്‍ബണ്‍ ബഹിര്‍ഗമനം. ഇന്ധന ഉപഭോഗമാകട്ടെ 172 ശതമാനം കുറവാണ്. ചുരുക്കത്തില്‍ പരിസ്ഥിതിക്കിണങ്ങുമെന്ന് മാത്രമല്ല ഹൈബ്രിഡ് അബ്രകളുടെ പ്രവര്‍ത്തനച്ചെലവും താരതമ്യേന വളരെ കുറവാണ്.

അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 11 പുതിയ മറൈന്‍ ട്രാന്‍സിറ്റ് സ്റ്റേഷനുകള്‍കൂടി നിര്‍മിക്കാനാണ് ആര്‍.ടി.എ. പദ്ധതിയൊരുക്കുന്നത്. അതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 58 ആകും. ദുബൈ ക്രീക്ക്, ജുമേര ബീച്ച്, ദുബൈ വാട്ടര്‍ കനാല്‍ എന്നിവിടങ്ങളിലെല്ലാം പുതിയ സര്‍വീസുകള്‍ തുടങ്ങും. ദുബായിക്കും ഷാര്‍ജയ്ക്കുമിടയില്‍ ഫെറി സര്‍വീസ് തുടങ്ങാനും ആലോചനയുണ്ടെന്ന് മാതര്‍ അല്‍ തായര്‍ പറഞ്ഞു.

ദുബൈ വാട്ടര്‍ കനാലിന് ഇരുവശവുമുള്ള നിര്‍മാണപദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ജലയാനങ്ങളുടെയും സ്റ്റേഷനുകളുടെയും എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. താമസക്കാര്‍ക്ക് മാത്രമല്ല വിനോദസഞ്ചാരികള്‍ക്കും ഉല്ലാസകരമായ യാത്രയൊരുക്കുകയാണ് ലക്ഷ്യം.