News

ഗള്‍ഫ് ഓഫ് മാന്നാര്‍; ശ്രീലങ്കയോട് അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ ദേശീയോദ്യാനം

21 ദ്വീപുകളില്‍ കടല്‍ക്കാഴ്ചകളുടെ അതിശയങ്ങള്‍ ഒളിപ്പിച്ചു നില്‍ക്കുന്ന ഒന്നാണ് ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനം. സഞ്ചാരികള്‍ അധികം എത്തിപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ ആദ്യത്തെ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്വായ ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനത്തിന്റെ കാഴ്ചകള്‍ കണ്ടാല്‍ ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. സങ്കല്പങ്ങളെക്കാളും വലിയ കാഴ്ചകള്‍ കണ്‍മുന്നിലെത്തിക്കുന്ന മാന്നാര്‍ ഉള്‍ക്കടലിന്റെയും ഇവിടുത്തെ ദേശീയോദ്യാനത്തിന്റെയും വിശേഷങ്ങള്‍

ഇന്ത്യയുടെയും ശ്രീലങ്കയുടെയും അതിര്‍ത്തിയിലുളേള കടലിടുക്കാണ് മാന്നാര്‍ ഉള്‍ക്കടല്‍ അഥവാ ഗള്‍ഫ് ഓഫ് മാന്നാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അത്യപൂര്‍വ്വമായ ജൈവവൈവിധ്യ സമ്പത്താണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ആഴം കുറഞ്ഞ ഈ കടലിടുക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമായാണുള്ളത്. ജൈവ വൈവിധ്യത്തിന്റ കാര്യത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായിട്ടുള്ള സ്ഥലമാണിത്.

മാന്നാര്‍ ഉള്‍ക്കടലില്‍ 21 ചെറു ദ്വീപുകളും പവിഴപ്പുറ്റുകളുമായി ചേര്‍ന്നു കിടക്കുന്ന ഒന്നാണ് മാന്നാര്‍ ഉള്‍ക്കടല്‍ മറൈന്‍ ദേശീയോദ്യാനം. ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങളില്‍ ഒന്നായ ഇത് തമിഴ്‌നാടിന്റെ ഭാഗമാണ്.

തമിഴ്‌നാടിന്റെ കടലോരങ്ങളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മാന്നാര്‍ ഉള്‍ക്കടല്‍ മറൈന്‍ ദേശീയോദ്യാനം തൂത്തുക്കുടിക്കും ധനുഷ്‌കോടിക്കും ഇടയിലാണുള്ളത്. തമിഴ്‌നാട് തീരത്തു നിന്നും 1 മുതല്‍ 10 കിലോമീറ്റര്‍ വരെ അകലത്തിലായി സ്ഥിതി ചെയ്യുന്ന ഇത് 160 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന ഒരു ദേശീയോദ്യാനം കൂടിയാണ്. ഇതിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവ് വരെയും ബഫര്‍ സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.


തെക്കു കിഴക്കന്‍ ഏഷ്യയിലെ തന്നെ ഏറ്റവും ആദ്യത്തെ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്വാണ് ഗള്‍ഫ് ഓഫ് മാന്നാര്‍ ബയോസ്ഫിയര്‍ റിസര്‍വ്വ്. അതുകൊണ്ടുതന്നെ അതിന്റേതായ എല്ലാ പ്രത്യേകതകളും ഇതിനുണ്ട്. കൂടാതെ 2001ല്‍ യുനെസ്‌കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും (മാന്‍ ആന്റ് ബയൊസ്ഫിയര്‍ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയര്‍ റിസര്‍വും ഇതുതന്നെയാണ്.

തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ നടക്കുന്ന ഇടമാണ് ഗള്‍ഫ് ഓഫ് മാന്നാര്‍. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷവും വടക്കു കിഴക്കന്‍ കാലവര്‍ഷവും ഒരുപോലെ എത്തുന്ന സ്ഥലമാണിത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ മഴ അല്പമെങ്കിലും കുറഞ്ഞു നില്‍ക്കുന്ന സമയമാണ്. ഡിസംബറിലാണ് അവിടെ ഏറ്റവും അധികം തണുപ്പ് അനുഭവപ്പെടുന്നത്. ജനുവരി മുതല്‍ മേയ് വരെ ചൂടുകാലമാണ്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയമാണ് കാറ്റ് കൂടുതലായും അടിക്കുന്ന സമയം. സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം ഇങ്ങനെ അടിക്കടി മാറി നില്‍ക്കുന്നകാലാവസ്ഥയുള്ളതുകൊണ്ടു തന്നെ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കുവാന്‍ പറ്റുന്ന ഒരിടമല്ല ഇത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.


രാമേശ്വരത്തു നിന്നും 23 കിമീ, മണ്ഡപത്തു നിന്നും 45 കിമീ, മധുരൈയില്‍ നിന്നും 191 കിമീ, കോയമ്പത്തൂരില്‍ നിന്നും 403 കിമീ, ചെന്നൈയില്‍ നിന്നും 583 കിമീ, ബാഗ്ലൂരില്‍ നിന്നും 626 കിമീ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം.

150 കിലോമീറ്റര്‍ അകലെയുള്ള മധുരൈ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്. മണ്ഡപം-രാമനാഥപുരം, രാമേശ്വരം, തൂത്തുകുടി എന്നിവയാണ് അടുത്തുള്ള മറ്റു റെയില്‍വേ സ്റ്റേഷനുകള്‍.